പങ്കുവയ്ക്കലിന്റെ പൊലിമയോടെ; പെരുന്നാൾ ഉഷാറാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ
Mail This Article
അബുദാബി ∙ വ്രതാനുഷ്ഠാനത്തിലൂടെ കരുണയുടെയും പങ്കുവയ്ക്കലിന്റെയും ക്ഷമയുടെയും പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് ഗൾഫ് രാജ്യങ്ങൾ നാളെ ഈദുൽ ഫിത്ർ ആഘോഷത്തിലേക്ക്. പ്രഖ്യാപനം വന്നതോടെ ആഘോഷത്തിനുള്ള തയാറെടുപ്പുകൾ സജീവമായി. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാനിലും കേരളത്തിലും പ്രഖ്യാപനത്തിന് ഇന്നു വൈകിട്ടു വരെ കാത്തിരിക്കണം.
യുഎഇയിൽ ഇന്നലെ മുതൽ ഈദ് അവധിയായതിനാൽ വിപണിയിൽ തിരക്കേറിയിട്ടുണ്ട്. സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിങ് മാളുകളും പ്രഖ്യാപിച്ച വമ്പൻ ആദായ വിൽപനയും ജനങ്ങളെ ആകർഷിക്കുന്നുണ്ട്. പെരുന്നാൾ കോടിയെടുക്കാനും പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങൾ, ഭക്ഷണമൊരുക്കാനുള്ള സാധനങ്ങൾ എന്നിവ വാങ്ങാനുമായി ജനം ഒഴുകിയെത്തിയതോടെ പലയിടങ്ങളിലും ബാരിക്കേഡ് വച്ച് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. അബുദാബിയിൽ കുരുക്ക് രൂക്ഷമായതോടെ പട്രോളിങ് സംഘവും രംഗത്തിറങ്ങി. അർധരാത്രി പിന്നിട്ടിട്ടും ഗതാഗതക്കുരുക്ക് തുടർന്നു.
സർക്കാർ ജീവനക്കാർക്ക് വാരാന്ത്യങ്ങൾ ചേർത്ത് 9 ദിവസം അവധി ലഭിച്ചതിനാൽ പെരുന്നാൾ ആഘോഷിക്കാനായി ചിലർ നാട്ടിലേക്കും മറ്റു ചിലർ വിദേശത്തേക്കും പോയിട്ടുണ്ട്. ഇതര എമിറേറ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് പോയവരുമുണ്ട്. വിമാന ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ, നാട്ടിലേക്കു പോകാൻ സാധിക്കാത്ത ചിലർ മാതാപിതാക്കളെയും ജീവിതപങ്കാളിയെയും മക്കളെയും യുഎഇയിലേക്ക് കൊണ്ടുവന്നാണ് പെരുന്നാളും വിഷുവും ആഘോഷിക്കുന്നത്.
ഒരുമാസത്തെ ഉപവാസത്തിലെ പാകപ്പിഴകൾക്ക് പരിഹാരമായി നിശ്ചയിച്ച ഫിത്ർ സകാത്ത് നൽകിയാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുക. നാളെ പുലർച്ചെ നടക്കുന്ന നമസ്കാരത്തിന്റെ മുന്നറിയിപ്പായി അരമണിക്കൂർ മുൻപ് പള്ളികളിൽനിന്ന് തക്ബീർ ധ്വനി (ദൈവ പ്രകീർത്തനങ്ങൾ) ഉയരും. ഇതോടെ വിശ്വാസികൾ ആരാധനാലയങ്ങളിലേക്ക് ഒഴുകും. ഈദ്ഗാഹിലും മസ്ജിദുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.