ADVERTISEMENT

ദുബായ് ∙ ഇഫ്താർ പാർട്ടികളും കിറ്റ് വിതരണവും സജീവമായതോടെ കുടിവെള്ളത്തിന്റെയും ജ്യൂസിന്റെയും വിൽപന കുതിച്ചുയർന്നു. റമസാൻ തുടങ്ങിയതിനു പിന്നാലെ കുപ്പിവെള്ളത്തിന്റെ വിൽപനയിൽ 400% വർധനയുണ്ടായി. സമൂഹ നോമ്പുതുറയിലും വിവിധ സന്നദ്ധ സംഘടനകളുടെ ഇഫ്താർ കിറ്റിലും കുടിവെള്ളമുണ്ട്. സാമൂഹിക സേവന പദ്ധതികൾ ഇരട്ടിയായതോടെയാണ് വിൽപന ഉയർന്നതെന്ന് കുടിവെള്ള കമ്പനികളുടെ പ്രതിനിധികൾ പറയുന്നു.   

വ്യക്തികളും കുടുംബങ്ങളും വാങ്ങുന്നതിനു പുറമെ സർക്കാർ വകുപ്പുകളും സർക്കാരിന്റെ ഭാഗമായ സന്നദ്ധ സംഘടനകളും അടക്കം ടൺ കണക്കിനാണ് കുടിവെള്ളവും ശീതളപാനീയങ്ങളും ദിവസവും  വാങ്ങുന്നത്. സ്വദേശികളുടെ റമസാൻ മജ്‌ലിസുകളിലും തമ്പുകളിലേക്കും വൻതോതിൽ കുടിവെള്ളമെത്തുന്നു. രാജ്യത്തു 15 കമ്പനികളാണ് പ്രധാനമായും കുപ്പിവെള്ളം വിതരണം ചെയ്യുന്നത്. ആവശ്യക്കാരുടെ താൽപര്യത്തിനു അനുസരിച്ച് ഏതു വലുപ്പത്തിലും വിലയിലും വെള്ളവും ജ്യൂസും സുലഭം. 6, 12, 24, 30, 48 കുപ്പികൾ അടങ്ങുന്ന പെട്ടികളും പാക്കറ്റുകളുമാണ് വിപണിയിലുള്ളത്.  ജ്യൂസും വെള്ളവും നോമ്പ് തുറയ്ക്ക് ഒഴിവാക്കാൻ കഴിയാത്തതിനാലാണ് വിൽപന ഉയർന്നതെന്ന് ഷാർജ സഹകരണ സ്ഥാപനങ്ങളിൽ റമസാൻ കിറ്റുകളുടെ ചുമതലയുള്ള റാഷിദ് ബിൻ ഹുവൈദൻ പറഞ്ഞു. വെള്ളത്തിൽ സോഡിയത്തിന്റെ തോത് നന്നേ കുറച്ചാണ് ഉൽപാദനം. മുൻപ് വീട്ടിലെ ആവശ്യത്തിനു മാത്രം വെള്ളവും ജ്യൂസും വാങ്ങിയിരുന്നവർ റമസാനിൽ മറ്റുള്ളവർക്ക് നൽകാനും വാങ്ങുന്നു. ആരാധനാലയങ്ങളിൽ വ്രതം കഴിയും വരെ സൗജന്യമായാണ് സംഘടനകൾ കുടിവെള്ളം നൽകുന്നത്.

റമസാൻ അവസാന പത്തിലേക്ക് കടക്കുമ്പോൾ പുലരുവോളം ആളുകൾ ആരാധനകളിൽ മുഴുകും. വരുംദിവസങ്ങളിൽ കുടിവെള്ളത്തിന്റെ ആവശ്യം വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കുടിവെള്ള കമ്പനികൾ വിലക്കുറവും പ്രഖ്യാപിച്ചു.

English Summary:

400% increase in sales of bottled water in Dubai - Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com