ADVERTISEMENT

ദുബായ് ∙ ദുബായിലെ അൽ സീഫ് പാർക്കിൽ 'ഇന്ത്യ ബൈ ദ് ക്രീക്ക്' (ക്രീക്കിനരികിൽ ഇന്ത്യ) ഫെസ്റ്റിവൽ ഇൗ മാസം 8 മുതൽ 10 വരെ നടക്കും. ഇന്ത്യയും ദുബായ് എമിറേറ്റും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെ ആഘോഷമാണ് പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. എല്ലാവർക്കും സൗജന്യ പ്രവേശനമാണ്.

ദുബായ് സാമ്പത്തിക–വിനോദസഞ്ചാര വകുപ്പിന്റെ പിന്തുണയോടെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ദുബായ്, ടീം വർക്ക് ആർട്‌സ് എന്നിവയുമായി സഹകരിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ അവതരിപ്പിക്കുന്ന പരിപാടി ഇരു രാജ്യങ്ങളുടെയും സുപ്രധാന സാംസ്‌കാരിക നാഴികക്കല്ലായിരിക്കുമെന്ന്  ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. താൻ ദുബായിൽ വരുന്നതിന്  എട്ട് മാസം മുൻപ് തോന്നിയ ആശയമാണ് ഇന്ത്യ ബൈ ദ് ക്രീക്ക് ഫെസ്റ്റിവൽ. വൻവിജയമായ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലും ഈജിപ്തിലെ 'ഇന്ത്യ ബൈ ദ് നൈൽ' ആഘോഷവും പോലെ ഇൗ പരിപാടിയും വൻ വിജയമാകുമെന്നാണ് പ്രതീക്ഷ. യുഎഇയും ഇന്ത്യയും തമ്മിൽ വ്യാപാര വാണിജ്യ താൽപര്യങ്ങൾക്കപ്പുറം വ്യതിരിക്തവും അസാധാരണവുമായ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്കാരവും വൈവിധ്യവും സഹിഷ്ണുതയും ഈ ബന്ധത്തെ സുദൃഢമാക്കുന്നു. ആ ചൈതന്യത്തെയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇത് ഒരു തുടക്കം മാത്രമാണ്. ഇത്തരം കൂടുതൽ കൈമാറ്റങ്ങൾ ഭാവിയിലുമുണ്ടാകും.

ത്രിദിന ആഘോഷം കലാ–സംഗീത മയമാകും

മൂന്ന് ദിവസങ്ങളിലായാണ് ദുബായ് ക്രീക്കിൽ  'ഇന്ത്യ ബൈ ദ് ക്രീക്ക്' ഫെസ്റ്റിവൽ അരങ്ങേറുക. ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള കലാകാരന്മാർ പരസ്പരം സഹകരിച്ച് അവരുടെ സർഗാത്മകത പ്രദർശിപ്പിക്കുന്ന പരിപാടികൾ തത്സമയം അവതരിപ്പിക്കും.  ഇന്ത്യയിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും അവതാരകരും എത്തിച്ചേരും. അക്കാദമിക് വ്യക്തിത്വവും എഴുത്തുകാരനുമായ പുരുഷോത്തം അഗർവാൾ, ഗായിക മാലിനി അവസ്തി, സംഗീതജ്ഞൻ മുഹമ്മദ് മുനീം അലിഫ്, മുൻ നയതന്ത്രജ്ഞനും യുഎഇയിലെ സ്ഥാനപതിയും എഴുത്തുകാരനുമായ നവദീപ് സൂരി,  ഗായിക സോനം കൽറ എന്നിവരെ കൂടാതെ ഇന്ത്യൻ ഓഷ്യൻ എന്ന ഇതിഹാസ ബാൻഡും പങ്കെ‌ടുക്കും. 

ഉച്ച മുതൽ രാത്രി വരെയാണ് കലാപരിപാടികൾ. മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന സമ്പന്നമായ ചരിത്രമുള്ള ടീം വർക്ക് ആർട്‌സ് 72 നഗരങ്ങളിലും 26 രാജ്യങ്ങളിലുമായി 33-ലേറെ ഫെസ്റ്റിവലുകൾ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. സാംസ്‌കാരിക കലണ്ടറിലെ വാർഷിക പരിപാടിയായി മാറുന്ന ഇന്ത്യയും ദുബായും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കാനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് ടീം വർക്ക് ആർട്ട്‌സിന്റെ മാനേജിങ് ഡയറക്ടർ സഞ്ജയ് കെ. റോയ് പറഞ്ഞു. ക്രീക്ക് ഫെസ്റ്റിവലിന്റെ സ്പോൺസർ ആകുന്നതിൽ അഭിമാനമുണ്ടെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ സിഒഒ രമേഷ് സിഡംബി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com