ADVERTISEMENT

ഷാർജ ∙ വ്യാഴാഴ്ച രാത്രി ഷാർജയിലെ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ അഞ്ച് പേരാണ് മരിച്ചതെന്ന് സിവിൽ ഡിഫൻസും പൊലീസും അറിയിച്ചു തീ പിടിത്തത്തിനിടെ രക്ഷപ്പെടാൻ വേണ്ടി താഴേയ്ക്ക് ചാടിയ ഒരു ആഫ്രിക്കക്കാരന്‍റെ മരണം മാത്രമായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് ബാക്കി 4 പേരും മരിച്ചതെന്നും അധികൃതർ പറഞ്ഞു. ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള 17 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവരെല്ലാം ചികിത്സയിലാണ്. 27 പേർ ആവശ്യമായ ചികിത്സകൾക്ക് ശേഷം ആശുപത്രി വിട്ടു. മരിച്ചവരുടെ കുടുംബത്തിന് ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി അനുശോചനം അറിയിച്ചു.

അൽ നഹ്ദയിലെ 38 നിലകളുള്ള റസിഡൻഷ്യൽ ടവറിലാണ് തീപിടുത്തമുണ്ടായത്. രാത്രി 10.50നായിരുന്നു പൊലീസ് ഓപറേഷൻ റൂമിൽ ആദ്യം അഗ്നിബാധയുടെ വിവരമെത്തുന്നത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകളിൽ നിന്നാണ് തീ ആരംഭിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 156 താമസക്കാരെ പിന്നീട് ഹോട്ടലുകളിലടക്കം സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുകയും ചെയ്തു.

അഗ്നിബാധയുണ്ടായ ഉടൻ തന്നെ താമസക്കാരിൽ പലരും പുറത്തേക്ക് രക്ഷപ്പെട്ടു. ആഫ്രിക്കക്കാരും ജിസിസി പൗരന്മാരുമാണ് ഈ കെട്ടിടത്തിലെ താമസക്കാരിൽ ‌ഭൂരിഭാഗം പേരും. മലയാളികളടക്കമുള്ള ഇന്ത്യക്കാരുമുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ താമസക്കാരെ ഒഴിപ്പിച്ചത് കൂടുതൽ അപകടം ഒഴിവാക്കാൻ വഴിയൊരുക്കി. കെട്ടിടത്തിന്‍റെ 33 നിലകളിലാണ് ആളുകൾ താമസിക്കുന്നത്. താഴത്തെ 5 നിലകൾ പാർക്കിങ് ഏരിയ. കെട്ടിടത്തിലെ ഓരോ നിലയിലും എട്ട് ഫ്ലാറ്റുകൾ വീതമാണുള്ളത്. എ,ബി,സി എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളുള്ള കെട്ടിടത്തിലെ ബി–യിലായിരുന്നു അഗ്നിബാധ.  മൃതദേഹങ്ങൾ പിന്നീട് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വലിയൊരു ശതമാനം മലയാളികൾ താമസിക്കുന്ന, കെട്ടിടങ്ങൾ നിങ്ങിനിറഞ്ഞ റസിഡൻഷ്യൽ ഏരിയയാണ് അൽ നഹ്ദ. എന്നാൽ, അഗ്നിബാധയുള്ള കെട്ടിടത്തിൽ ഇന്ത്യക്കാർ കുറവാണ്. ഇവരാരും അപകടത്തിൽപ്പെട്ടിട്ടില്ലെന്നാണ് വിവരം.

English Summary:

Reportedly, 5 People Died in a Fire in a High-Rise Building in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com