ADVERTISEMENT

ദുബായ് ∙ ഇരുപത്തിയേഴാമത് ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ് ബഹ്റൈൻ പൗരൻ മുഹമ്മദ് അൽ അംരിക്ക്. ലിബിയ സ്വദേശി നാജി ബിൻ സ്‍ലിമാന് രണ്ടാം സ്ഥാനവും ഗാംബിയ സ്വദേശി ഷെയ്ഖ് തിജാൻ അംബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ 10 സ്ഥാനങ്ങളിൽ എത്തിയവർക്കും പ്രത്യേക പുരസ്കാരമുണ്ട്. വിജയികൾക്ക് ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ഖുർആൻ വ്യാകരണത്തെറ്റില്ലാതെ സ്വരമാധുരിയോടെ മനഃപാഠമായി പാരായണം ചെയ്യുന്നത് പരിശോധിച്ചാണ് വിജയികളെ കണ്ടെത്തിയത്. ജേതാവിന് 2.5 ലക്ഷം ദിർഹമാണ് സമ്മാനം. രണ്ടാം സ്ഥാനത്തെത്തുന്നയാൾക്ക് 2 ലക്ഷം ദിർഹമും മൂന്നാം സ്ഥാനക്കാരന് ഒന്നര ലക്ഷം ദിർഹമും ലഭിക്കും. 65,000, 60,000, 55,000, 50,000, 45,000, 40,000, 35,000 ദിർഹം വീതമാണ് യഥാക്രമം 4 മുതൽ 10 സ്ഥാനങ്ങളിൽ എത്തുന്നവർക്കുള്ള സമ്മാനത്തുക. പങ്കെടുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നൽകിവരുന്നു. 

ഷെയ്ഖ ഹിന്ദ് ഇസ്‍ലാമിക വ്യക്തിത്വം
ദുബായ് രാജ്യാന്തര ഹോളി ഖുർആൻ മത്സരത്തോടനുബന്ധിച്ച് നൽകിവരുന്ന ഇസ്‍ലാമിക് പഴ്സനാലിറ്റി ഓഫ് ദ് ഇയർ അവാർഡ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന് സമ്മാനിച്ചു. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇസ്‍ലാമിനും നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. 

ദുബായ് കൾചറൽ ആൻഡ് സയന്റിഫിക് അസോസിയേഷൻ ഹാളിലായിരുന്നു പുരസ്കാര സമർപ്പണം. ഷെയ്ഖ ഹിന്ദിന്റെ അസാന്നിധ്യത്തിൽ ഷെയ്ഖ് സഈദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം ഏറ്റുവാങ്ങി.

English Summary:

27th Dubai International Quran Award to Mohammed Al Ammri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com