ADVERTISEMENT

ദുബായ് ∙ റമസാൻ വ്രതാരംഭത്തിന് മുന്നോടിയായുള്ള വെള്ളിയാഴ്ച പ്രാർഥനയിൽ പുണ്യമാസത്തെ ഭക്തിപൂർവം സ്വീകരിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പള്ളികളിലെ പ്രാർഥനകളിൽ റമസാൻ മാസത്തെ വരവേൽക്കുന്നതിനുള്ള സന്ദേശങ്ങളാണ് മുഴങ്ങിയത്. പുണ്യപ്രവൃത്തികൾക്കുള്ള സമയം ഉപയോഗിക്കാൻ ഇമാമുമാർ ആവശ്യപ്പെട്ടു. അനുഗ്രഹങ്ങൾ നിറഞ്ഞ രാപകലുകളുടെ ദിനങ്ങളാണ് വരുന്നത്. ഈ മാസം ജീവിക്കാൻ അവസരം ലഭിച്ചിട്ടും പാപമോചനം ലഭിക്കാതിരുന്നാൽ വലിയ നഷ്ടമായിരിക്കുമെന്നും ഖുർആൻ ഉദ്ധരിച്ച് ഇമാമുമാർ പറഞ്ഞു. 

വ്രതമെടുക്കാൻ മാത്രമുള്ളതല്ല റമസാൻ മാസം. ഒരു ദിവസം ഒരു ദിർഹമെങ്കിലും ദാനം ചെയ്ത് പുണ്യങ്ങളുടെ എണ്ണം കൂട്ടണം. ഖുർആൻ പാരായണം ചെയ്യാനും അതിലെ ആശയങ്ങളെക്കുറിച്ചു ചിന്തിക്കാനും സമയം കണ്ടെത്തണം. നോമ്പ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും കുടുംബങ്ങൾ ഒരുമിച്ചിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണവും പാനീയവും പരിധി വിടരുത്. പട്ടിണി കൊണ്ട് പ്രയാസപ്പെടുന്നവരോട് സഹാനുഭൂതി കാട്ടണം. മിതവ്യയവും മിതമായ ഭക്ഷണവും ശീലമാക്കണം. ജല ഉപയോഗത്തിൽ മിതത്വം കൊണ്ടുവരാനും മികച്ച ജല ഉപഭോഗ സംസ്കാരം രൂപപ്പെടുത്താനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആവിഷ്കരിച്ച പദ്ധതിയോടു നീതി പുലർത്താൻ ജനങ്ങൾക്ക് കഴിയണം. 

ഈ ദിവസങ്ങളിലെ അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് പുറത്തു പോകുന്നതു സൂക്ഷിച്ചു വേണമെന്നും ഇമാമുമാർ നിർദേശിച്ചു. ദേശീയ ദുരന്തനിവാരണ വകുപ്പിന്റെ നിർദേശപ്രകാരമാണ് പള്ളികളിൽ പ്രത്യേക അറിയിപ്പുണ്ടായത്. കാലാവസ്ഥ സംബന്ധിച്ചുള്ള അറിയിപ്പുകൾ ഔദ്യോഗിക വകുപ്പുകളിൽ നിന്ന് മാത്രം സ്വീകരിക്കുക. വ്യാജ വിവരങ്ങളും വാർത്തകളും പ്രചരിപ്പിക്കരുത്. സമൂഹ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന സർക്കാർ ഉദ്യോഗസ്ഥരോടും സ്ഥാപനങ്ങളോടും സഹകരിക്കണമെന്നും മതനേതാക്കൾ പറഞ്ഞു. 

റമസാൻ മാസത്തെ ആരാധനകൾക്ക്  മതകാര്യ വകുപ്പിനു കീഴിലുള്ള 5276 മസ്ജിദുകൾ ഒരുങ്ങിയതായി മതകാര്യ വകുപ്പ് തലവൻ ഡോ.ഉമർ ഹബ്തൂർ അറിയിച്ചു. 9 അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിൽ നിന്നുള്ള 20 പണ്ഡിതർ നാളെ മുതൽ പ്രത്യേക ക്ഷണപ്രകാരം യുഎഇയിൽ എത്തും. യുഎഇ പ്രസിഡന്റിന്റെ അതിഥികളായാണ് ഇവർ റമസാനിലെ പ്രത്യേക പരിപാടികളിൽ സംബന്ധിക്കുക. പ്രസിഡന്റിന്റെ നിർദേശ പ്രകാരം റമസാനിൽ ഒരു ലക്ഷം ഖുർആൻ പ്രതികൾ വിതരണം ചെയ്യും.

∙ മാസപ്പിറവിക്ക് നാളെ സാധ്യത
നാളെ വൈകുന്നേരത്തോടെ ചന്ദ്രപ്പിറവിക്കു സാധ്യതയുണ്ടെന്നും റമസാൻ മാസത്തിനു തുടക്കം നാളെ പ്രതീക്ഷിക്കാമെന്നും യുഎഇ ചന്ദ്രനിരീക്ഷണ കമ്മിറ്റി. എല്ലാ മുസ്‌ലിംകളും ചന്ദ്രപ്പിറവി പ്രതീക്ഷിക്കണം. ഈ മാസം 29ന് റമസാൻ ചന്ദ്രനെ കാണുമെന്നാണ് പ്രവചനം. മാസപ്പിറവി കണ്ടാൽ അറിയിക്കണം. ഫോൺ: 026921166  സൗദിയിലും നാളെയാണ് മാസപ്പിറവി പ്രതീക്ഷിക്കുന്നത്. 

∙ തടവുകാർക്ക്  മോചനം
റമസാൻ ആരംഭത്തിനു മുന്നോടിയായി ദുബായിൽ 691 തടവുകാർക്കും ഷാർജയിൽ 484 പേർക്കും മോചനം. തടവു കാലത്തെ പ്രതികളുടെ സ്വഭാവമാണ് മോചനത്തിനു മാനദണ്ഡമാക്കിയത്. തടവുകാർക്ക് പുതിയ ജീവിതം തുടങ്ങാനും സമൂഹത്തിൽ മാതൃ‍കയാകാനും സാധിക്കട്ടേയെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. തടവുകാർ എത്രയും വേഗം കുടുംബവുമായി ചേരട്ടേയെന്ന്  ഷാർജ ഭരണാധികാരി  ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആശംസിച്ചു.

English Summary:

Thursday First Day of Ramadan in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com