ADVERTISEMENT

അബുദാബി ∙ മറുനാടിനെ മലയാളക്കരയാക്കി ഗൾഫിൽ വിഷുസമൃദ്ധി. വിഷുക്കണിയും വിഭവസമൃദ്ധമായ സദ്യയും വിഷുക്കോടിയുമൊക്കെയായി ആർഭാടപൂർണമായാണ് ആഘോഷം. മറുനാട്ടിൽ കഴിയുന്ന മലയാളിയുടെ ഗൃഹാതുരത മറനീക്കി പുറത്തുവരുന്ന കാലംകൂടിയാണ് വിഷു, ഓണം, പെരുന്നാൾ, ഈസ്റ്റർ, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ. 

തനത് ചിട്ടവട്ടങ്ങളോടെ നാടിനെക്കാൾ ഗംഭീരമായാണ് ഗൾഫിലെ ആഘോഷം. ജോലി സമയവും അവധിയും അനുസരിച്ച് ആഘോഷങ്ങൾ ഒരാഴ്ച മുൻപേ തുടങ്ങും. കണിവെള്ളരി, ചക്ക, മാമ്പഴം, അരി, തേങ്ങ, പഴം, സ്വർണം, കണിക്കൊന്ന തുടങ്ങി കണി കാണാനുള്ളവ തേടിയുള്ള അലച്ചിലിനൊടുവിൽ വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരുന്നു. പിന്നീട് സമൃദ്ധിയുടെ വിഷുക്കൈനീട്ടം. നാടിന്റെ പൈതൃകം ഗൾഫിലെ പ്രവാസി ബാല്യങ്ങൾക്ക് പകർന്നു നൽകുന്നത് ഇത്തരം ആഘോഷങ്ങളിലൂടെയാണ്. അതിനാൽ അണുകുടുംബത്തിലും ചിട്ടവട്ടങ്ങൾ പരമ്പരാഗത രീതിയിൽ തന്നെ. തൂശനിലയിൽ കുത്തരിച്ചോറും സാമ്പാറും അവിയലും മാമ്പഴ പുളിശേരിയും ചക്ക എരിശ്ശേരിയും കൂട്ടുകറികളും പായസവുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ. വിഷുവിനും കൈനീട്ടത്തിനുമുള്ള കാത്തിരിപ്പിന് വലിയ ആവേശമായിരുന്നു. എന്നാൽ പ്രവാസ ലോകത്ത് നഷ്ടമാകുന്നതും ആ മധുര സ്മരണകളാണെന്ന് തൃശൂർ ചിറമനങ്ങാട് സ്വദേശി തിരിക്കപ്പറമ്പിൽ സജിത നായർ പറഞ്ഞു. 

ഇന്നത്തെ തലമുറയ്ക്ക് അന്യമാകുന്നതും ഇത്തരം മുഹൂർത്തങ്ങളാണ്.  മുത്തശ്ശനെയും മുത്തശ്ശിയെയും കൊണ്ടുവന്നാണ് ആ അനുഭവം പുതുതലമുറയ്ക്ക് പകരാൻ ശ്രമിക്കുന്നതെന്നും പറഞ്ഞു. ഇത്തവണ പെരുന്നാൾ പ്രമാണിച്ച് നീണ്ട അവധി ലഭിച്ചതിനാൽ ബന്ധുക്കൾ ഒന്നിച്ചുള്ള ആഘോഷവും ഉഷാറാണ്. 

നാട്ടിൽനിന്ന് അമ്മ ശാന്തകുമാരിയെ കൊണ്ടുവന്നാണ് വിഷു ആഘോഷമാക്കിയത്. സഹോദരൻ രാജേഷിന്റെ മകൾ റിയാൻഷിയും എത്തി. ജോലിത്തിരക്കും മറ്റും മൂലം ഇന്നലെ തന്നെ വിഷു ആഘോഷിക്കുകയായിരുന്നു സജിതയും കുടുംബവും.

English Summary:

Pravasi Malayali's Vishu celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com