ADVERTISEMENT

ദുബായ് ∙  ഇൗദുൽ ഫിത്ർ ആഘോഷത്തിന് ഗൾഫിൽ സമാരംഭം. ഇന്നലെ റമസാൻ 30 പൂർത്തിയാക്കിയാണ് ഇന്ന് ഗൾഫില്‍ പെരുന്നാൾ ആഘോഷിക്കുന്നത്. കേരളത്തിലും ഇന്ന് തന്നെ പെരുന്നാൾ ആഘോഷിക്കുന്നതോടെ പ്രവാസി മലയാളികളുടെ സന്തോഷത്തിന് ഇരട്ടിമധുരം. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം കഴിഞ്ഞ് ഇനി തിങ്കളാഴ്ച മാത്രമേ യുഎഇയിൽ പ്രവൃത്തിദിവസം ആരംഭിക്കുകയുള്ളൂ.

 പട്ടിണി കിടക്കുന്നവർ സമൂഹത്തിൽ ഉണ്ടാകാതിരിക്കാൻ ഫിത്ർ സക്കാത്ത് നിർബന്ധമാക്കിയിട്ടുള്ളതിനാൽ പെരുന്നാൾ സന്തോഷം  സമൂഹത്തിന്റെ ഓരോ  അടരുകളിലും അലയടിക്കുന്നു എന്നതാണ് പ്രത്യേകത. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഇന്ന് രാവിലെ  6.13 മുതൽ വ്യത്യസ്ത സമയങ്ങളിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചതോടെ പെരുന്നാളാഘോഷത്തിന് തുടക്കമായി. കുടുംബസമേതമാണ് മിക്കവരും പള്ളികളിലും ഇൗദ് ഗാഹുകളിലും പ്രാർഥനയ്ക്കെത്തിയത്. എങ്ങും വിശ്വാസികൾ നിറഞ്ഞു. പള്ളികളിൽ മിക്കയിടത്തും റോഡിലേക്കു വരെ നമസ്കാരനിര നീണ്ടു. എല്ലാവരും മുസല്ല (പ്രാർഥനാ വിരിപ്പ്) കൊണ്ടുവന്നതിനാൽ അതുവിരിച്ച് എവിടെയും പ്രാർഥിക്കുന്നതിന് പ്രയാസമില്ലായിരുന്നു. പ്രാർഥനയ്ക്ക് ശേഷം പരസ്പരം ആശ്ലേഷിച്ച് സൗഹൃദവും ബന്ധവും പുതുക്കുകയും പിന്നീട് വീടുകളിലും റസ്റ്ററൻ്റുകളിലും ചെന്ന് പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. 

 ഇന്നാണ് പെരുന്നാൾ എന്ന് നേരത്തെ അറിയാമായിരുന്നതിനാൽ എല്ലാവർക്കും ഷോപ്പിങ്ങും മറ്റും വിജയകരമായി ആസൂത്രണം ചെയ്യാൻ സാധിച്ചു. യുഎഇയിൽ തിങ്കളാഴ്ച മുതൽ പെരുന്നാൾ അവധിയായതിനാൽ മിക്കവരും അവശ്യ വസ്തുക്കൾ വാങ്ങാനും പുതുവസ്ത്രം സ്വന്തമാക്കാനും വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് അന്നു തന്നെ എത്തിയിരുന്നു. എങ്കിലും പലയിടത്തും ഇന്ന് പുലർച്ചെ വരെ റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. മാളുകളിലും രാത്രി വൈകുവോളം തിരക്കുണ്ടായിരുന്നു.

മുപ്പത് ദിവസം വ്രതത്തിലും  വേദഗ്രന്ഥ പാരായണത്തിലും  പ്രാർഥനകളിലും മുഴുകിയ വിശ്വാസികളുടെ റമസാൻ കർമങ്ങളുടെ പരിസമാപ്തിയാണ്  പെരുന്നാൾ. സമൂഹത്തിൽ ഇഴയടുപ്പം കൂട്ടുന്നതാണ് പെരുന്നാൾ കർമങ്ങൾ. ' ദൈവം ഏറ്റവും വലിയവൻ.. അവനാണ് സർവ സ്തുതിയും' എന്ന പെരുന്നാൾ പ്രഖ്യാപനത്തിലൂടെ മനുഷ്യർ ചെറുതാവുകയും അവനിൽ അടിഞ്ഞു കൂടിയ അഹന്ത നാമാവശേഷമാവുകയും ചെയ്യുന്നു. അറബ് സമൂഹങ്ങൾക്കിടയിൽ പതിവുള്ള 'ഈദിയ'  ഇഷ്ടദാനത്തിന്റെ മറ്റൊരു പേരാണ്. കുട്ടികളെയും കുടുംബത്തെയും സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യാൻ ദാനധർമങ്ങളാണ്  പ്രധാനമാധ്യമം. 

ദുബായ് മുഹൈസിന 4ലെ അൽ മക്തൂം പള്ളിയിൽ വിശ്വാസികൾ നിറഞ്ഞപ്പോൾ കാർ പാർക്കിങ്ങിൽ പ്രാർഥന നിർവഹിക്കുന്നവർ. ചിത്രം: മനോരമ
ദുബായ് മുഹൈസിന 4ലെ അൽ മക്തൂം പള്ളിയിൽ വിശ്വാസികൾ നിറഞ്ഞപ്പോൾ കാർ പാർക്കിങ്ങിൽ പ്രാർഥന നിർവഹിക്കുന്നവർ. ചിത്രം: മനോരമ

അറബ് വീടുകളിലെ മജ് ലിസുകളും പെരുന്നാളുകളിൽ ആളനക്കമൊഴിയാത്ത സദസ്സുകളാകുന്നതു കാണാം. ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും കൂടിയിരുന്നു സല്ലപിക്കുന്ന   വീടിന്റെ പൂമുഖമാണിത്. 

 ∙ ആഘോഷത്തിനായി കുടുംബങ്ങൾ ഗൾഫിലേയ്ക്ക്
നോമ്പ് ഗൾഫിലാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ പെരുന്നാൾ നാട്ടിലാകാനാണ് എക്കാലവും കൊതിക്കുന്നത്. കുതിച്ചുയർന്ന വിമാന ടിക്കറ്റ് വില നോക്കാതെ  നാട്ടിലെത്തിയവർ ആഘോഷം ആത്മബന്ധങ്ങൾക്ക് ഒപ്പമാകണമെന്ന ദൃഢനിശ്ചയം ഉള്ളവരാണ്. പോക്കറ്റ് കനമില്ലാത്തവർ മോഹം ഉള്ളിലൊതുക്കി പെരുന്നാളും അവധിയും ജോലി ചെയ്യുന്ന നാട്ടിൽ തന്നെ ഒതുക്കുകയാണ് ചെയ്തത്. ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് തൊട്ടാൽ കൈപൊള്ളുന്ന വർധനയാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ പലരും തങ്ങളുടെ വയോധികരായ മാതാപിതാക്കൾ അടങ്ങുന്ന കുടുംബത്തെ നേരത്തെ ഗൾഫിലേക്കു കൊണ്ടുവന്ന് ആഘോഷം കെങ്കേമമാക്കുന്നു. നാട്ടിലെ ഉരുകിയൊലിക്കുന്ന ചൂടും ഇതിന് പിന്നിലെ കാരണമാണ്.

ആഘോഷങ്ങൾ മനുഷ്യരുടെ മനസ്സിനെ നനുത്തതും നിലാവുള്ളതുമാക്കും.  മനുഷ്യരുടെ മനസ്സും കർമങ്ങളും  ധന്യമാകുന്ന അസുലഭാവസരങ്ങളാണ് ഉപവാസവും തുടർന്ന് വരുന്ന പെരുന്നാൾ ആഘോഷവും. മനുഷ്യൻ അഭിമുഖീകരിക്കുന്ന സകല സംഘർഷങ്ങളിൽ നിന്നുമുള്ള പലായനമാണ് പെരുന്നാൾ സുദിനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com