ADVERTISEMENT

മനാമ ∙ ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണം ലോകമെമ്പാടുമുള്ള പ്രവാസികൾക്കിടയിലും പ്രതിധ്വനിക്കുകയാണ്. പ്രത്യേകിച്ച്, ബഹ്റൈനിലെ മലയാളി സമൂഹം ഈ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ബഹ്റൈനിൽ കേരളത്തിലെ ഓരോ മണ്ഡലങ്ങളിലെയും പ്രവാസികളെ കേന്ദ്രീകരിച്ച് നിരവധി രാഷ്ട്രീയ കൺവെൻഷനുകൾ നടന്നു. ഈ കൺവെൻഷനുകൾ സംഘടിപ്പിച്ചത് ഇടതുപക്ഷ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലും കോൺഗ്രസ് പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുമാണ്.

ആലത്തൂർ - പാലക്കാട് മണ്ഡലം, കോഴിക്കോട് -വടകര, തിരുവനന്തപുരം-ആറ്റിങ്ങൽ, എറണാകുളം-ആലപ്പുഴ -മാവേലിക്കര, കാസർഗോഡ്-കണ്ണൂർ വയനാട് എന്നിങ്ങനെ അടുത്തടുത്ത രണ്ടോ മൂന്നോ മണ്ഡലങ്ങൾ ചേർത്താണ് ഇടതുപക്ഷ പ്രവാസി സംഘടനകൾ ചേർന്നുള്ള കൺവെൻഷനുകൾ സംഘടിപ്പിച്ചത്. ബഹ്‌റൈൻ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൂട്ടായ്മയും ചേർന്നാണ് ഈ കൺവെൻഷനുകൾക്ക് ചുക്കാൻ പിടിച്ചത്. സിപിഐയുടെ പോഷക സംഘടനയായ നവകേരള, ഐഎംസിസി ബഹ്‌റൈൻ, എൻസിപി ബഹ്‌റൈൻ ചാപ്റ്റർ എന്നിവയാണ് ഇടതുപക്ഷ കൺവെൻഷനുകൾക്കും പ്രചാരണത്തിനും ചുക്കാൻ പിടിച്ചത്.

ഷാഫി പറമ്പിലിനു വേണ്ടി ബഹ്‌റൈൻ സുഹൃത്തുക്കൾ  സെൻട്രൽ മാർക്കറ്റിൽ.
ഷാഫി പറമ്പിലിനു വേണ്ടി ബഹ്‌റൈൻ സുഹൃത്തുക്കൾ സെൻട്രൽ മാർക്കറ്റിൽ.

കെപിസിസിയുടെ പോഷക സംഘടനയായ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട, എറണാകുളം, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിലെ പ്രവർത്തകർ യുഡിഎഫിന്‍റെ വിജയത്തിന് വേണ്ടിയുള്ള പ്രചാരണ കൺവെൻഷനുകളും യോഗങ്ങളും സംഘടിപ്പിച്ചു. ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള വടകര മണ്ഡലത്തിൽ ഷാഫി പറമ്പിലിന്‍റെ വിജയത്തിന് വേണ്ടി പ്രത്യേകിച്ചും ഐവൈസി ഇന്‍റർനാഷണലിന്‍റെ ആഭിമുഖ്യത്തിൽ ഷാഫിയുടെ സഹപാഠികളും സുഹൃത്തുക്കളും പ്രത്യേക പ്രചാരണങ്ങൾ തന്നെ നടത്തുകയുണ്ടായി. കൂടാതെ ബഹ്‌റൈൻ ഐവൈസിസിയുടെ ആഭിമുഖ്യത്തിൽ കെഎംസിസി, ഐഓസി, ഒഐസിസി, ആംആദ്‌മി, നൗക ബഹ്‌റൈൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യുഡിഎഫ് കൺവെൻഷനും സംഘടിപ്പിക്കുകയുണ്ടായി.

 എൽഡിഎഫ് കൺവെൻഷൻ.
എൽഡിഎഫ് കൺവെൻഷൻ.

പത്തനംതിട്ട ഒഐസിസിയുടെ ആഭിമുഖ്യത്തിൽ 'ഹലോ ആന്‍റോയ്ക്കൊരു വോട്ട്' എന്ന ക്യാമ്പെയിനും സംഘടിപ്പിക്കുകയുണ്ടായി. ഇരുപക്ഷങ്ങളുടെയും എല്ലാ കൺവെൻഷനുകളിലും നിരവധി പ്രവാസികളാണ് സംബന്ധിച്ചത്. കഴിയുന്നത്ര വോട്ടർമാരെ നാട്ടിലേക്കയക്കാനും, അല്ലാത്തവരുടെ നാട്ടിലുള്ള ബന്ധുക്കളെക്കൊണ്ട് വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കുവാനുമാണ് പ്രവാസി സംഘടനകൾ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നത്. നിരവധി മലയാളികൾ ജോലി ചെയ്യുന്ന സെൻട്രൽ മാർക്കറ്റിൽ വെള്ളിയാഴ്ചകളിൽ  എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പോഷക സംഘടനകളുടെ നേതാക്കൾ ഒരുമിച്ചാണ് വോട്ട് തേടിയിറങ്ങിയതെന്നുള്ളതാണ്  നാട്ടിലെ വോട്ടുപിടുത്തവുമായുള്ള ഏക വ്യത്യാസം.

 എൽഡിഎഫ് കൺവെൻഷൻ.
എൽഡിഎഫ് കൺവെൻഷൻ.

ബഹ്‌റൈനിൽ ബിജെപിയുടെ പോഷക സംഘടന പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തിൽ അവർ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നില്ല. മൂന്ന് മുന്നണികളുടെയും ബഹ്‌റൈനിലെ പ്രധാന നേതാക്കൾ എല്ലാം ഇപ്പോൾ അവരവരുടെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ്.യുഡിഎഫിന് വേണ്ടി ബഹ്‌റൈൻ കെഎംസിസിയും സജീവമായി രംഗത്തുണ്ട്. കെഎംസിസി ഹാളിൽ നേതാക്കന്മാർ എല്ലാവരും ചേർന്നുള്ള കൺവെൻഷനും പ്രത്യേകം സംഘടിപ്പിച്ചിരുന്നു.

English Summary:

Pravasi Association Organised Election Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com