ADVERTISEMENT

റിയാദ്  ∙ 17 വർഷത്തിലേറെയായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫാറൂഖ് സ്വദേശി അബ്ദുൽറഹീമിനെ, ദയാധനം നൽകി ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള ഉദ്യമവുമായി റഹീം നിയമ സഹായ സമിതി  ഇന്ന്  (ഞായർ) യോഗം ചേരും. വൈകിട്ട് 7.30 ന് ബത്ഹയിലെ അപ്പോളോ ഡി പാലസിലാണ് യോഗം. രാഷ്ട്രീയ,  മത, സാമൂഹിക, സാംസ്കാരിക, കലാ–കായിക, ജീവകാരുണ്യ, മാധ്യമ, നവമാധ്യമ മേഖലകളില്‍ പ്രവർത്തിക്കുന്ന റിയാദിലെ മലയാളികൾ പങ്കെടുക്കും. ദയാധനം നൽകിയാൽ റഹീമിന് മാപ്പ് നൽകാമെന്ന് സൗദി കുടുംബം എംബസിയെ അറിയിച്ച വിവരം എംബസി ഔദ്യോഗീകമായി റഹീമിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. മോചനത്തിന് ആനുകൂലമായ സാഹചര്യമുണ്ടായ പശ്ചാത്തലത്തിലാണ് രണ്ടു വർഷക്കാലമായി ‌ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സമിതി  ഫണ്ട് ശേഖരണത്തിലേക്ക് നീങ്ങുന്നത്. 

2 മാസത്തിനകം സൗദി കുടുംബത്തിന് 33 കോടി രൂപ (1.5 കോടി റിയാൽ) ദയാധനം നൽകിയാൽ  ഫാറൂഖ് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുൽറഹീമിന് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാം. 

സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിൽ അബ്ദുൽറഹീമിന് മാപ്പുനൽകാൻ കുടുംബം സന്നദ്ധമാണെങ്കിലും 1.5 കോടി റിയാൽ ദയാധനം നൽകണമെന്നാണ് ആവശ്യം. 2006 നവംബർ 28ന് 26ാം വയസ്സിൽ ഹൗസ് ഡ്രൈവർ വീസയിൽ റിയാദിലെത്തിയ അബ്ദുൽറഹീമിന് സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്‌രിയുടെ മകനും ചലനശേഷി ഇല്ലാത്തയാളുമായ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.  

കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. 2006 ഡിസംബർ 24ന് അനസിനെയും കൂട്ടി റഹീം വാനിൽ അസീസിയിലെ ഹൈപ്പർ മാർക്കറ്റിലേക്കു പോകവേ ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്തുപോകാൻ ആവശ്യപ്പെട്ട് അനസ് ബഹളംവച്ചു.

നിയമലംഘനം നടത്തില്ലെന്നു പറഞ്ഞ് മുന്നോട്ടുപോകുന്നതിനിടെ അടുത്ത സിഗ്‌നലിൽ എത്തിയപ്പോഴും അനസ് കൂടുതൽ ബഹളം വച്ചു.  അബ്ദുൽറഹീമിന്റെ മുഖത്തേക്കു പല തവണ തുപ്പി.

തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടിയിരുന്നു. യാത്ര തുടരുന്നതിനിടെ അനസിന്റെ ശബ്ദം കേൾക്കാതായതോടെ വാഹനം നിർത്തി നോക്കിയപ്പോഴാണ് അനസ് ചലനമറ്റു കിടക്കുന്നത് കണ്ടത്. തുടർന്ന് മാതൃസഹോദര പുത്രൻ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി കാര്യം പറഞ്ഞതോടെ പൊലീസിൽ വിവരമറിയിച്ചു. റഹീമിനെയും നസീറിനെയും കസ്റ്റഡിയിലെടുത്തു. 10 വർഷത്തിന് ശേഷം നസീർ ജാമ്യത്തിലിറങ്ങി. അബ്ദുൽറഹീം വധശിക്ഷ കാത്ത് അൽഹായിർ ജയിലിലും. സൗദി ഭരണാധികാരിക്കും ദയാഹർജിയും നൽകിയിട്ടുണ്ട്. അതിനിടെ ഇന്ത്യൻ എംബസിയും സഹായ സമിതി അംഗങ്ങളും നടത്തിയ നിരന്തര ഇടപെടലാണ് മാപ്പ് നൽകാൻ കുടുംബം തയാറായത്. ഇത്രയും ഭീമമായ തുക കണ്ടെത്താനുള്ള ശേഷി കുടുംബത്തിനില്ല.  

English Summary:

Abdurahim's release from Saudi jail, legal aid committee meeting today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com