ADVERTISEMENT

നാട്ടിൽനിന്നു പോരുമ്പോൾ അച്ചാറും അവലോസുപൊടിയും ഇടിചമ്മന്തിയും പൊതിയുന്ന കൂട്ടത്തിൽ ഓണവും വിഷുവും ഞാറ്റുവേലയും തൃശൂർ പൂരവുമൊക്കെ നമ്മൾ പൊതിഞ്ഞെടുക്കും. നാട്ടിലുള്ളപ്പോൾ ആഘോഷിച്ചില്ലെങ്കിലും ഗൾഫിലെത്തിയാൽ നാട്ടിലെ ആഘോഷങ്ങൾ പ്രവാസിക്ക് മസ്റ്റാണ്. ആഘോഷം ഏതായാലും മാസങ്ങൾ ആഘോഷിച്ചിരിക്കും. പേരിന് ആഘോഷിച്ചാലും തൃപ്തിയാകില്ല. എല്ലാ തനിമയോടും പ്രൗഢിയോടും കൊണ്ടാടണം. അക്കാര്യത്തിൽ ഒരിഞ്ചു വിട്ടുവീഴ്ചയ്ക്കും തയാറല്ല. അതുകൊണ്ട് തന്നെ, കേരളത്തിൽ എന്തെങ്കിലുമൊക്കെ കുറഞ്ഞാലും, പ്രവാസ ലോകത്ത് ഒന്നിനും ഒരു കുറവുമുണ്ടാകില്ല. ഉണ്ടാകാൻ അനുവദിക്കില്ല!. 

വിഷുവായാലും ഓണമായാലും മാസങ്ങൾക്കു മുൻപേ ഇവിടെ ഒരുക്കങ്ങൾ തുടങ്ങും. വിമാനങ്ങളിലും കപ്പലുകളിലും പച്ചക്കറിയും പൂക്കളും നേരത്തെ ഇടം പിടിക്കും. യുഎഇയിൽ  ഇത്തവണത്തെ വിഷു ഞായറാഴ്ച ആയതിനാൽ അവധി ഉറപ്പായി. വിഷു ആഘോഷത്തോടെ ഇത്തവണത്തെ പെരുന്നാളിന്റെ നീണ്ട അവധിയും അവസാനിക്കും. 

വിഷു സദ്യയൊക്കെ ഉണ്ട് പുതിയ ആവേശത്തോടെ തിങ്കളാഴ്ച മുതൽ ജോലിക്കും സ്കൂളിലുമൊക്കെ പോയിത്തുടങ്ങാം. മലയാളികളുടെ ആഘോഷങ്ങൾക്കു പൂക്കളൊരുക്കുന്നതിൽ മുന്നിൽ പെരുമാൾ ഫ്ലവേഴ്സാണ്. വിഷു ആഘോഷത്തിനു മാത്രം യുഎഇയിലേക്ക് 3 ടൺ കണിക്കൊന്ന പൂക്കളാണ് അവർ എത്തിച്ചത്. പുറമെ മുല്ലപ്പൂ, മിക്സ് പൂവ് എന്നിവ ചേർത്ത് 20 ടൺ പൂക്കളാണ് ഈ ഉത്സവ സീസണിലേക്കു മാത്രമായി  ഇറക്കുമതി ചെയ്തത്. 

നേരത്തെ കൊന്ന പൂത്തതിനാൽ വിഷുക്കാലമെത്തിയപ്പോഴേക്കും പൂക്കൾക്ക് ക്ഷാമമായിരുന്നു. നാട്ടിൽ നിന്നു പൂവ് കയറ്റി അയയ്ക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. വിടർന്നു ദിവസങ്ങൾ കഴിഞ്ഞവ കയറ്റി അയയ്ക്കാൻ കഴിയില്ല. മൊട്ടോടു കൂടിയത്, വിരിഞ്ഞു തുടങ്ങിയതൊക്കെ മാത്രം തിരഞ്ഞെടുക്കും.

വിമാനത്തിലെത്തും പൂക്കൾ
6 ഡിഗ്രി തണുപ്പിച്ച ബോക്സിൽ പായ്ക്ക് ചെയ്ത് വിമാനങ്ങളിലാണ് പൂക്കൾ എത്തുക. വിൽപനയ്ക്കു തൊട്ടു മുൻപ് മാത്രം ബോക്സ് തുറക്കും. 3 ദിവസംവരെ വാടില്ല. അതിനകം ഇതെല്ലാം വിറ്റുപോയിരിക്കും. വിമാനങ്ങളിൽ എത്തുന്ന പൂക്കളിലും ‘വലുപ്പച്ചെറുപ്പ’മൊക്കെയുണ്ട്. എമിറേറ്റ്സ് വിമാനത്തിൽ എത്തുന്നവയ്ക്ക് അൽപം വില കൂടും. കിലോയ്ക്ക് 30 – 40 ദിർഹമാണ് കൊന്നപ്പൂവിന്റെ വില. 

കണിയൊരുക്കാൻ വെള്ളരിയും ചക്കയും അടക്കമുള്ള വിഭവങ്ങൾ സൂപ്പർ മാർക്കറ്റുകളിൽ സുലഭം. വിഷുവിനു വീട്ടിൽ സദ്യ ഒരുക്കാൻ സമയമില്ലെങ്കിൽ അതിനും പരിഹാരമുണ്ട്. പാരഗണും ആരാമവും അടക്കം മലയാളി റസ്റ്ററന്റുകൾ വിഷു സദ്യയുമായി ഒരുങ്ങി. പാരഗണിൽ വിഷു സദ്യയ്ക്ക് 46 ദിർഹവും പാർസലിന് 49 ദിർഹവുമാണ് വില. ആരാമത്തിൽ 40 ദിർഹവും പാർസലിന് 43 ദിർഹവും നൽകണം.  ബുക്കിങ്ങും ആരംഭിച്ചു. ഇതുകൊണ്ടൊന്നും നമ്മുടെ ആഘോഷം അവസാനിക്കുന്നില്ല. പെരുന്നാളും വിഷുവും കഴിഞ്ഞാൽ, നാട്ടിലെ തിരഞ്ഞെടുപ്പ് ആഘോഷത്തിലേക്കു കടക്കും. ഏതു രാജ്യത്തായാലും മലയാളി എപ്പോഴും തിരക്കിൽ തന്നെ.

വിഷുക്കണി ഒരുക്കം
∙ വേണ്ടതെന്തൊക്കെ?
ഓട്ടുരുളി, ഉണക്കലരി, കൊന്നപ്പൂവ്, വെള്ളരിക്ക, സ്വർണം, അഷ്ടമംഗല്യം, നാളികേരം, കസവുമുണ്ട്, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, വെറ്റില, അടയ്ക്ക, പച്ചക്കറികൾ, വിളക്ക്, ശ്രീകൃഷ്ണ വിഗ്രഹം, ഗ്രന്ഥം.

∙ കണിയൊരുക്കുന്നത് ഇങ്ങനെ
ഓട്ടുരുളിയിൽ ആദ്യം ഉണക്കലരി നിരത്തുക. ഇതിൽ  കണിവെള്ളരി, കൊന്നപ്പൂക്കൾ, വെറ്റില, അടയ്ക്ക, നാളികേരം, കസവുമുണ്ട് എന്നിവ വയ്ക്കുക. സ്വർണമാല, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, ഗ്രന്ഥം എന്നിവയും ഇതോടൊപ്പം വയ്ക്കണം. ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ പ്രധാന കാർഷിക ഉൽപന്നങ്ങളെല്ലാം കണിക്ക് ഉപയോഗിക്കാം. ശ്രീകൃഷ്ണ വിഗ്രഹം വച്ച് സമീപം നിലവിളക്കു കൂടി തെളിക്കുമ്പോൾ വിഷുക്കണി ഒരുങ്ങി. ഇന്നു രാത്രി തന്നെ കണി ഒരുക്കി വയ്ക്കാം. വീട്ടിലെ മുതിർന്നവർ ആരെങ്കിലും പുലർച്ചെ ഉണർന്നു വിളക്കുകൾ തെളിക്കുന്നതോടെ കണി പൂർണമാകും. തുടർന്ന് എല്ലാവർക്കും കണി കാണാം. മുതിർന്നവർ കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങൾക്കു കൈനീട്ടം കൊടുക്കുന്ന പതിവുമുണ്ട്.

English Summary:

Vishu Celebration in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com