'ഏഴ് രാത്രികൾ' ഡിസംബർ 13ന് അരങ്ങിലെത്തും

Mail This Article
മസ്‌കത്ത് ∙ തീയറ്റർ ഗ്രൂപ്പിന്റെ എട്ടാമത് നാടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ലോക നാടകദിനമായ മാർച്ച് 27ന് മസ്‌കത്തിലെ നാടക പവർത്തകരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു. ആക്ഷേപ ഹാസ്യരൂപത്തിലുള്ള "ഏഴ് രാത്രികൾ' ഡിസംബർ 13 വെള്ളിയാഴ്ച അൽ ഫലജ് ഹോട്ടലിൽ അരങ്ങേറും. കാലടി ഗോപി രചന നിർവഹിക്കുന്ന നാടകത്തിന്റെ രംഗഭാഷ ഒരുക്കുന്നത് അൻസാർ ഇബ്‌റാഹിം ആണ്. ആർട്ടിസ്റ്റ് കലാരത്‌ന സുജാതൻ മാസ്റ്റർ രംഗപടവും, പ്രഫ. ഏറ്റുമാനൂർ സോമദാസൻ ഗാനരചനയും എം കെ അർജുനൻ സംഗീത സംവിധാനവും ഒരുക്കുന്നു.അനശ്വര കഥാപത്രങ്ങളായ പാഷാണം വർക്കിയും ചട്ടുകാലി മറിയവും കൂനൻ പരമവുമെല്ലാം പ്രവാസ ലോകത്തിലെ കലാകാരന്മാരിലൂടെ പുനർജനിക്കുവാൻ ഒരുങ്ങുന്നത് മസ്‌കത്തിലെ നാടക ആസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്.
സംവിധായകൻ അൻസാർ ഇബ്രാഹിം ലോക നാടക ദിനത്തിൽ നാടക പ്രഖ്യാപനം നടത്തി. തീയേറ്റർ ഗ്രൂപ്പ് മസ്‌കത്തിന്റെ കോർ കമ്മിറ്റി അംഗങ്ങളായ അനിൽ കടക്കാവൂർ, അൻസാർ അബ്ദുൽ ജബ്ബാർ, സുധ രഘുനാഥ്, ഉദയൻ തൃക്കുന്നപ്പുഴ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിങ് കൺവീനർ അജിത് വാസുദേവൻ, കേരള വിങ് കോ കൺവീനർ കെ വി വിജയൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നിരവധിപേർ സംബന്ധിച്ചു.