മക്കയിലും മദീനയിലും ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പ്
Mail This Article
ജിദ്ദ ∙ സൗദി അറേബ്യയില്‍ ലുലു റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. മക്കയില്‍ ഇന്നലെ നടന്ന പുതിയ പദ്ധതികളുടെ കരാര്‍ ഒപ്പിടല്‍ ചടങ്ങിനു ശേഷം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മക്ക ജബല്‍ ഒമറിലെ സൂഖുല്‍ ഖലീല്‍ 3 ൽ ആരംഭിക്കുന്ന സംരംഭം ജബല്‍ ഒമര്‍ ഡവലപ്‌മെന്റ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. നിര്‍ദിഷ്ട പദ്ധതികളുടെ സംയുക്ത കരാറില്‍ ഒപ്പ് വച്ചു. ഏഴു ഘട്ടങ്ങളിലായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന ഇവിടെ നക്ഷത്രഹോട്ടലുകളും മികച്ച അപാര്‍ട്ടുമെന്റുകളും ഉയരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകരുടെ സൗകര്യം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണിത്.
മദീനയിലാരംഭിക്കുന്ന ലുലു സംരംഭത്തിന് അല്‍മനാഖ അര്‍ബന്‍ പ്രൊജക്ട് ഡവലപ്‌മെന്റ് കമ്പനിയാണ് നേതൃത്വം വഹിക്കുന്നത്. മദീനാ ലുലു 23,260 ചതുരശ്ര അടി വിസ്തൃതിയിലായിരിക്കും ഉയരുക. റീട്ടെയിൽ വ്യവസായത്തിൽ മുൻനിരയിലുള്ള ലുലുവിൻ്റെ സാന്നിധ്യം ഇരട്ട പ്രൊജക്ടുകളായ മക്ക, മദീന ഷോപ്പിങ് പദ്ധതികൾ വന്‍വിജയമായിരിക്കുമെന്ന് ജബല്‍ ഒമര്‍, അല്‍മനാഖ അര്‍ബന്‍ എന്നീ കമ്പനികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതുതായി വരുന്ന റീട്ടെയിൽ പദ്ധതികൾ തനിക്ക് അതിയായ ചാരിതാര്‍ഥ്യം പകരുന്നുവെന്ന് അഭിപ്രായപ്പെട്ട എം.എ. യൂസഫലി, സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോടുമുള്ള കൃതജ്ഞത അറിയിച്ചു.
ലുലു ഗ്രൂപ്പ് ജിദ്ദ റീജനല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദലി, മറ്റ് ലുലു സാരഥികള്‍ തുടങ്ങിയവരും കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു. സൗദിയിലെ വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിലായി 1,100 സൗദി വനിതകളുള്‍പ്പെടെ മൊത്തം 3,300 സൗദികള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. പുതിയ ഈ രണ്ട് പദ്ധതികള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കും.