ADVERTISEMENT

ദുബായ്∙ സ്‌കൂളുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നോൽ കാർഡ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി. ആർടിഎയുടെ പൊതുഗതാഗത നിരക്കുകളിൽ 50 ശതമാനം ‌ഇളവും  യുഎഇയിലെങ്ങുമുള്ള വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 70% വരെ  വിലക്കുറവും പ്രമോഷണൽ ഓഫറുകളും വിദ്യാർഥികൾക്ക് ലഭ്യമാകും. പുതിയ നോൽ കാർഡ് പുറത്തിറക്കുന്നതിനുള്ള ആർടിഎയും ഇന്‍റർനാഷനൽ സ്റ്റുഡന്‍റ് ഐഡന്‍റിറ്റി കാർഡ് (ഐഎസ്ഐസി) അസോസിയേഷനും തമ്മിലുള്ള ധാരണാപത്രം ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന മെന(മിഡിൽ ഈസ്റ്റ്–നോർത്ത് ആഫ്രിക്ക) ട്രാൻസ്പോർട് കോൺഗ്രസ് ആന്‍ഡ് എക്സിബിഷനിൽ  ഒപ്പുവച്ചു. ചടങ്ങിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചെയർമാനുമായ മത്തർ അൽ തായർ സംബന്ധിച്ചു.

ആർടിഎയെ പ്രതിനിധീകരിച്ച് ആർടിഎയിലെ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് അൽ മുദർറെബ്, ഐഎസ്ഐസി അസോസിയേഷനെ പ്രതിനിധീകരിച്ച് ജിടിഎസ് അലൈവ് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ മൈക്കൽ ലെസോ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

∙ രാജ്യാന്തര വിദ്യാർഥി തിരിച്ചറിയൽ കാർഡ്
വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടെ എല്ലാ ഉപഭോക്തൃ ഗ്രൂപ്പുകൾക്കും അറിവ് കൈമാറുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ സ്വകാര്യ മേഖലയുമായി സഹകരിക്കാൻ ആർടിഎ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കായി നോൽ കാർഡ് സേവനങ്ങൾ ഉയർത്തുന്നതിന് ഐഎസ് ഐസി അസോസിയേഷനുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇത് വിപുലമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. മെട്രോ, ട്രാം, ബസുകൾ, മറൈൻ എന്നിവയുൾപ്പെടെ ആർടിഎയുടെ പൊതുഗതാഗത ശൃംഖല വഴിയുള്ള വിദ്യാർഥികളുടെ ദൈനംദിന യാത്രകൾ സമ്പന്നമാക്കുന്നതിലാണ് പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റീട്ടെയിൽ സ്‌റ്റോറുകൾ, സ്‌കൂൾ, യൂണിവേഴ്‌സിറ്റി കാന്‍റീനുകൾ എന്നിവിടങ്ങളിൽ പണമടയ്‌ക്കാനും കാർഡ് സഹായിക്കുന്നു. ഇത് ഒരു രാജ്യാന്തര വിദ്യാർഥി തിരിച്ചറിയൽ കാർഡായി പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

∙ കാർഡ് ലഭിക്കാൻ നോൽ പേ ആപ്പ്;രക്ഷിതാക്കൾക്ക് മേൽനോട്ടത്തിന് അവസരം 
നോൽ പേ ആപ്പ് വഴി വിദ്യാർഥികൾക്ക് ഈ കാർഡ് സ്വന്തമാക്കാം. അതിലൂടെ നൽകിയ വിലാസത്തിലേക്ക് കാർഡ് നേരിട്ട് എത്തിച്ചുകൊടുക്കുമെന്ന് അൽ മുദർറെബ് പറഞ്ഞു. പുതിയ നോൽ കാർഡ് വിദ്യാർഥിയുടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനവും വാഗ്ദാനം ചെയ്യുന്നു. കാർഡ് ബാലൻസ് ടോപ് അപ് ചെയ്യുന്നതും അവരുടെ കുട്ടികളുടെ ദൈനംദിന ചെലവ് പരിധികളുടെ മേൽനോട്ടം വഹിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. വിപുലമായ ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമഗ്ര കാർഡ് നൽകുന്നതിനുള്ള ഒരു ചുവടുവയ്പാണ് ഈ നീക്കം.

English Summary:

Dubai: New Nol card to offer up to 70% discounts to students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com