ADVERTISEMENT

ദുബായ് ∙ ദുബായിലെ തൊഴിലാളികൾക്ക് വേണ്ടി വർഷം തോറും നാല് വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ–ദുബായ് എമിഗ്രേഷൻ) പ്രഖ്യാപിച്ചു. റമസാൻ പെരുന്നാൾ (ഈദുൽ ഫിത്ർ), ബലിപെരുന്നാൾ( ഈദുൽ അദ്ഹ), ലോക തൊഴിലാളി ദിനം, പുതുവത്സര ദിനം എന്നിവയോടനുബന്ധിച്ചായിരിക്കും ബ്ലൂ-കോളർ തൊഴിലാളികൾക്ക് പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുക. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശപ്രകാരമാണ് പരിപാടിയെന്ന്  ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.  യുഎഇയും ദുബായ് എമിറേറ്റും കൈവരിച്ച വൻ പുരോഗതിയിലും വികസനത്തിലും തൊഴിലാളി സമൂഹം നൽകിയ മഹത്തായ സംഭാവനകളെ അംഗീകരിക്കുന്നതിനാണ് ഈ ആഘോഷങ്ങൾ.

∙ ഞങ്ങൾ ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കുന്നു​
ഈ വർഷത്തെ പെരുന്നാളാഘോഷങ്ങൾ ഈ മാസം 7 മുതൽ 12 വരെ ദുബായിൽ നടക്കും. 'ഞങ്ങൾ ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കുന്നു' എന്ന പ്രമേയത്തിൽ ജബൽ അലി, അൽഖൂസ്, മുഹൈസിന എന്നിവിടങ്ങളിലാണ് പരിപാടികൾ നടക്കുക. സംഗീതം, കല, കായിക പ്രകടനങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ ഉണ്ടാകും. കാറുകൾ, സ്വർണ നാണയങ്ങൾ, സ്മാർട്ട് ഫോണുകൾ, ഡിസ്കൗണ്ട് കാർഡുകൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങളും തൊഴിലാളികളെ കാത്തിരിക്കുന്നു.

four-anniversary-celebrations-will-organized-annually-for-workers-in-dubai2
Image Credit: GDRFA

പ്രാദേശിക ഭക്ഷ്യവസ്തുക്കൾ, കരകൗശല വസ്തുക്കൾ, തൊഴിലാളികൾ നിർമ്മിച്ച ഉൽപന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ലേബർ മാർക്കറ്റും   ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും. കൂടാതെ, ക്രിക്കറ്റ്, ബാഡ്മിന്‍റൺ, വോളിബോൾ, ഫുട്ബോൾ, ബാസ്കറ്റ്ബോൾ എന്നിവ ഉൾപ്പെടുന്ന കായിക ടൂർണമെന്‍റുകളുടെ സൗഹൃദ മത്സരവും നടക്കുന്നതാണ്. തൊഴിലാളികളുടെ  അറിവ് വർധിപ്പിക്കുന്നതിനും മൂല്യവത്തായ ഉൾക്കാഴ്‌ചകൾ നൽകുന്നതിനുമായി ചോദ്യോത്തര സെഷനുകളും ഉണ്ടാകും.

∙ വിമാന ടിക്കറ്റുകളും കാറുകളും മുതൽ സ്വർണനാണയം വരെ
എമിറേറ്റ്സ് എയർലൈൻസ് നൽകുന്ന ടിക്കറ്റുകൾ, മൂന്ന് പുതിയ നിസാൻ സണ്ണി കാറുകൾ, 150 മൊബൈൽ ഫോണുകൾ, തഖ്ദീർ അവാർഡിൽ നിന്നുള്ള 600 പ്രത്യേക കിഴിവ് കാർഡുകൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്‍റെ 300 സ്വർണ നാണയങ്ങൾ എന്നിവയുൾപ്പെടുന്നതാണ് സമ്മാനങ്ങൾ. വികസനത്തിനും പുരോഗതിക്കും സംഭാവന നൽകുന്ന സുപ്രധാന ഘടകമാണ് മാനവ വിഭവശേഷി എന്നതിനാൽ, ഏതൊരു സ്ഥാപനത്തിന്‍റെയും സമൂഹത്തിന്‍റെയും വിജയത്തിന്‍റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് ഈ ആഘോഷങ്ങളിലൂടെ  ആദരിക്കപ്പെടുന്നതെന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. ശോഭ റിയാലിറ്റി, എല്ലിങ്ഗ്ടൺ പ്രോപ്പർട്ടീസ്, എമിറേറ്റ്സ് എയർലൈൻസ്, തഖ്ദീർ അവാർഡ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പിന്തുണ നൽകും. 

ദുബായിലെ ഈദുൽ ഫിത്ർ ആഘോഷങ്ങൾ തൊഴിലാളികളെ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള നഗരത്തിന്‍റെ പ്രതിബദ്ധതയുടെ തെളിവാണ്. ഐക്യബോധവും കമ്മ്യൂണിറ്റി സ്പിരിറ്റും വളർത്തിയെടുക്കുന്നതിനൊപ്പം തൊഴിലാളികളുടെ കഴിവുകളും സംഭാവനകളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഈ പരിപാടി പ്രവർത്തിക്കുന്നുവെന്ന് ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു.

English Summary:

Four Anniversary Celebrations will Organized Annually for Workers in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com