ADVERTISEMENT

മസ്‌കത്ത് ∙ ഒമാൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനൊന്നാമത് മസ്‌കത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും. ഒമാൻ ഫിലിം സൊസൈറ്റിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് അധ്യക്ഷനായിരിക്കും. ലീഡ്‌സ് യൂണിവേഴ്‌സിറ്റി മുൻ പ്രഫസറും ഓസ്‌കാർ നോമിനിയുമായ ഡി ഒ പി ഫിലിപ്പ് റോബർറ്റ്‌സൻ, കാൻ ഫിലിം ഫെസ്റ്റിവൽ ഡയറക്‌റ്റേഴ്‌സ് ഫൊറ്റ്‌നൈറ്റിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന മേരി പെറി മാസിയ എന്നിവർക്കൊപ്പം അറബ് സിനിമാ ലോകത്തെ പ്രശസ്തരായ 40ഓളം അതിഥികൾ മേളയുടെ ഭാഗമാകും.

ഒമാനിലെ സിനിമാ നിർമാണത്തിനും അറബ് സിനിമാ വ്യവസായത്തിനും മുൻതൂക്കം നൽകുന്ന പരിപാടികളാണ് ഇത്തവണ ചലച്ചിത്രോത്സവം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാൾ ഓഫ് ഒമാനിലും ഗ്രാന്‍റ് മാളിലും പ്രദർശിപ്പിക്കുന്ന ഫീച്ചർ മത്സര ചിത്രങ്ങളിൽ മൊറോക്കൊ, ഇറാൻ, ഇറാഖ്, തുനീസയ, ലിബിയ, ബഹ്‌റൈൻ, ഈജിപ്ത്, കുവൈത്ത്, സിറിയ എന്നീ രാജ്യങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്ന് രണ്ട് മലയാള ചിത്രങ്ങളും മത്സരത്തിനുണ്ട്.

ഫീച്ചർ മത്സര വിഭാഗത്തിലെ ഏക ഒമാനി സിനിമയുടെ സംവിധായിക ഒമാനിൽ ജനിച്ചു വളർന്ന മലയാളിയായ നിലാഞ്ജനയാണ്. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കലിഫോർണിയയിൽ സിനിമറ്റിക് ആർട്ട് വിദ്യാർഥിനിയാണ്. 170 സിനിമകളിൽ നിന്നും തിരഞ്ഞെടുത്ത 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. ഒമ്പത് ഡോക്യുമെന്‍ററികളും 47 ചെറു സിനിമകളും മത്സര വിഭാഗത്തിലുണ്ട്.

റെഡ് കാർപെറ്റ് സ്‌ക്രീനിങ് ചിത്രങ്ങളിൽ 2023 കാൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രമായ, ഒൻപത് ഓസ്‌കാർ നോമിനേഷനുകൾ ലഭിച്ച "അനാറ്റമി ഓഫ് എ ഫോൾ' ആദ്യ ദിവസം പ്രദര്‍ശിപ്പിക്കും.  ഒമാനിൽ ചിത്രീകരിച്ച രാസ്ത, മലയാളിയായ സോഹൻ റോയിയുടെ ഡാം 999 എന്നിവ മത്സര വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നും ഡോക്യുമെന്‍ററി വിഭാഗത്തിൽ ദേശീയ പുരസ്‌കാരവും ഗ്രീൻ ഓസ്‌കാറും ലഭിച്ച  എലഫന്‍റും പ്രദർശനത്തിനുണ്ട്. നാല്, അഞ്ച്, ആറ് തീയതികളിൽ വർക്ക്‌ഷോപ്പുകളും ഒമാനിലെ ചലച്ചിത്ര പ്രവർത്തകർക്കായുള്ള അറബ് വുഡ് ആശയത്തിന്‍റെ സിംപോസിയവും അരങ്ങേറും.

English Summary:

Muscat Film Festival Kicks Off Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com