മഴക്കെടുതി: ഒമാനിൽ മരണസംഖ്യ 21 ആയി ഉയർന്നു
Mail This Article
മസ്‌കത്ത്∙ ഒമാനിലെ തുടർച്ചയായ മഴക്കെടുതിയിൽ മരണസംഖ്യ 21 ആയി ഉയർന്നു. മഹൂത്തിൽ കാണാതായ സ്വദേശി വനിതയുടെയും സഹമിൽ കാണാതായ പ്രവാസിയുടെയും മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെത്തി. സഹമിൽ നിന്ന് ബുധനാഴ്ച വൈകീട്ട് പ്രവാസി ബാലികയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിനിടെ, മഴയിൽ മതിലിടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി സുനിൽ കുമാർ സദാനന്ദന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.
∙ മഴ ശമിച്ചു, നാശനഷ്ടങ്ങളുടെ വിലയിരുത്തൽ
നാല് ദിവസത്തോളം നീണ്ടുനിന്ന മഴ ഇപ്പോൾ രാജ്യത്തെങ്ങും ശമിച്ചിരിക്കുന്നു. ചില സ്ഥലങ്ങളിൽ നേരിയ മഴ പെയ്തിറങ്ങിയെങ്കിലും മിക്ക സ്ഥലങ്ങളിലും വെളിച്ചമുള്ള കാലാവസ്ഥയാണ് നിലനിൽക്കുന്നത്. റോഡുകളിലും മറ്റും ഉണ്ടായ തടസ്സങ്ങൾ നീക്കുന്നതിനും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്
∙ വ്യാപക നാശനഷ്ടങ്ങൾ
രാജ്യമെമ്പാടും വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി പ്രദേശങ്ങൾ വെള്ളത്തിലാവുകയും വാഹനങ്ങൾ അടക്കമുള്ളവ ഒലിച്ചു പോവുകയും ചെയ്തു. മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ, സിഗ്‌നലുകൾ തുടങ്ങിയവ നിലം പതിച്ചപ്പോൾ ചിലയിടങ്ങളിൽ അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കടകളിൽ വെച്ചിരുന്ന ഇരിപ്പിടങ്ങൾ പോലുള്ള സാധനങ്ങൾ പാറിപ്പോയി. നിരവധി കടകളിൽ വെള്ളം കയറി
∙ ഏറ്റവും കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങൾ
ഏപ്രിൽ 14നും 17നും ഇടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബുറൈമി ഗവർണറേറ്റിലെ മഹദ വിലായത്തിലാണ്. പ്രദേശത്ത് 302 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. യങ്കല്‍ (240 മില്ലിമീറ്റര്‍), ലിവ (236 മില്ലിമീറ്റര്‍), ശിനാസ് (206 മില്ലിമീറ്റര്‍), ഇബ്ര (196 മില്ലിമീറ്റര്‍), അവാബി (195 മില്ലിമീറ്റര്‍), ഖസബ് (194 മില്ലിമീറ്റര്‍), അല്‍ ഹംറ (177 മില്ലിമീറ്റര്‍), ഇസ്‌കി (170 മില്ലിമീറ്റര്‍) എന്നിവയാണ് മറ്റ് പ്രധാന മഴ ലഭിച്ച സ്ഥലങ്ങൾ
.