സൗദിയിൽ ഒരു വ്യക്തി പ്രതിമാസം ശരാശരി ഉപയോഗിക്കുന്നത് 44 ജിബി ഡേറ്റ

Mail This Article
ജിദ്ദ ∙ സൗദിയിൽ ഓരോരുത്തരും പ്രതിമാസം ശരാശരി 44 ജിബി ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കുന്നതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പകുതിയിലേറെ പേര്‍ ദിവസേന ഏഴു മണിക്കൂറും അതില്‍ കൂടുതലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഇത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണ്. രാത്രി ഒമ്പതു മുതല്‍ പതിനൊന്നു വരെയുള്ള സമയത്താണ് സൗദി നിവാസികള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.
ആഴ്ചയില്‍ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ദിവസം വെള്ളിയാഴ്ചയാണ്. ഇന്റര്‍നെറ്റ് ബ്രൗസിങിന് 98.9 ശതമാനം പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. രാജ്യത്ത് 63.7 ശതമാനം പേര്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നു. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന സാമൂഹികമാധ്യമ ആപ്പുകളില്‍ മുന്‍നിരയില്‍ വാട്‌സാപ് ആണ്. രണ്ടാം സ്ഥാനത്ത് സ്‌നാപ് ചാറ്റും മൂന്നാം സ്ഥാനത്ത് യുട്യൂബും ആണ്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത സര്‍ക്കാര്‍ ആപ്പുകള്‍ നഫാദ്, അബ്ശിര്‍, തവക്കല്‍നാ ഖിദ്മാത്ത് എന്നിവയാണെന്നും കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.