റിയാസിന് വേദനയോടെ വിട ചൊല്ലി പ്രവാസ ലോകം
![funeral റിയാസിന്‍റെ കബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജനക്കൂട്ടം.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/4/3/funeral.jpg?w=1120&h=583)
Mail This Article
അബുദാബി∙ അബുദാബിയിൽ അന്തരിച്ച റിഷീസ് ഹൈപ്പർമാർക്കറ്റ് ഉടമ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പൂവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസിന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അന്ത്യാഞ്ജലി. ബനിയാസ് മോർച്ചറിയിൽ നടന്ന കബറടക്ക ചടങ്ങിൽ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളുമായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽനിന്ന് വൻ ജനാവലി എത്തിയിരുന്നു. എല്ലാവരുമായും പെട്ടന്ന് സൗഹൃദം സ്ഥാപിക്കുന്ന റിയാസിന്‍റെ അകാല വേർപ്പാട് ഉൾക്കൊള്ളാനാവുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മാർച്ച് 28ന് കാണാതായ റിയാസിനെ 29ന് വൈകിട്ട് അബുദാബിയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കബറടക്കം പാപ്പിനിശ്ശേരിയിൽ നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനമെങ്കിലും റിയാസിന്‍റെ അന്ത്യാഭിലാഷ പ്രകാരം യുഎഇയിൽ തന്നെ നടത്തുകയായിരുന്നു. ഫുട്ബോൾ പ്രേമിയും അർജന്‍റീന ടീം ആരാധകനുമായിരുന്ന റിയാസ് ലോക കപ്പിൽ അർജന്‍റീന കിരീടം ചൂടിയപ്പോൾ അബുദാബിയിൽ നൂറുകണക്കിന് ആളുകൾക്ക് സൗജന്യമായി ബിരിയാണി വിതരണം ചെയ്തിരുന്നു. അർജന്‍റീന ജഴ്സി അണിഞ്ഞ് എത്തുന്നവർക്ക് ഹൈപ്പർമാർക്കറ്റിലും റസ്റ്ററന്റിലും നിരക്കിളവും നൽകിയിരുന്നു.