ADVERTISEMENT

ദുബായ് ∙ ബാങ്കിങ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ' ആവശ്യപ്പെട്ട് അജ്ഞാതനിൽ നിന്ന് നിങ്ങൾക്ക് അടുത്തിടെ ഒരു ഫോൺ കോൾ ലഭിച്ചിരുന്നോ? എങ്കിൽ ആശ്വസിക്കാം, അവൻ ഇപ്പോൾ ജയിലഴിക്കുള്ളിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് നടത്തിയ 406 ഫോൺ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട 494 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.  

ഫോൺ കോളുകൾ, ഇമെയിലുകൾ, എസ്എംഎസ്, സോഷ്യൽ മീഡിയ ലിങ്കുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകാർ ഇരകളെ കബളിപ്പിക്കുകയും  അവരുടെ നിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും ആക്‌സസ് ചെയ്യുകയും ചെയ്തു. ഈ തട്ടിപ്പുകൾ നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.   

online-raud-uae
ബാങ്ക് തട്ടിപ്പുകേസിൽ പിടിലായവർ. Credit: special arangement

∙കാബിൻക്രൂവിന് നഷ്ടമായത് 2 ലക്ഷം ദിർഹം

ഒട്ടേറെ വർഷങ്ങളായി യുഎഇയിൽ ഇത്തരം തട്ടിപ്പ് നടത്തുന്നവർ സജീവമാണ്. മലയാളികളുടേതടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക്  വൻ തുക ഇതുവഴി നഷ്ടപ്പെട്ടിട്ടുമുണ്ട്. അധികൃതർ ഇതുസംബന്ധിച്ച് താമസക്കാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷമാദ്യം ഒരു പോർച്ചുഗീസ് സ്വദേശിയായ കാബിൻക്രൂ,  തട്ടിപ്പിൽ തനിക്ക് 45 ലക്ഷത്തിലേറെ രൂപ (200,000 ദിർഹം) നഷ്ടമായത് അറിയിച്ചിരുന്നു.  

നാല് വർഷത്തിലേറെയായി ദുബായിൽ താമസിക്കുന്ന യുവതി ഫോൺ തട്ടിപ്പുകളെക്കുറിച്ച് വളരെയധികം കേട്ടിട്ടുണ്ട്. അറിയാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കില്ലായിരുന്നു. എങ്കിലും കെണിയിൽപ്പെട്ടുപോയി.  പിന്നീട് നടന്നതൊന്നും ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അവർ പറഞ്ഞു.  

∙തട്ടിപ്പുകാരുടെ പൊതു തന്ത്രങ്ങളറിയുക

ഫോൺ വിളിക്കുന്ന അജ്ഞാതരോട് ഒരിക്കലും തങ്ങളുടെ ബാങ്കിങ് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടർ ബ്രി. ഹാരിബ് അൽ ഷംസി ജനങ്ങളോട് അഭ്യർഥിച്ചു. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഒരു പൊതു തന്ത്രം വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് ഇരകളോട് പറയുക എന്നതാണ്.  ബാങ്കുകൾ ഒരിക്കലും ഫോൺ വഴി വിവര അപ്‌ഡേറ്റുകൾ തേടുന്നില്ല. ബാങ്കുകളുടെ ശാഖകൾ, ഔദ്യോഗിക ഉപയോക്തൃ സേവന പ്രതിനിധികൾ, അല്ലെങ്കിൽ ആധികാരിക ബാങ്കിങ് ആപ്ലിക്കേഷനുകൾ എന്നിവ മുഖേന വിശദാംശങ്ങൾ നേരിട്ട് അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു.ഇത്തരം തട്ടിപ്പുകളിൽ വീഴുന്ന താമസക്കാർ ഉടൻ പൊലീസിൽ അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.  

2022-ൽ ഷാർജ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) സമാനമായ തട്ടിപ്പ് നടത്തിയതിന് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. തട്ടിപ്പുകാർ ഇടയ്ക്കിടെ കോളുകൾ ചെയ്യുകയും ഇരകളോട് അവരുടെ ബാങ്ക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് പറയുകയും അവർ പ്രതികരിച്ചില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും കൂട്ടിച്ചേർക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. തട്ടിപ്പുകാർ ബാങ്കിൽ നിന്നുള്ളവരാണെന്നും ചിലപ്പോഴൊക്കെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണെന്നും നടിക്കും.  കഴിഞ്ഞ വർഷം, സിറിയൻ പൗരനായ മുഹമ്മദ് യാസീൻ, 'ദുബായ് പൊലീസിൽ' നിന്ന് തനിക്ക് ഒരു കോൾ വന്നതെങ്ങനെയെന്ന് പങ്കിട്ടു, അവരുടെ സിസ്റ്റത്തിൽ തന്റെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതൊരു തട്ടിപ്പാണെന്ന് തനിക്ക് ഉറപ്പായിരുന്നു.  ദുബായ് പൊലീസിൽ നിന്നുള്ള ടെക്സ്റ്റ് സന്ദേശങ്ങളുടെ അതേ ശൃംഖലയിൽ നിന്നാണ് അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത്. അതിനാൽ കോൾ തുടർന്നു.  തട്ടിപ്പുകാർക്ക് യാസീൻ പല വിശദാംശങ്ങളും നൽകിയെങ്കിലും ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾക്കായി നിർബന്ധിച്ചപ്പോൾ സംശയം തോന്നുകയായിരുന്നു.  അടുത്തിടെ അബുദാബിയിലെ ഒരു മലയാളി നഴ്സിനും പണം നഷ്ടപ്പെട്ടിരുന്നു.

∙അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകളും സന്ദേശങ്ങളും; പ്രതികരിക്കരുത്

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നമ്പരുകളിൽ നിന്നാണ് തട്ടിപ്പുകാർ മിക്കപ്പോഴും ഫോൺ വിളിക്കുന്നത്. ഇത് അവിടെ ചെല്ലാതെ തന്നെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധ്യമാക്കുന്നതാണ്. ഇത്തരം ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു. പണം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് ആവർത്തിച്ചു. 

അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്, പ്രത്യേകിച്ച് ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞു വിളിക്കുന്നവരോട്. അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പേരിൽ എസ്എംഎസ്, ഇ-മെയിലുകൾ അല്ലെങ്കിൽ ഫോൺ കോളുകൾ വഴി വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്കുകൾ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും വ്യക്തമാക്കി. സംശയാസ്പദമായ ഇത്തരം പ്രവൃത്തികൾ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണം.

English Summary:

Cabincrew lost 2 lakh dhirham in Dubai, Beware of scammers' common tactics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com