ADVERTISEMENT

ഷാർജ∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയെ തുടർന്ന് ഷാർജയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. ചിലയിടങ്ങളിൽ സ്വദേശികളുടെ പിന്തുണയും ഇവർക്ക് ലഭിക്കുന്നു. കാര്യമായ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഭക്ഷണം പോലും വാങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ, ഭക്ഷണപ്പൊതികളും പലചരക്ക് സാധനങ്ങളും അടിയന്തര മരുന്നുകളുമായി സ്ത്രീകളടക്കമുള്ള ഇന്ത്യക്കാരുടെ വാഹനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. താമസ സ്ഥലം നഷ്ടപ്പെട്ടവർക്ക് താത്കാലിക താമസ സൗകര്യം ഒരുക്കാനും ഇവർ സഹായിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജോലിയിൽ നിന്ന് അവധി എടുത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായവരുടെ എണ്ണം ഏറെയാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും ആളുകൾ സംഘം ചേർന്നും വ്യക്തികളും തങ്ങളുടെ സാമൂഹിക സന്നദ്ധത പ്രകടിപ്പിക്കുന്നു. പലരുടെയും വീടുകളിൽ സാധനങ്ങൾ ശേഖരിച്ചാണ് വിതരണം നടത്തുന്നത്.

ഷാർജയിൽ സന്നദ്ധസേവനം നടത്തുന്ന മലയാളി സംഘം. Credit-special arrangement.
ഷാർജയിൽ സന്നദ്ധസേവനം നടത്തുന്ന മലയാളി സംഘം. Image Credit:Special arrangement.

കൂടാതെ, ലുലു ഗ്രൂപ്പ്, അൽ മറായ് തുടങ്ങിയ ചില വ്യാപാര സ്ഥാപനങ്ങൾ ഭക്ഷണക്കിറ്റുകളും പാൽ ഉത്പന്നങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നു. ചില മെഡിക്കൽ സ്ഥാപനങ്ങൾ സൗജന്യ മരുന്നും നൽകുന്നുണ്ട്. സൗജന്യ ദന്തചികിത്സ പോലും നൽകാൻ തയ്യാറായ ക്ലിനിക്കുകളും ദുരിതകാലത്തെ നന്മയുടെ കാഴ്ചകളാണ്.

ഷാർജയിൽ സന്നദ്ധസേവനം നടത്തുന്ന മലയാളി സംഘം. Credit-special arrangement
ഷാർജയിൽ സന്നദ്ധസേവനം നടത്തുന്ന മലയാളി സംഘം. Image Credit:Special arrangement.

വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് ഒരേ പോലെ സേവനം നൽകുന്നതിനായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കുകൾ ക്രമീകരിച്ചിട്ടുണ്ട്. അബുഷഗാര, മുവൈല, മജാസ്, സിറ്റി സെന്‍ററിന് പിൻവശം, കിങ് ഫൈസൽ സട്രീറ്റ്, അൽ നഹ്ദ, അൽ വഹ്ദ തുടങ്ങിയ സ്ഥലങ്ങൾ ആണ് പ്രധാനമായും ദുരിത ബാധിത പ്രദേശങ്ങൾ.  അതേസമയം, മഴവെള്ളം നീക്കം ചെയ്യുന്നതിനുള്ള ഊർജിത ശ്രമം ഷാർജ മുനിസിപാലിറ്റിയും പൊലീസും സംയുക്തമായി യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു. വെള്ളം കടലിലേക്ക് ഒഴുക്കിക്കളയാനുള്ള പ്രവർത്തനം അധികൃതർ ആരംഭിച്ചതോടെ പ്രശ്നങ്ങൾ വൈകാതെ പരിഹരിക്കപ്പെടുമെന്ന  ശുഭസൂചന നൽകുന്നുണ്ട്. വലിയ മോട്ടോറുകളും പൈപ്പുമുപയോഗിച്ചാണ് ഖാലിദ് തടാകത്തിലേക്ക് വെള്ളം ഒഴുക്കുന്നത്. ഏറ്റവും കൂടുതൽ വെള്ളം കെട്ടിനിൽക്കുന്ന കിങ് ഫൈസൽ സ്ട്രീറ്റിലെ പ്രവൃത്തി പൂർത്തിയായാൽ മറ്റിടങ്ങളിലെ വെള്ളവും കുറയുമെന്നാണ് പ്രതീക്ഷ.

 uae-rain-the-relief-work-of-indians-including-malayalees

മഴ മാറി അഞ്ച് ദിവസം പിന്നിട്ടിട്ടും ഷാർജയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. പലയിടങ്ങളിലും ചളി അടിഞ്ഞുകൂടിയതും രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ പ്രതിസന്ധി മറികടന്ന് വൈദ്യുതിയില്ലാത്ത കെട്ടിടങ്ങളിലെ ഫ്ലാറ്റുകളിലേക്ക് ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ എന്നിവ എത്തിക്കാൻ സന്നദ്ധസേവാ സംഘാംഗങ്ങൾക്ക് വലിയ പ്രയാസം നേരിടേണ്ടി വരുന്നു എന്ന് സംഘാംഗം ഫർമാൻ അടൂർ പറഞ്ഞു. ഒട്ടേറെ ടീമുകൾ ഈ ദുഷ്കരമായ സാഹചര്യത്തിലും ഭക്ഷണവും കുടിവെള്ളവും മരുന്നും വിതരണം ചെയ്യുന്നതിൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കുന്നു.

ഷാർജയിൽ സന്നദ്ധസേവനം നടത്തുന്ന മലയാളി സംഘം. Credit-special arrangement
ഷാർജയിൽ സന്നദ്ധസേവനം നടത്തുന്ന മലയാളി സംഘം. Image Credit:Special arrangement.

∙ വനിതാ സംഘങ്ങളും സജീവം
പുരുഷന്മാരെ പോലെ വനിതാ സംഘങ്ങളും ഷാർജയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നുണ്ട്. നൂറിലേറെ വനിതാ സന്നദ്ധസേവകരെ ഉൾക്കൊള്ളുന്ന ഒരു ടീമിന് നേതൃത്വം നൽകുന്നത് മധ്യപ്രദേശുകാരിയായ സ്കൂൾ അധ്യാപിക ഷബാന ഹസൻ ആണ്. ഷബാന ഹസന്‍റെ ഷാർജയിലെ വീട്ടിലാണ് പലചരക്ക് സാധനങ്ങളും റെഡി ടു കുക്ക് വിഭവങ്ങളും ശേഖരിക്കുന്നത്. തുടർന്ന് നാലഞ്ച് പേരടങ്ങുന്ന ചെറിയ സംഘങ്ങളായി തിരിഞ്ഞാണ് ഇവ വിതരണം നടത്തുന്നത്. പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നത് പ്രവർത്തനങ്ങൾക്ക് തടസ്സമായി മാറുന്നുണ്ടെങ്കിലും, സന്നദ്ധസേവകർ പിന്തിരിയാതെ മുന്നോട്ടുതന്നെ പ്രവർത്തിക്കുകയാണ്. 

ഷാർജയിൽ സന്നദ്ധസേവനം നടത്തുന്ന മലയാളി സംഘം. Credit-special arrangement.
ഷാർജയിൽ സന്നദ്ധസേവനം നടത്തുന്ന മലയാളി സംഘം. Image Credit:Special arrangement.

∙ വാട്സ് ആപ്പ് കൂട്ടായ്മകളിലൂടെ ഏകോപനം
ഷാർജയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ വലിയ പങ്ക് വഹിക്കുന്നു. 'റെയിൻ: സപോർട് യുഎഇ' അടക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകൾ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഡബ്ല്യു എംഎഫിന്‍റെ യുഎഇ കോ ഓർഡിനേറ്റർ ഷിജി മാത്യുവാണ് ഈ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്നത്. സിയാദ് കൊടുങ്ങല്ലൂർ, മുഹമ്മദ് അക്ബർ, വീരാൻകുട്ടി, അഡ്വ.നജ്മുദ്ദീൻ, നിഷ രതീഷ്, ജാസ്മിൻ സമദ്, ജൂഡ് പയസ്, ബൈജു പി. ചാക്കോ എന്നിവരാണ് ഷിജി മാത്യുവിനെ സഹായിക്കുന്നത്. മുഹൈസിന വാസൽ ഒയാസിസിലെ താമസക്കാരുടെ 'ആർ453 ഫാമിലി' എന്ന വാട്സ് ആപ്പ് ഗ്രൂപ്പും ഭക്ഷണസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നുണ്ട്. ഏകദേശം 5 വാഹനം നിറയെ ഭക്ഷ്യവസ്തുക്കളും ഗ്രോസറി സാധനങ്ങളും ഷാർജ അൽ മജാസ് ഏരിയയിൽ ഇതിനകം വിതരണം ചെയ്തതായി ഗ്രൂപ്പംഗമായ ടി.എ. ആഷ് ലി പറഞ്ഞു. 4X4 നാഷൻ യുഎഇ, എൽസി ഓഫ് റോഡേഴ്സ് എന്നിവയടക്കം നിരവധി സന്നദ്ധസംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.

∙ രക്ഷാപ്രവർത്തനം ജാഗ്രതയോടെ 
ഷാർജയിലെ വെള്ളപ്പൊക്കത്തിൽ  മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പലയിടത്തും മാൻഹോൾ പോലുള്ള ആഴമുള്ള കുഴികൾ മറഞ്ഞിരിക്കുന്നതിനാൽ അതിൽ വീഴാതെ സൂക്ഷിക്കണം. കഴിഞ്ഞ ദിവസം സന്നദ്ധസേവകരിലൊരാളായ മലയാളി യുവാവായ നവീൻ ഒരു മാൻഹോളിൽ വീണെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെടുകയുമായിരുന്നു. ഇത്തരം സ്ഥലങ്ങളിലൂടെ പോകുമ്പോൾ ആ സ്ഥലങ്ങള്‍ പരിചയമുള്ള ആരുടെയെങ്കിലും സഹായം തേടുകയോ മറ്റോ ചെയ്യുക.

English Summary:

UAE RAIN: Relief Work of Indians, Including the Malayalees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com