ADVERTISEMENT

ദുബായ്∙ 'ആടുജീവിത'വും നജീബും എങ്ങും ചർച്ചാവിഷയമാകുമ്പോൾ ഇത്തരത്തിൽ പ്രവാസ ലോകത്ത് പ്രതിസന്ധികളിലൂടെ കടന്നുപോയവരുടെ കൂടുതൽ കഥകൾ പുറത്തുവരുന്നു. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് യെമനിലേയ്ക്ക് തൊഴിൽത്തേടി പോയ കോഴിക്കോട് സ്വദേശി കെ.ടി. നജീബിന്‍റെ തീക്ഷ്ണാനുഭവം ഇത്തരത്തിൽ ഒന്നാണ്. ഇപ്പോൾ 70 വയസ്സുള്ള ' നജീബ്' യെമൻ ഗ്രാമത്തിൽ നിറതോക്കുകൾക്കും ഊരിപ്പിടിച്ച വാളുകൾക്കും മുൻപിൽ ഡോക്ടറായി പോലും വേഷം കെട്ടേണ്ടി വന്ന രണ്ടര വർഷത്തെ സംഭവബഹുലമായ കഥ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

∙ യെമനിലേയ്ക്കൊരു സന്ദർശക വീസ
കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള കുടിയേറ്റത്തിന്‍റെ ആദ്യകാലമായ 1970കളുടെ അവസാനം. നാട്ടിൽ അധ്യാപകനായിരുന്ന 30 വയസ്സുകാരനായ നജീബും അനുജൻ സൽമാനും മികച്ച ജീവിതം തേടി സന്ദർശക വീസയിലാണ് യെമനിലേക്ക് പോയത്. അന്ന് യെമനിൽ ജോലി ചെയ്തിരുന്ന ഇവരുടെ പിതാവ് ആണ് സന്ദർശക വീസ അയച്ചുകൊടുത്തത്. അവിടെയുണ്ടായിരുന്ന മഞ്ചേരി സ്വദേശി സലീം ആണ് നജീബിനെയും സൽമാനെയും അവിടേയ്ക്ക് കൊണ്ടുവരാൻ ഉപ്പയെ പ്രലോഭിപ്പിച്ചത്. കൂടെ വേറെ അഞ്ചാറു പേർക്കും വീസ ലഭിച്ചു. എംപ്ലോയ്മെന്‍റ് വീസ എന്നായിരുന്നു അന്ന് എല്ലാവരും കരുതിയിരുന്നത്. അങ്ങനെ സംഘം ആഹ്ലാദത്തോടെ യെമൻ തലസ്ഥാനമായ സനായിലെത്തി. 

നജീബും മൂത്ത മകൻ ഇർഫാനും ഒരു പഴയകാല ചിത്രം.ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
നജീബും മൂത്ത മകൻ ഇർഫാനും ഒരു പഴയകാല ചിത്രം.ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

നജീബും സല്‍മാനും അവിടെയെത്തിക്കഴിഞ്ഞ് അധികം വൈകാതെ ഉപ്പ നാട്ടിലേക്ക് മടങ്ങി. സൽമാന് ദുബായ് ആസ്ഥാനമായുള്ള അൽ മുല്ല കെട്ടിട നിർമാണ കമ്പനിയിൽ പാചകക്കാരനായി ജോലി ലഭിച്ചു. എംപ്ലോയ്മെന്‍റ് വീസയും ശരിയായി. എന്നാൽ, യെമനിയുടെ കാർവാഷ് സെന്‍ററിന്‍റെ പേരിലുള്ള വീസയായിരുന്നു നജീബിന്‍റേത്. അവിടെ വാഹനം കഴുകലാണ് ജോലിയെന്നറിഞ്ഞപ്പോൾ നജീബ് ആകെ തകർന്നുപോയി. നാട്ടിൽ അധ്യാപകനായിരുന്ന അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത തൊഴിലായിരുന്നു അത്. പക്ഷേ, വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലിയൊന്നും അവിടെ ലഭഫിക്കില്ലെന്നും ഇതുപോലെ ഏറെ ശാരീരികാധ്വാനമുള്ള തൊഴിലേ കിട്ടുകയുള്ളൂ എന്നും വൈകാതെ തിരിച്ചറിഞ്ഞു. എങ്കിലും എല്ലാം സഹിച്ച് ജോലിയുമായി മുന്നോട്ടുപോയി. 

പലപ്പോഴും താൻ എത്തപ്പെട്ട ചതിക്കുഴിയോർത്ത് കരഞ്ഞു. ഇതിനിടയിൽ 1960കളിൽ കേരളത്തിൽ നിന്ന് യെമനിലെത്തി അവിടുത്തെ പൗരനായി മാറിയ രാജു എന്നയാൾ അതേ കാലത്ത് തന്നെ അവിടെച്ചെന്ന ഡോ. അബ്ദുല്ല എന്നൊരു മലയാളിയെ നജീബിന് പരിചയപ്പെടിത്തിക്കൊടത്തു. കുഞ്ഞിരാമൻ എന്നായിരുന്നു അബ്ദുല്ലയുടെ യഥാർഥ പേര്. ആലപ്പുഴയിലെ സൈക്കിൾ മുക്ക് എന്ന സ്ഥലത്ത് നിന്ന് ലോഞ്ച് വഴി യെമനിലെത്തിയ അദ്ദേഹം മആരിബ് എന്ന സ്ഥലത്തെ (ഇസ്​ലാമിക ചരിത്രത്തിലെ ബിൽഖീസ് രാജ്ഞിയുടെ സ്ഥലം) ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നത്. ആടുജീവിതത്തിലെ നജീബ് സൗദി മരുഭൂമിയിൽപ്പെട്ടതുപോലെ ഈ നജീബ് ഡോക്ടറിന്‍റെ സഹായിയായി ആ ഗ്രാമത്തിലെത്തപ്പെട്ടു. ഭക്ഷണത്തിനോ മറ്റോ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. ഏറെക്കാലമായി നാട് കാണാൻ കഴിയാത്ത അബ്ദുല്ല, നജീബിനെ കൂടെക്കിട്ടിയപ്പോൾ ക്ലിനിക്ക് ഏൽപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങി. ഇതോടെയാണ് നജീബിന് വളരെ സമ്മർദം അനുഭവിക്കേണ്ടി വന്ന നാളുകൾ കടന്നുവന്നത്. ആദ്യകാലത്ത് മാസങ്ങളോളം നാട്ടിലേയ്ക്ക് കത്തയക്കാൻ പോലും സംവിധാനമില്ലായിരുന്നു. അതുമൂലം യെമനിലെത്തിയ നജീബിനെ കാണാനില്ലെന്ന വാർത്ത നാട്ടിൽ പരക്കുകയും ചെയ്തു. പിന്നീട്, മാസങ്ങൾക്കൂടുമ്പോൾ കിലോ മീറ്ററുകൾക്ക് അകലെയുള്ള സനയിലേക്ക് ചെന്ന് കത്തും പണവുമയക്കുകയുമുണ്ടായി. 

കെ.ടി.നജീബ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്
കെ.ടി.നജീബ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ ദക്തൂർ ഹിന്ദി; തോക്കിന് മുന്നിൽ ഭയന്ന് ചികിത്സ
യെമനിലെ ആ ഗ്രാമത്തിൽ മണൽക്കാടും ആടുകളും ഒട്ടകങ്ങളും കഴുതകളും മാത്രം.  ചെറിയ മൺവീടുകളിലാണ് ആളുകൾ താമസിച്ചിരുന്നത്. ഒട്ടകപ്പുറത്തും കഴുതപ്പുറത്തുമാണ് ഗോത്രവർഗ(ബദുക്കൾ) ക്കാരായ മനുഷ്യരുടെ സഞ്ചാരം. വളരെ സ്നേഹസമ്പന്നരായിരുന്നെങ്കിലും നല്ലൊരു ശതമാനം പരുക്കന്മാരുമായിരുന്നു. കാത്ത് എന്നൊരുതരം ഇലകളുടെ ലഹരിയിലായിരുന്നു അവർ ജീവിച്ചിരുന്നത്. നേരവും കാലവും നോക്കിയല്ല ഗ്രാമീണർ ക്ലിനിക്കിൽ ചികിത്സ തേടയെത്തുന്നത്. അബ്ദുല്ല ഡോക്ടർ നാട്ടിലേക്ക് പോയി എന്നറിഞ്ഞ അവർ നിരാശരാകാതെ, നജീബിനെ പുതിയ ഡോക്ടറായി വാഴിച്ചു. 'ദക്തൂർ ഹിന്ദി' (ഇന്ത്യൻ ഡോക്ടർ) എന്ന് വിളിച്ചു ചികിത്സിക്കാൻ ആവശ്യപ്പെട്ടു. ഇതുകേട്ട് താൻ നടുങ്ങിപ്പോയെന്നും ഭൂമിയാകെ പിളരുകയാണെന്ന് തോന്നിപ്പോയെന്നും നജീബ് പറയുന്നു. 

ക്ലിനിക്കിലേയ്ക്ക് ബദുക്കൾ ചികിത്സ തേടി വരുന്നത് തോക്കും കത്തിയും വാളുമായിട്ടാണ്. തനിക്ക് ചികിത്സിക്കാനറിയില്ലെന്നും ഡോക്ടറുടെ സഹായി മാത്രമാണെന്നും പറഞ്ഞു കെഞ്ചിയെങ്കിലും അവർ അത് സമ്മതിച്ചു തന്നില്ല. തോക്ക് ചൂണ്ടിയും ഉറയിൽ നിന്ന് വാളൂരിയുമൊക്കെയാണ് ചികിൽസിക്കാൻ പറയുക. അത് പ്രസവ കേസ് മുതൽ കുട്ടിയെ ഒട്ടകം കടിച്ച മുറിവ് തുന്നിക്കെട്ടുന്നതു വരെയാകാം. മിക്കവരെയും വിറ്റാമിൻ ഗുളികകളും മറ്റും നൽകിയാണ് തിരിച്ചയച്ചിരുന്നത്. ഒരു ഡോക്ടറോടുള്ള എല്ലാ സ്നേഹവും ബഹുമാനവും നജീബിന് ലഭിച്ചു. ആ സ്ഥലത്തെ ഗോത്രത്തലവൻ സർക്കാരിൽ നിന്ന് മെഡിക്കൽ പ്രാക്ടീഷണർ എന്നൊരു ലൈസൻസും ശരിയാക്കിക്കൊടുത്തു. ആ ക്ലിനിക്ക് മാത്രമാണ് ആരോഗ്യപ്രശ്നങ്ങൾ വരുമ്പോൾ ആശ്രയം. മറ്റൊരു ക്ലിനിക്കോ ആശുപത്രിയോ വേണമെങ്കിൽ കിലോ മീറ്ററുകൾ സഞ്ചരിച്ച് സനയിലെത്തണം.

കെ.ടി.നജീബ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്
കെ.ടി.നജീബ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ ജാങ്കോ... ഞാൻ പെട്ടു
നജീബ് ശരിക്കും പെട്ടതുപോലെയായി. സന്ദർശക വീസക്കാലം കഴിഞ്ഞിരിക്കുന്നു. നാട്ടിലേക്ക് മടങ്ങണമെങ്കിൽ ഒന്നര വർഷം അനധികൃതമായി തങ്ങിയതിനുള്ള പിഴ യെമൻ എമിഗ്രേഷനിൽ അടയ്ക്കണം. ജീവിത കാലം മഴുവൻ ജോലി ചെയ്താലും വീട്ടാൻ കഴിയാത്ത തുകയാണത്. കൂടാതെ, ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുക അത്ര എളുപ്പവുമല്ല. അനധികൃത താമസത്തിന് പിടിയിലായാൽ പിന്നെ യെമൻ ജയിലിൽ കിടക്കേണ്ടി വരും. എന്തു ചെയ്യണമെന്നറിയാതെ കടലിനും ചെകുത്താനുമിടയിലായ നാളുകളായിരുന്നു അത്.

∙ കണ്ണുമടച്ച് രോഗിയെ കുത്തിവച്ചു; പിന്നെ സംഭവിച്ചത്!
ഒരിക്കൽ പുലർച്ചെ ഒരാൾ ഒട്ടകപ്പുറത്ത് ഭാര്യയോടൊപ്പമെത്തി. അബോധാവസ്ഥയിലായിരുന്നു ആ സ്ത്രീ. തോക്ക് ചൂണ്ടി അയാൾ വളരെ ലളിതമായി നജീബിനോട് പറഞ്ഞു: ഇവളെ ഇപ്പോൾത്തന്നെ ഇഞ്ചക്ഷൻ കൊടുത്ത് രക്ഷിക്കണം. ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും. എന്ത് പറഞ്ഞിട്ടും കാര്യമില്ല. ചികിത്സിച്ചില്ലെങ്കിൽ അയാൾ കൊല്ലും. ചികിത്സക്കിടയിൽ ആ സ്ത്രീ മരിച്ചാലും അയാൾ നെഞ്ചിന് നേരെ വെടിപൊട്ടിക്കും. നജീബ് ആ നിമിഷം ഒരു കാര്യം ഓർത്തു–കുത്തിവയ്പ് നടത്തി പരീക്ഷണം നടത്താതെ മരിക്കുന്നതിലും നല്ലത് കുത്തിവച്ച് ആ സ്ത്രീയോടൊപ്പം മരിക്കുന്നതാണ്. ചിലപ്പോൾ ആ സ്ത്രീ രക്ഷപ്പെട്ടാലോ! രണ്ടും കൽപ്പിച്ച്, പേടിച്ചു വിറച്ച് ഏതോ ഒരു മരുന്നെടുത്ത് നജീബ് സ്ത്രീക്ക് കുത്തിവയ്പ് നടത്തി. അത്ഭുതമെന്നേ പറയേണ്ടൂ, അവർ കണ്ണ് തുറന്നു!. ആ ഗ്രമീണന്‍റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. നജീബിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. നന്ദി പറഞ്ഞു അയാൾക്ക് മതിയായില്ല. പിന്നീട് അയാൾ ഭാര്യയോടൊപ്പം തിരിച്ചുപോയി.

അതോടെ നജീബ് ആകെ ടെൻഷനിലായി. ഏതാനും മാസങ്ങൾക്കിടയിൽ ഇത് ആറാമത്തെ അനുഭവമാണ്. ഏത് നിമിഷവും കത്തിക്കോ തോക്കിനോ അധികൃതരുടെ നിയമ നടപടിക്കോ വിധേയനാകാമെന്ന അവസ്ഥ. രക്ഷപ്പെടാനുള്ള വഴികൾ പലതും നോക്കി. ഒന്നും വിജയിച്ചില്ല. ഒരിക്കൽ കഴുതപ്പുറത്ത് കയറി മരുഭൂമിയിലൂടെ നജീബ് കുറേ സഞ്ചരിച്ചു. എവിടെയോ എത്തി തിരിച്ചുപോരാൻ നോക്കിയപ്പോൾ വഴി തെറ്റി. അങ്ങനെ കുറേ നേരം അവിടെ കുടുങ്ങിപ്പോയി.

∙ ആടുജീവിതത്തിലെ നജീബിന്‍റെ അതേ പിന്നാമ്പുറക്കഥ
തുടർന്നാണ് പച്ചക്കറി ട്രക്കിൽ കയറ്റി സൗദിയിലെ നജ്‌റാനിൽ എത്തിക്കാമെന്ന് ഒരു നാട്ടുകാരൻ പറയുന്നത്. വൻ റിസ്കാണ്. സൗദി– യെമൻ അതിർത്തി കടക്കണം. പിടിക്കപ്പെട്ടാൽ ബോർഡർ സെക്യുരിറ്റിക്കാരുടെ വെടിയേറ്റായിരിക്കും മരണം. എങ്കിലും നജീബിന് മടങ്ങിയെ പറ്റൂ. ആടുജീവിതത്തിലെ നജീബിനെ പോലെ വിവാഹം കഴിഞ്ഞ് മധുവിധു കഴിയും മുൻപ് നാട് വിട്ടതാണ്. യെമനിലേക്ക് പോകുന്ന നേരം ഭാര്യ ഗർഭിണിയായിരുന്നു. വർഷം ഒന്നര പിന്നിട്ടിരിക്കുന്നു. ഇതിനിടെ മകൻ പിറന്നു. മകനെ കണ്ടിട്ടില്ല. മകനെയും ഭാര്യയെയും കാണണം. അത് മാത്രമായിരുന്നു അപ്പോൾ നജീബിന്‍റെ മനസ്സിൽ.സൗദിയിൽ എത്തിയാൽ പുതിയ യാത്രാ രേഖകൾ ശരിയാക്കി നാട് പിടിക്കാം. പക്ഷേ അതിർത്തി കടക്കണം. കഷ്ടകാലത്തിന് പിടിക്കപ്പെടാം. അല്ലെങ്കിൽ വെടിയേറ്റു മരിക്കാം. പോകുന്നതിന് മുൻപ് അനുജൻ സൽമാനെ കണ്ട് യാത്ര പറയണം. അതിന് 120 കിലോമീറ്റർ താണ്ടണം. ഏതായാലും ശ്രമിക്കുക തന്നെ എന്ന തീരുമാനത്തിലെത്തിച്ചേർന്നു.

നടന്നും വാഹനങ്ങളിലുമായി ചെറുപട്ടണങ്ങളും മണൽക്കാടുകളും താണ്ടി നജീബ് സനാ പട്ടണത്തിലെത്തി അനുജൻ സൽമാനെ കണ്ടു. ആടുജീവിതത്തിൽ നജീബ് കൂട്ടുകാരൻ ഹക്കീമിനെ കണ്ടതുപോലുള്ള സന്തോഷം. പക്ഷേ, ആ നജീബിന്‍റെയും ഹക്കീമിന്‍റെയും രൂപമായിരുന്നില്ല ഇൗ നജീബിന് എന്നേയുള്ളൂ. യാത്ര പറഞ്ഞ് പിരിയുമ്പോൾ സൽമാന്‍റെ കണ്ണിൽ ഭയം പടരുന്നതും കണ്ണ് നനയുന്നതും നജീബിൽ ആശങ്കയുളവാക്കി. പ്രതീക്ഷകളോടെ ഒന്നിച്ചാണ് ഉമ്മ ഇരുവരെയും യെമനിലേക്ക് യാത്രയാക്കിയിരുന്നത്. ഇന്ന് അവർ പിരിയുകയാണ്. വിടചൊല്ലി നജീബ് പുറപ്പെടുന്നത് അപകടത്തിലേയ്ക്കാണോ, സഹോദരനുമൊത്തുള്ള അവസാന കൂടിക്കാഴ്ച യാവുമോ എന്ന് സൽമാൻ വിചാരിച്ചിട്ടുണ്ടാവുമോ?

കെ.ടി.നജീബ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്
കെ.ടി.നജീബ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ സൗദി പട്ടാളത്തിന്‍റെ കണ്ണുവെട്ടിച്ച് നജ്റാനിലേക്ക്
യെമന്‍റെ അതിരുകൾ കടക്കണം. അവിടെ സൗദി അതിർത്തി കാക്കുന്ന പട്ടാളത്തിന്‍റെ കണ്ണുവെട്ടിച്ച് വേണം നജ്റാൻ പട്ടണത്തിലെത്താൻ. നജീബിനൊപ്പം നരിക്കുനി സ്വദേശി കുഞ്ഞോതിയുമുണ്ടായിരുന്നു. നേരംപുലരും മുൻപേ അവർ നജ്‌റാൻ ലക്ഷ്യമാക്കി പുറപ്പെട്ടു. നേരത്തെ ഏർപ്പാട് ചെയ്ത വാഹനത്തിൽ കയറി. കുറേ മരുഭൂ വഴികൾ പിന്നിട്ട് ഒരു മലയുടെ നെറുകയിൽ വണ്ടി നിർത്തിയ ശേഷം ഡ്രൈവർ അവരോട് പറഞ്ഞു:
" യാ സദീഖ് ഖലാസ്, യംശീ മിൻഹി നാ.. തവക്കൽത്തു അലല്ലാഹ്"
(സുഹൃത്തേ, യാത്ര ഇവിടെ അവസാനിക്കുന്നു. ഇനി ദൈവത്തിൽ ഭരമേല്പിച്ചു നടന്നു പോവുക). 
അതോടെ രണ്ടുപേരും ഭയന്ന് വിറച്ചു. എങ്കിലും ധൈര്യം സംഭരിച്ച് മുന്നോട്ട് നടന്നു. ദൂരെ ഒരു പട്ടണത്തിന്‍റെ അടയാളങ്ങൾ കണ്ടപ്പോൾ നേരിയ ആശ്വാസം തോന്നി. അത് നജ്റാൻ പട്ടണമായിരിക്കാം.

ആളും അനക്കവുമില്ല. മലയിടുക്കുകൾ. ചുറ്റും മണൽത്തട്ടുകളും ഇടയ്ക്കിടെ ഈത്തപ്പന തോട്ടങ്ങളും ആട് വളർത്തു കേന്ദ്രങ്ങളും. നജീബും കുഞ്ഞോതിയും നജ്‌റാൻ ലക്ഷ്യമാക്കി നടക്കുകയാണ്. യെമൻ അതിർത്തി കഴിഞ്ഞിരിക്കുന്നു. സൗദിയിൽ എത്തിയിട്ടുമില്ല. വീശിയടിക്കുന്ന മണൽക്കാറ്റ് ചിലപ്പോൾ കൂടെയുള്ള കുഞ്ഞോതിയെപോലും മണൽക്കാറ്റ് മറച്ചു കളയുന്നു.

രണ്ടു വർഷത്തെ ഭയാനകമായ ഓർമകൾ അവസാനിപ്പിച്ച് സ്വന്തം നാടും വീടും കാണാനുള്ള യാത്രയിലാണ് നജീബ്. രക്ഷപ്പെടും. വെടിയുണ്ടകളിൽ നിന്ന് പടച്ചവൻ കാക്കും. സൗദിയിലെത്തിയാൽ മക്കത്ത് പോകണം. നജീബിന്‍റെ മനസ്സ് മന്ത്രിച്ചു.  പൊലീസിന്‍റെ പിടിയിലാകാതെ ഒടുവിൽ നജീബ് നജ്റാനിലെത്തി. അവിടെ നിന്ന് സാഹസികമായി ജിദ്ദയിലും. അപ്പോഴേയ്ക്കും ദിവസങ്ങൾ ഒരുപാട് പിന്നിട്ടിരുന്നു. രൂപ ഭാവങ്ങൾ ആകെ മാറിയിരുന്നു. പിന്നെ പൊലീസിന്‍റെ കണ്ണിൽപ്പെടാതെ ജിദ്ദയിൽ നിന്ന് മക്കയിലുമെത്തി.

∙ 'സമാധാനത്തിന്‍റെ വാതിലി'ലൂടെ കടന്നപ്പോൾ മുന്നിൽ ഉപ്പ! 
കഅബ പ്രദിക്ഷണം ചെയ്തു. ബാബ് സലാമിലൂടെ (സമാധാനത്തിന്‍റെ വാതിൽ) പുറത്തു കടന്നപ്പോൾ റോഡിന് മറുവശം ഉപ്പ നിൽക്കുന്നു. ആകസ്മികതകളുടെ ഘോഷയാത്രയാണല്ലോ മനുഷ്യ ജീവിതം, ആ നിമിഷം മുതൽ നജീബിന്‍റെ ജീവിതം മാറി മറയുകയായിരുന്നു. നജ്റാനിൽ നിന്ന് മടങ്ങിയ ഉപ്പ സൗദിയിൽ ഒരു റസ്റ്ററന്‍റ് നടത്തിവരികയായിരുന്നു. ഏറെ കാലത്തിന് ശേഷം പരസ്പരം കണ്ട ഉപ്പയും മകനും കെട്ടിപ്പിടിച്ച് ആനന്ദാശ്രുക്കൾ പൊഴിച്ചു. നടന്ന സംഭവമെല്ലാം നജീബ് ഉപ്പയോട് പറഞ്ഞു. അവിടെ തന്നെ ജോലി ചെയ്ത് ജീവിക്കാമായിരുന്നെങ്കിലും നജീബിന്‍റെ ഉള്ളിലെ അധ്യാപകൻ വീണ്ടുമുണർന്നു, പ്രവാസ ജീവിതത്തോട് വിടചൊല്ലി.

English Summary:

Life Story Of K. T. Najeeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com