ADVERTISEMENT

ദുബായ് ∙ സ്വകാര്യ മേഖലയിലെ തൊഴിൽ ചെയ്യുന്നതിന് കൃത്യമായ നിയമങ്ങളുളള രാജ്യമാണ് യുഎഇ. 2021 ലെ 33–ാം  നമ്പർ ഫെഡറല്‍ നിയമത്തിലെ ആർട്ടിക്കള്‍ 6 അനുസരിച്ച് വിവിധ മേഖലയില്‍ വർക്ക് പെർമിറ്റ് അനുവദിക്കുന്നുണ്ട് മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം. അനുമതിയില്ലാതെ ജോലി ചെയ്യുന്നത് യുഎഇയില്‍ നിയമവിരുദ്ധമാണ്. മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം 13 തരത്തിലുളള ജോലി അനുമതിയാണ് നല്‍കുന്നത്.

∙ അറിയാം 13 തരം വർക്ക് പെർമിറ്റുകള്‍
1. ഏറ്റവും പ്രധാനപ്പെട്ടത് യുഎഇയ്ക്ക് പുറത്തുനിന്നുമുളള ഒരാള്‍ക്ക് രാജ്യത്ത് എത്തി ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വർക്ക് പെർമിറ്റാണ്. 

2. വിദേശപൗരന് ഒരു സ്ഥാപനത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറി ജോലി ചെയ്യാന്‍ വർക്ക് പെർമിറ്റെടുക്കാം.

3. ഭാര്യയുടേയോ ഭർത്താവിന്‍റേയോ കുടുംബാംഗങ്ങളിലാരുടെയെങ്കിലുമോ സ്പോണ്‍സർഷിപ്പിലാണെങ്കിലും വർക്ക് പെർമിറ്റ് നേടി ജോലി ചെയ്യാം.

4. ഒരു നിശ്ചിത സമയ പരിധിയ്ക്കുളളില്‍ തീർക്കാന്‍ സാധിക്കുന്ന ജോലിയ്ക്കായി വർക്ക് പെർമിറ്റ് എടുത്ത് ജോലി ചെയ്യിക്കാവുന്നതാണ്.

5. ഒരു താൽക്കാലിക ജോലി പൂർത്തിയാക്കാൻ വിദേശത്ത് നിന്ന് ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മിഷൻ വർക്ക് പെർമിറ്റ് മന്ത്രാലയം നല്‍കുന്നുണ്ട്.

6. ഒരു നിശ്ചിത കാലയളവിലേക്കുള്ള ഒരു പ്രത്യേക പദ്ധതിയില്‍ ഒരു പാർട്ട് ടൈം കരാറിന് കീഴിൽ ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനായി ഒരു പാർട്ട് ടൈം വർക്ക് പെർമിറ്റ് ലഭിക്കും.

7. 15 മുതല്‍ 18 വയസ്സുളളവർക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ജുവനൈല്‍ വർക്ക് പെർമിറ്റ്.

8. യുഎഇയിലുളള വിദ്യാർഥിയാണെങ്കില്‍ പരിശീലനമെന്ന രീതിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്റ്റ്യൂഡന്‍റ് ട്രെയിനിംഗ് ആന്‍റ് എംപ്ലോയ്മെന്‍റ് പെർമിറ്റ് ലഭിക്കും.

9. യുഎഇ-ജിസിസി പൗരന്മാരാണെങ്കില്‍ യുഎഇ ജിസിസി നാഷണല്‍ പെർമിറ്റ് ലഭിക്കും

10. യുഎഇയുടെ ഗോൾഡൻ റെസിഡൻസ് വീസ കൈവശമുള്ളവർക്ക് ഒരു തൊഴിലാളിയെ നിയമിക്കുന്നതിനായി ഗോൾഡൻ വീസ ഹോൾഡർ പെർമിറ്റ് ലഭ്യമാകും.

11. യുഎഇ പൗരനെ പരിശീലിപ്പിക്കാൻ ദേശീയ ട്രെയിനി പെർമിറ്റുണ്ട്.

12. വ്യക്തികൾക്കോ ​​കമ്പനികൾക്കോ സ്വയം സ്പോൺസർ ചെയ്യാന്‍ സാധിക്കുന്ന ഫ്രീലാൻസ് പെർമിറ്റ്. ​​(യുഎഇയിലെ ഒരു പ്രത്യേക തൊഴിൽ ദാതാവ് സ്പോൺസർ ചെയ്യാതെയും തൊഴിൽ കരാർ ഇല്ലാതെയുമുളള സേവനങ്ങൾ നൽകുന്നതോ ജോലികൾ ചെയ്യുന്നതോ ആയവർക്ക് ഉപകാരപ്രദമാകുന്നത്)

13. സ്വകാര്യ അധ്യാപകർക്കായുളള വർക്ക് പെർമിറ്റ് വിദ്യാർഥികളെ പഠിപ്പിക്കാന്‍ യോഗ്യതയുളള പ്രഫഷണലുകള്‍ക്ക് ലഭ്യമാകും.

സർക്കാർ സ്വകാര്യ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അധ്യാപകർ, സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർ, തൊഴിൽരഹിതരായ വ്യക്തികൾ, 15 മുതൽ 18 വയസ്സുവരെയുള്ള സ്‌കൂൾ വിദ്യാർഥികൾ, യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ എന്നിവർക്ക് 'പ്രൈവറ്റ് ടീച്ചർ വർക്ക്' പെർമിറ്റിന് അപേക്ഷ നല്‍കാം. മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ ഡിജിറ്റല്‍ സേവനസംവിധാനം വഴിയോ അപേക്ഷ നല്‍കാവുന്നതാണ്. രണ്ട് വർഷത്തേക്ക് സൗജന്യമായാണ് പെർമിറ്റ് അനുവദിക്കുന്നത്. മന്ത്രായത്തിന്‍റെ അനുമതിയില്ലാതെ പഠിപ്പിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന പിഴ കിട്ടും.

Image Credits: chaylek/Shutterstock.com
സ്ഥാപനങ്ങളാണ് വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതെങ്കില്‍ സാധ്യതയുളള ട്രേഡ് ലൈസന്‍സ് ഉണ്ടായിരിക്കണം. Image Credits: chaylek/Shutterstock.com

∙ സ്ഥാപനങ്ങള്‍ അപേക്ഷിക്കേണ്ടത് എങ്ങനെ
സ്ഥാപനങ്ങളാണ് വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതെങ്കില്‍ സാധ്യതയുളള ട്രേഡ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്ഥാപനത്തിന്റെ അംഗീകൃത സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഒപ്പോടുകൂടിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ അപേക്ഷ നിരസിക്കപ്പെടും.

∙ വർക്ക് പെർമിറ്റ് റദ്ദാക്കുമ്പോള്‍
ജോലി ചെയ്ത വ്യക്തിക്കുളള മുഴുവന്‍ ശമ്പളവും സ്ഥാപനം നല്‍കിയിരിക്കണം. അനുമതി റദ്ദാക്കണമെന്നുളള അപേക്ഷയില്‍ തൊഴിലാളിയുടെ ഒപ്പ് വച്ചിരിക്കണം. മാത്രമല്ല ഫെഡറല്‍ ഡിക്രി നിയമം 33 അനുസരിച്ചുളള നിർദ്ദേശങ്ങള്‍ പാലിച്ചാകണം വർക്ക് പെർമിറ്റ് റദ്ദാക്കാന്‍ അപേക്ഷ സമർപ്പിക്കേണ്ടത്.

മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയത്തിന്‍റെ വെബ് സൈറ്റ് പ്രകാരം വിവിധ വർക്ക് പെർമിറ്റുകള്‍ക്ക് ഈടാക്കുന്ന ഫീസ് ഇതാണ്. (സാധ്യതയുളള യുഎഇ താമസവീസയുളളവരാണെങ്കില്‍)

∙ ജുവൈനല്‍ വർക്ക് പെർമിറ്റ് : 50 ദിർഹം
∙ താല്‍ക്കാലിക വർക്ക് പെർമിറ്റ്: 50 ദിർഹം
∙ പാർട്ട് ടൈം വർക്ക് പെർമിറ്റ്: 50 ദിർഹം
∙ ട്രെയിനിംഗ് പെർമിറ്റ്: 50 ദിർഹം
∙ വർക്കർ ടെസ്റ്റിംഗ് പെർമിറ്റ്: 50 ദിർഹം
∙ താമസവീസയുളളവർക്കുളള വർക്ക് പെർമിറ്റ്:  50 ദിർഹം

ഗോള്‍ഡന്‍ വീസയുളളവർ അല്ലെങ്കില്‍ സെല്‍ഫ് എംപ്ലോയിഡായ ഫ്രീലാന്‍സ് വീസയുളളവർക്കുളള 2 വർഷത്തേക്കുളള വർക്ക് പെർമിറ്റ് 250 ദിർഹമാണ്. രാജ്യത്തിന് പുറത്തുനിന്നുളളവരാണെങ്കില്‍ 3 വിഭാഗങ്ങളായാണ് ഫീസ് ഘടന. വിശദമായ വിവരങ്ങള്‍ മന്ത്രാലയ വെബ്സൈറ്റില്‍ ലഭ്യമാണ്.

(മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയ വെബ്സൈറ്റ് വിവരങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയ ലേഖനം)

English Summary:

UAE Career: Everything you Know About all the 13 Work Permit Options

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com