ADVERTISEMENT

ഷാർജ ∙ റമസാനിൽ കാഴ്ചയുടെ വിരുന്നൊരുക്കി ഷാർജയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും ഒരുക്കിയിരിക്കുന്നത്. റമസാൻ മാസത്തിന്റെ ആത്മീയ അന്തരീക്ഷവും സാംസ്കാരിക പൈതൃകവും നിറയുന്ന റമസാൻ നൈറ്റ്സ് 22 മുതൽ 24 വരെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടക്കും. സം​ഗീതത്തിന്റെയും പ്രത്യേക അലങ്കാരവെളിച്ചങ്ങളുടെയും അകമ്പടിയോടെയാണ് അൽ മജാസ് വാട്ടർഫ്രണ്ടിലെയും ഖോർഫക്കാൻ ബീച്ചിലെയും പരിപാടികൾ. പ്രത്യേക റമസാൻ മാർക്കറ്റ്, ഭക്ഷണ കേന്ദ്രങ്ങൾ, തത്സമയ സം​ഗീതപരിപാടി എന്നിവയടങ്ങിയതാവും ഈ ദിവസങ്ങളിൽ അൽ ഹിറ ബീച്ചിലെ റമസാൻ നൈറ്റ്. രാത്രി 9 മുതൽ 11 വരെയാണ് പരിപാടികൾ. പ്രവേശനം സൗജന്യമാണ്.

പ്രത്യേക ബാർബക്യു നോമ്പുതുറയും അറബിക് സം​ഗീതവും കൂടെ പാർക്കിലെ വിശേഷങ്ങളുമെല്ലാം സമ്മേളിപ്പിച്ചാണ് അൽ മുൻതസ പാർക്കിലെ റമസാൻ രാവുകൾ ഒരുക്കിയിട്ടുള്ളത്. അസ്തമയ സമയം തൊട്ട് രാത്രി ഒരു മണി വരെ നീളുന്ന ആഘോഷരാവിനായി പാർക്ക് പ്രത്യേകം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ബുക്കിങ് അടിസ്ഥാനത്തിലാണ് ഇവിടേക്കുള്ള പ്രവേശനം. 

അൽ മുൻതസ പാർക്ക്.
അൽ മുൻതസ പാർക്ക്.

വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ നോമ്പുതുറകളാണ് ഷാർജയിലെ മറ്റൊരു വിശേഷം. ഖാലിദ് തടാകക്കരയിൽ അലങ്കാരവിളക്കുകളുടെ അകമ്പടിയോടെ ഷാർജ ന​ഗര മേലാപ്പും ആസ്വദിച്ച് നോമ്പ് തുറക്കാനുള്ള അവസരമാണ് അൽനൂർ ദ്വീപിലെ ‘ഇഫ്താർ ബൈ ദ് ബേ’. പരമ്പരാ​ഗത രുചികൾ ആസ്വദിക്കുന്നതോടൊപ്പം ദ്വീപിലെ വിശേഷകാഴ്ചകൾ ആവോളം ആസ്വദിക്കാനും സന്ദർശകർക്ക് അവസരമുണ്ടാകും. ചിത്രശലഭ വീട്ടിലേക്കും കുട്ടികൾക്കായുള്ള കളിയിടത്തിലേക്കും ദ്വീപിലെ ആർട്ട് ഇൻസ്റ്റലേഷനുകളിലേക്കുമെല്ലാം നടന്നെത്താം. രാത്രി 9 മണി മുതൽ ​ഗൈഡിന്റെ സഹായത്തോടെ വാനനിരീക്ഷണം നടത്താനും അവസരവുമുണ്ട്. 

മലീഹ റമസാൻ സ്റ്റാർ ലോഞ്ച്.
മലീഹ റമസാൻ സ്റ്റാർ ലോഞ്ച്.

‘റമസാൻ സ്റ്റാർ ലോഞ്ച്’ ആണ് മെലീഹ ആർക്കിയോളജി കേന്ദ്രത്തിലെ വിശേഷം. ആകാശക്കാഴ്ചകളാസ്വദിച്ച് തണുപ്പുകാറ്റും കൊണ്ട് മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ ഇഫ്താർ ടെന്റിൽ പരമ്പരാ​ഗത രുചികൾ ആസ്വദിക്കാം. പ്രത്യേകം തയാറാക്കിയ രുചികളോടൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള നിരവധി കളികളും വാനനിരീക്ഷണവും കൂടെ ചെറിയ നേരത്തേക്കുള്ള കുതിരസവാരിയും സൗജന്യമായി ആസ്വദിക്കാം. യുഎഇയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റിലെ പ്രത്യേക ഇഫ്താർ വിരുന്നാണ് ഹാർട്ട് ഓഫ് ഷാർജ പൈതൃകകേന്ദ്രത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്. സൂഖ് അൽ അർസ, സൂഖ് അൽ ഷനാസിയ, സൂഖ് അൽ സഖ്‍ർ എന്നീ പരമ്പരാ​ഗത മാർക്കറ്റുകളെ പരിചയപ്പെടുന്നതോടൊപ്പം  ഷാർജ തടാകത്തിലൂടെ ബോട്ട് യാത്രയും ആസ്വദിക്കാം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി എന്ന discovershurooq.ae വെബ്സൈറ്റ് സന്ദർശിക്കാം. 065 112555 (ഹാർട്ട് ഓഫ് ഷാർജ), 065 067000 (അൽ നൂർ ഐലൻഡ്) 068 021111 (മെലീഹ ആർക്കിയോളജിക്കൽ സെന്റർ) എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

English Summary:

Feast of Sights; Sharjah Dressed up for Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com