'ഈദുൽ ഫിത്ർ സൗദി അറേബ്യയിൽ ആഘോഷിക്കൂ'; സൗദി ടൂറിസം അതോറിറ്റി
Mail This Article
ജിദ്ദ ∙ 'ഈദുൽ ഫിത്ർ സൗദി അറേബ്യയിൽ ആഘോഷിക്കൂ' എന്ന ക്യാംപെയ്‌നുമായി സൗദി ടൂറിസം അതോറിറ്റി. സന്ദർശകർക്കും ടൂറിസ്റ്റുകൾക്കും സൗദിയിലെ പ്രവാസികൾക്കും സൗദി പൗരന്മാർക്കും പെരുന്നാൾ ആഘോഷിക്കാൻ പറ്റിയ ഇടം സൗദി അറേബ്യയാണെന്നും രാജ്യത്തെ 13 പ്രവിശ്യകളിലും നടക്കുന്ന വൈവിധ്യമാർന്ന കരിമരുന്ന് പ്രയോഗങ്ങളും കലാപരിപാടികളും ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ ആസ്വദിക്കാമെന്നും വ്യക്തമാക്കി.
സൗദിയുടെ ആഘോഷ തനിമ ഉയർത്തിക്കാട്ടുന്ന വിഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമാം, അസീർ അടക്കമുള്ള പ്രദേശങ്ങളിൽ 120 പ്രോഗ്രാമുകളാണ് ഇത്തവണ ആസൂത്രണം ചെയ്തിട്ടുള്ളത്. സൗദി സന്ദർശിക്കാൻ നടപടികൾ ലഘൂകരിച്ചിട്ടുണ്ടെന്നും അതോറിറ്റി ഓർമപ്പെടുത്തുന്നു. പ്രോഗ്രാം, ഉംറ, വിസിറ്റ്, ട്രാൻസിറ്റ്, ടൂറിസം വീസകൾ വളരെ പെട്ടെന്ന് ലഭിക്കും. ഇതുപയോഗിച്ച് നിശ്ചിത കാലപരിധിയിൽ സൗദിയിൽ എവിടെയും സന്ദർശനം നടത്താം. 63 രാജ്യക്കാർക്ക് ഓൺ അറൈവൽ വീസ ലഭിക്കും. യുഎസ്എ, യുകെ, ഷെംഗൻ വീസയുള്ളവർക്കും ജിസിസിയിലെ പ്രവാസികൾക്കും സൗദിയിലേക്ക് വരാൻ നടപടികൾ സുതാര്യമാണെന്നും അതോറിറി പറഞ്ഞു.