ADVERTISEMENT

മനാമ ∙ ബഹ്‌റൈനിൽ ജോലി ചെയ്യുന്നതിനിടെ അപകടം സംഭവിച്ച് സൽമാനിയ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി  'ഹോപ്പിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. ബഹ്‌റൈനിലെ സ്വകാര്യ സ്‌ഥാപനത്തിൽ കാർപെന്ററായി ജോലി ചെയ്‌തിരുന്ന കണ്ണൂർ സ്വദേശി രാജീവനാണ് കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്.

2023 ഡിസംബറിൽ ജോലിക്കിടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ  മൂന്നാമത്തെ നിലയിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ താഴെ വീണ് രാജീവന്റെ നട്ടെല്ലിൽ സ്റ്റീൽ കുത്തിക്കയറുകയായിരുന്നു. ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസവും ഹോപ്പ് പ്രവർത്തകരാണ് അദ്ദേഹത്തിന് സഹായങ്ങള്‍ ചെയ്തിരുന്നത്. വീൽ ചെയറിൽ യാത്ര ചെയ്യാൻ സാധിച്ചതിന് ശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ദൗത്യം ഹോപ്പ് ആരംഭിച്ചത്. ഹോപ്പ് അംഗങ്ങളിൽ നിന്നും സമാഹരിച്ച 2.40 ലക്ഷം രൂപയും നൽകി. ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീം അംഗങ്ങളായ സാബു ചിറമേൽ, പുഷ്‌പരാജൻ, ഫൈസൽ പട്ടാണ്ടി, അഷ്‌കർ പൂഴിത്തല എന്നിവർ ഹോപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  

കമ്പനിയിൽ നിന്നും ഇൻഷുറൻസിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ബഹ്‌റൈനിലെ സാമൂഹികപ്രവർത്തകരുടെ നിരന്തരമായ ഇടപെടലും ഫലം കണ്ടു. കമ്പനി ഉടമ, ഗോസി, മെഡിക്കൽ കമ്മീഷൻ, സൽമാനിയ ഹോസ്പിറ്റൽ, ഇന്ത്യൻ എംബസി തുടങ്ങി എല്ലാവരുമായും നിരന്തരമായി ഇടപെട്ടു. മെഡിക്കൽ കമ്മീഷന്റെ പരിശോധനയിൽ രാജീവൻ 95 ശതമാനം ഡിസേബിൾ ആണെന്ന് കണ്ടെത്തുകയും 8275 ദിനാർ ഇൻഷുറൻസ് തുക അനുവദിക്കുകയും ചെയ്‌തു. പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത്, ഐ സി ആർ എഫ് പ്രതിനിധികളായ കെ ടി സലിം, സുബൈർ കണ്ണൂർ എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കണ്ണൂർ എയർപോർട്ടിൽ നിന്നും  നോർക്കയുടെ ആംബുലസിൽ രാജീവനെ തണൽ സെന്ററിൽ എത്തിച്ചു. തണലിൽ ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ കാര്യങ്ങൾ സാമൂഹിക പ്രവർത്തകനായ നജീബ് കടലായി ഏകോപിപ്പിച്ചു.  

രാജീവൻ സുരക്ഷിതമായി നാട്ടിൽ എത്തിച്ചേർന്ന് തുടർചികിത്സ ആരംഭിക്കാൻ സാധിച്ചതിൽ  സന്തോഷമുണ്ടെന്നും, ഇതിനോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സാമൂഹിക പ്രവർത്തകർ അറിയിച്ചു.

English Summary:

Kannur native returned home - Hope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com