ADVERTISEMENT

അബുദാബി ∙ യുഎഇയിൽ തൊഴിലാളികൾക്കു സുരക്ഷിത താമസ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ 1000% വർധന. ലേബർ അക്കമഡേഷൻ സിസ്റ്റത്തിന്റെ പരിഷ്ക്കരിച്ച പതിപ്പു പുറത്തിറക്കവെയാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മാനദണ്ഡം പാലിച്ചാണോ തൊഴിലാളി താമസ കേന്ദ്രം ഒരുക്കിയതെന്നു മിന്നൽ പരിശോധന നടത്തി ഉറപ്പാക്കുന്നതായും മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളുടെ ക്ഷേമവും വർധിപ്പിച്ച് ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനുമുള്ള ഏറ്റവും മികച്ച ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യുഎഇയെ ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി. അമ്പതോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളാണ് റജിസ്റ്റർ ചെയ്യേണ്ടത്. നേരത്തെ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ www.mohre.gov.ae റജിസ്റ്റർ ചെയ്യാനായിരുന്നു നിർദേശമെങ്കിലും ലേബർ അക്കമഡേഷൻ സിസ്റ്റം എന്ന പേരിൽ ഏകീകൃത പ്ലാറ്റ് ഫോം സജ്ജമാക്കിയതോടെ നടപടിക്രമങ്ങൾ എളുപ്പമായി.

മെച്ചപ്പെട്ട തൊഴിൽ, താമസ അന്തരീക്ഷമൊരുക്കി തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനയും നടത്തിവരുന്നു.

താമസ സ്ഥലത്ത് കമ്പനിയുടെ പേര് അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ പ്രദർശിപ്പിക്കുക, വെള്ളം, വെളിച്ചം, വൈദ്യുതി, ശീതീകരണ സംവിധാനം, തുണി അലക്കുന്നതിനും പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ക്യാംപിൽ ഒരുക്കണമെന്നും നിർദേശമുണ്ട്. തീപിടിക്കാത്ത ഉൽപന്നങ്ങളാണ് ക്യാംപ് നിർമാണത്തിന് ഉപയോഗിക്കേണ്ടത്. ഈ സൗകര്യങ്ങൾ ഇല്ലാത്ത ക്യാംപുകൾ റജിസ്റ്റർ ചെയ്യാനും സാധിക്കില്ല.

നിബന്ധന പാലിച്ചില്ലെങ്കിൽ കടുത്ത നടപടി
∙ താമസ സ്ഥലത്ത് ഒരു തൊഴിലാളിക്ക് കുറഞ്ഞത് 3 ചതുരശ്ര മീറ്റർ സ്ഥലം വേണം.
∙ സ്വന്തമായി കിടക്കയും അനുബന്ധ സൗകര്യങ്ങളും നൽകണം. 
∙ ശീതീകരിച്ച മുറി വായുസഞ്ചാരവും വെളിച്ചവും ഉള്ളതായിരിക്കണം.
∙ അലക്കാനും പാചകത്തിനും ഭക്ഷണം കഴിക്കാനും പ്രത്യേക സംവിധാനമുണ്ടാകണം.
∙ അഗ്നിശമന, പ്രതിരോധ സംവിധാനം.
∙ കുടിവെള്ളത്തിന് ഫിൽറ്റർ ചെയ്ത കൂളർ വേണം.
∙ പാചകവാതക സിലിണ്ടറുകൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണം.
∙ മെഡിക്കൽ സർവീസ്, പ്രാർഥനാ മുറികളും ഉണ്ടാകണം. 
∙ 8 പേർക്ക് ഒരു ശുചിമുറി എന്ന നിലയിൽ സൗകര്യമൊരുക്കണം. 
∙ നിബന്ധനകൾ പാലിക്കാത്ത കമ്പനിക്കെതിരെ നടപടിയുണ്ടാകും.

English Summary:

The Ministry of Human Resources and Emiratisation (MoHRE) has launched the new edition of Labour Accommodation System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com