ടിക്കറ്റുകൾ വിറ്റു തീർന്നു, ഹോട്ടലുകൾ നിറഞ്ഞു; ബഹ്റൈന്റെ വീഥികൾ ഈ ആഴ്ച കാറോട്ടപ്രേമികൾ കൈയ്യടക്കും
Mail This Article
മനാമ ∙ രാജ്യത്തെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നായ ഫോർമുല വൺ ഗ്രാൻപ്രിയുടെ തിരക്കുകളിലാണ് ബഹ്‌റൈൻ. മാർച്ച് 2നു നടക്കുന്ന ഫോർമുല വൺ കാറോട്ട മത്സരം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാറോട്ട പ്രേമികളുടെ ഒഴുക്ക് നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞു. ബഹ്‌റൈനിലെ പ്രധാന ഹോട്ടലുകൾ എല്ലാം വളരെ മുൻപ് തന്നെ ബുക്കിങ് അവസാനിച്ചു കഴിഞ്ഞു. ഗ്രാൻപ്രി നേരിട്ട് കാണുന്നതിനുള്ള ടിക്കറ്റുകളും ആഴ്ചകൾക്ക് മുൻപ് തന്നെ വിറ്റു തീർന്നതായി സംഘാടകർ അറിയിച്ചു.
ബഹ്‌റൈനിലെ നിരത്തുകൾ എല്ലാം തന്നെ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ കനത്ത ഗതാഗതക്കുരുക്ക് ഉണ്ടാകാനാണ് സാധ്യത. പ്രധാന റോഡുകളിൽ എല്ലാം ഫോർമുല വണ്ണിന്റെ വരവറിയിച്ചു കൊണ്ടുള്ള കൊടി തോരണങ്ങള്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ബഹ്‌റൈനിലെ ഗ്രാൻപ്രിയുടെ 20–ാം വാർഷികം കൂടിയായ ഈ വർഷം വേറിട്ടതാക്കാൻ സംഘാടകർ നിരവധി കലാ സാംസ്കാരിക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 37 രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവർമാരെ സ്വാഗതം ചെയ്യാനാണ് ബഹ്‌റൈൻ ഇൻ്റർനാഷനൽ സർക്യൂട്ട് ഇത്തവണ സജ്ജമായിട്ടുള്ളത്. ഫെബ്രുവരി 29 വ്യാഴം മുതൽ മാർച്ച് 2 ശനി വരെ നടക്കുന്ന ഗ്രാൻഡ് പ്രിക്ക് "ദി ഹോം ഓഫ് മോട്ടോർസ്‌പോർട്ട് ഇൻ മിഡിൽ ഈസ്റ്റ്" എന്നാണ് മോട്ടോർ സ്പോർട്സ് പ്രേമികൾ നൽകുന്ന വിശേഷണം. നാല് സീരീസുകളിലുമായി മൊത്തം 92 മത്സരാർഥികൾ അതത് ചാമ്പ്യൻഷിപ്പുകളിൽ ഗ്രിഡിൽ അണിനിരക്കും.
∙ ബഹ്‌റൈൻ ഗ്രാൻപ്രി:പ്രത്യേകതകൾ ഏറെ
ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന കാറോട്ട മത്സരമായ ഫോർമുല വൺ ഗ്രാൻപ്രി ബഹ്‌റൈൻ മത്സരം വേറിട്ടതാവുന്നതിന് പല കാരണങ്ങളുമുണ്ട്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഫോർമുല 1 സർക്യൂട്ടാണ് ബഹ്റൈനിലേത് എന്നത് തന്നെയാണ് അതിൽ ഏറ്റവും പ്രധാനം. ലൂയിസ് ഹാമിൽട്ടൺ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ട്രാക്കാണ് ബഹ്‌റൈൻ. ട്രാക്ക് ദൈർഘ്യം 5.412 കിലോമീറ്ററാണ്. ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്ക് 57 ലാപ്പുകൾ പൂർത്തിയാക്കണം എന്ന പ്രത്യേകതയുമുണ്ട്. മക്‌ലാരൻ ഇതുവരെ ബഹ്‌റൈൻ കീഴടക്കിയിട്ടില്ല, ഈ ടീം വിജയിക്കാതെ ശേഷിക്കുന്ന ചുരുക്കം ചില ഫോർമുല വൺ ട്രാക്കുകളിലൊന്നാണ് ബഹ്‌റൈൻ. രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്ന പരിപാടികളിൽ ഒന്നാണ് എന്നതും ഫോർമുല വണ്ണിനെ വേറിട്ടതാക്കുന്നു. നിരവധി ആളുകൾക്ക് നേരിട്ടും അല്ലാതെയും വരുമാനമാർഗ്ഗം ഉണ്ടാക്കി നൽകുന്ന ഇത്തരം പരിപാടികളിൽ നിരവധി പ്രവാസി ബിസിനസുകാരും പങ്കാളികൾ ആകുന്നുണ്ട്. ഇത്തവണ ഗൾഫ് എയറാണ് പ്രധാന പ്രായോജകർ .