ADVERTISEMENT

ദുബായ് ∙ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ ഗൾഫ് രാജ്യങ്ങളെ പ്രളയത്തിന്‍റെ സമാനമായ സാഹചര്യത്തിൽ എത്തിച്ചിരിക്കുകയാണ്. സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗൾഫിലെ സ്ഥിതിഗതികൾ തുറന്ന് എഴുതി കൊണ്ട് നിർമാതാവ് ആന്‍റോ ജോസഫ് സമൂഹ മാധ്യമത്തിൽ രംഗത്ത് വന്നിരിക്കുന്നത്.

‘‘ചെറുകിട കടകളും വൻകിട കമ്പനികളും ഉൾപ്പെടെ എല്ലാ വ്യവസായങ്ങളെയും ഈ മഴ ബാധിച്ചിരിക്കുന്നു. ജനജീവിതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ഗൾഫ്.  ഇപ്പോള്‍ മഴ പെയ്യുന്നത് ഗള്‍ഫ് നാടുകളിലാണെങ്കിലും മുങ്ങിപ്പോകുന്നത് കേരളമാണ്.  ഗൾഫിലെ ഒരു ചെറിയ പ്രതിസന്ധി പോലും കേരളത്തിലെ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങളെ തകർക്കും. ഇപ്പോഴത്തെ പ്രളയം സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്.

നമ്മുടെ പ്രവാസി സഹോദരങ്ങൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യവും അവരുടെ അധ്വാനഫലവും ഈ മഴവെള്ളത്തിൽ ഒലിച്ചുപോകുന്നു. ഗൾഫിലെ കട ഒരു ദിവസം അടച്ചുകിടന്നാലോ, ഒരു കമ്പനി ഒരാഴ്ച പൂട്ടിയിട്ടാലോ, കേരളത്തിൽ എത്രയോ അടുപ്പുകളിൽ തീ കെടും. എത്രയോ കുഞ്ഞുങ്ങൾക്ക് പുതിയ കുപ്പായം എന്ന സ്വപ്നം അസ്തമിക്കും. എത്രയോ വീടുകളുടെ നിർമാണം പാതിവഴിയിൽ നിലനിൽക്കും. എത്രയോ വാതിലുകളിൽ ജപ്തി നോട്ടീസുകൾ പതിയും.

കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ഏറ്റവും കൂടുതൽ സഹായം നൽകിയത് ഗൾഫ് പ്രവാസികളാണ്. ഇപ്പോൾ അവർ പ്രളയത്തിന്‍റെ ഇരകളാണ്. നമുക്ക് ചെയ്യാനാകുന്നത് പ്രാർത്ഥന മാത്രമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങൾക്കായി പ്രാർത്ഥിക്കാം. അവരെയും പ്രാർത്ഥനയിൽ ഒപ്പം ചേർക്കാം. ഗൾഫ് പ്രളയത്തെ അതിജീവിക്കട്ടെ. അവിടെ വീണ്ടും ഒരുപാട് സ്വപ്നങ്ങൾ തളിർക്കട്ടെ.’’ – ആന്‍റോ ജോസഫ് സമൂഹ മാധ്യമത്തിൽ വ്യക്തമാക്കി. 

 ആന്‍റോ ജോസഫിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
മരുഭൂമി എന്ന് വിളിപ്പേരുള്ള ഗള്‍ഫ് നാടുകള്‍ മഹാപ്രളയത്തില്‍ മുങ്ങിക്കിടക്കുകയാണ്. 75 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പേമാരിയില്‍ യു.എ ഇ പകച്ചുനില്കുന്നു. സൗദിയും ഒമാനുമെല്ലാം മഴയില്‍ വിറങ്ങലിച്ചുതന്നെ. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കാണുന്ന ആഹ്ലാദഭരിതമായ മഴ നൃത്തങ്ങള്‍ക്കും കാഴ്ചകള്‍ക്കുമപ്പുറമാണ് യാഥാര്‍ത്ഥ്യം. ചെറിയ കടകളെ മുതല്‍ വന്‍ കമ്പനികളെ വരെ മഴ പല തരത്തില്‍ ബാധിച്ചിട്ടുണ്ട്. ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. കാണുന്നതിനപ്പുറമുള്ള ഭയപ്പെടുത്തുന്ന മാനങ്ങളുണ്ട് ഈ പ്രകൃതി ദുരന്തത്തിന്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഗള്‍ഫ്. അവിടെ ചെറിയൊരു കാറ്റുണ്ടായാല്‍ പോലും തകരുക കേരളത്തിലെ അനേകരുടെ സ്വപ്നങ്ങളുടെ ചീട്ടു കൊട്ടാരങ്ങളാണ്. അപ്പോള്‍ ഈ മഴ ഇവിടെയുണ്ടാക്കുന്ന ആഘാതം പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ മഴ പെയ്യുന്നത് ഗള്‍ഫ് നാടുകളിലാണെങ്കിലും മുങ്ങിപ്പോകുന്നത് കേരളമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യവും അവരുടെ അധ്വാനവും മഴവെള്ളത്തില്‍ ഒലിച്ചുപോകുന്നു. ഗള്‍ഫിലെ ഒരു കട ഒരുദിവസം അടഞ്ഞുകിടന്നാല്‍, ഒരു കമ്പനി ഒരാഴ്ച പൂട്ടിയിട്ടാല്‍ കേരളത്തില്‍ ഒരുപാട് അടുപ്പുകള്‍ അണയും. കുറേ കുഞ്ഞുങ്ങള്‍ക്ക് പുതിയ കുപ്പായമെന്ന വാഗ്ദാനം ഇല്ലാതാകും. ആരുടെയൊക്കെയോ വീടുകളുടെ പണി പാതിവഴിയില്‍ നിലയ്ക്കും. ഏതൊക്കെയോ വാതിലുകളില്‍ ജപ്തി നോട്ടീസുകള്‍ പതിയും. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ സഹായം പ്രവഹിച്ചതും പ്രവാസികളില്‍ നിന്നാണ്. ഇപ്പോള്‍ അവര്‍ പ്രളയനടുവിലാണ്. നമുക്ക് ചെയ്യാനാകുന്നത് പ്രാര്‍ഥന മാത്രമാണ്. നമ്മുടെ പ്രവാസിസഹോദരങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം. അവരെയും പ്രാര്‍ഥനയില്‍ ഒപ്പം ചേര്‍ക്കാം. ഗള്‍ഫ് പ്രളയത്തെ അതിജീവിക്കട്ടെ. അവിടെ വീണ്ടും ഒരുപാട് സ്വപ്‌നങ്ങള്‍ തളിര്‍ക്കട്ടെ..

English Summary:

Anto Joseph's FB post regarding the UAE rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com