ADVERTISEMENT

റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണണം, പറ്റുമെങ്കിൽ ഒരു കയ്യൊപ്പ് വാങ്ങണം. യുഎഇയിലെ ഷാർജയിൽ ജോലി ചെയ്യുന്ന ഈ കട്ട മലയാളി ആരാധകൻ പിന്നെ ഒന്നും നോക്കിയില്ല, ഇറങ്ങി ഒറ്റ നടത്തമായിരുന്നു. അടുത്തുള്ള സ്ഥലത്തേയ്ക്കൊന്നുമല്ല നടന്നത്–1200 കിലോ മീറ്ററിപ്പുറമുള്ള അയൽരാജ്യമായ റിയാദിലേയ്ക്ക്. 38 ദിവസമാണ് താമരശ്ശേരി, കോടഞ്ചേരി സ്വദേശി കണ്ണോത്ത് കെ.പി. സിവിൻ എന്ന ചെറുപ്പക്കാരൻ സുവർണതാരത്തെ കാണാൻ ഒറ്റയ്ക്ക് നടന്നത്.

തിരികെ ദുബായിലേക്ക് മടങ്ങാൻ ഇനി 10 ദിവസം ബാക്കി. ഒരു വട്ടമെങ്കിലും അടുത്തെത്തി സ്വപ്നസാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ് ഈ യുവാവ്. റിയാദിൽ എത്തിയ ദിവസം മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിനെത്തുന്ന അൽ നാസർ ക്ലബിന്റെ കവാടത്തിൽ കാത്തു നിൽക്കും. ഇതിനിടയിൽ കാറിലെത്തി മടങ്ങുന്ന താരത്തെ മിക്ക ദിവസവും ദൂരെ നിന്നും കാണാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വാഹനത്തിലിരുന്ന റൊണാൾഡോ കൈവീശികാണിച്ചതും ചിരി സമ്മാനിച്ചതും പ്രതീക്ഷ വർദ്ധിപ്പിച്ചു. സിവിൻ എന്ന ഇന്ത്യക്കാരന്റെ ആരാധനയും ദീർഘദൂരം നടന്നു താണ്ടിയതിനെപ്പറ്റിയും അൽനാസറിന്റെ കവാടത്തിലെ പ്രതീക്ഷയോടെയുള്ള കാത്തു നിൽപ്പും ഒക്കെ സൗദി എം ബി സി ചാനലിലടക്കം വാർത്തയായിരുന്നു. ഒരു പക്ഷേ അതിലൂടെ തന്നെ കുറിച്ച് അറിഞ്ഞതാവാം ചിരി കിട്ടിയതിനും കാരണമെന്നുമുള്ള ശുഭ വിശ്വാസത്തിലാണ് സിവിൻ.

അൽ നാസർ ക്ലബ് നൽകിയ സമ്മാനവുമായി സിവിൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അൽ നാസർ ക്ലബ് നൽകിയ സമ്മാനവുമായി സിവിൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ അൽ നാസർ ക്ലബിന്റെ സമ്മാനം
കഴിഞ്ഞ 12 ദിവസങ്ങളായി തങ്ങളുടെ ക്ലബിന്റെ കവാടത്തിൽ രാവിലെയും വൈകുന്നേരങ്ങളിലുമായി മുടങ്ങാതെ സിആർ7 എന്ന പോസ്റ്ററുമൊക്കെയായി എത്തി കാത്തു നിൽക്കുന്ന ഈ ചെറുപ്പക്കാരനെ ഒരു പ്രാദേശിക ചാനൽ സമീപിച്ചതോടെ ക്ലബ് അധികൃതർ ശ്രദ്ധിച്ചു. ആരാധനകൊണ്ട് ദുബായിൽ നിന്നും റിയാദ് വരെയുള്ള സാഹസിക നടത്തകഥയും അൽനാസർ ക്ലബ് അധികൃതർ തിരിച്ചറിഞ്ഞു. ഓഫീസിലേക്ക് വിളിപ്പിച്ച് അവർ ഒരു ചെറു സമ്മാനം നൽകിയത് തന്റെ പ്രയത്നത്തിന് ഇഷ്ടതാരത്തിൽ നിന്നും കിട്ടിയതിനു തുല്യമായി വിലമതിക്കുകയാണ്.

കെ.പി. സിവിൻ സൗദി റിയാദിലെ അൽ നാസർ ക്ലബിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കെ.പി. സിവിൻ സൗദി റിയാദിലെ അൽ നാസർ ക്ലബിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ സ്നേഹാദരം കൈമാറണം, പിന്നെ ഒന്നിച്ചൊരു ഫോട്ടോ
നടന്നുകൊണ്ട് ദൂര യാത്രകളും ഫുട്ബോളും ഹരമാക്കിയ സിവിൻ രണ്ടു വർഷം മുൻപാണ് ദുബായിലെ ഒമാൻ ഇൻഷൂറൻസ് സെയിൽസ് വിഭാഗത്തിലെ ഫിനാൻഷ്യൽ അഡ്വൈസർ ജോലിയിൽ ഷാർജയിലെത്തിയത്. തന്റെ ചങ്കിലെ മിടിപ്പായ ഫുട്ബോൾ നമ്പർ വൺ താരം റൊണാൾഡോ സൗദി ക്ലബിലെത്തിയപ്പോൾ എങ്ങനെയും ഒന്നു കണ്ടാൽ മതിയെന്ന ആഗ്രഹം അതോടെ കുതിച്ചുപൊങ്ങി. യൂറോപ്പിലൊന്നും പോയി കാണാനുള്ള വഴിയില്ലാത്ത തനിക്ക്  റോണാൾഡോയെ അടുത്ത്കാണാൻ ഇതിനേക്കാൾ നല്ല അവസരം വേറെ എങ്ങും കിട്ടില്ല. എനിക്ക് അദ്ദേഹത്തിന്റെ നേരിട്ടുള്ള കളി കാണുന്നതിനേക്കാൾ ഉപരിയായി ഒരു ഓട്ടോഗ്രാഫ്, അടുത്തുനിന്ന് ഒരു ഫോട്ടോ ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. റൊണാൾഡോയുള്ള ഹൃദയത്തിലെ സ്നേഹവും ആദരവും പ്രകടിപ്പിക്കാനാണ് സാഹസികമായി ഈ നടത്തം തിരഞ്ഞെടുത്തതെന്നും സിവിൻ പറഞ്ഞു.

∙ ഏഴ് ദിവസം കണ്ടു; ആ മുഖകാന്തി
റിയാദിലെത്തി കഴിഞ്ഞ ഏഴു ദിവസവും അൽ നാസറിലെത്തി മടങ്ങുന്ന തന്റെ ഇഷ്ടതാരത്തെ  ദൂരെ നിന്നാണെങ്കിലും കാണാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവും സിവിൻ മറച്ചുവയ്ക്കുന്നില്ല. ഇനി കാണാനായില്ലെങ്കിലും അതിൽ ഖേദമില്ല. ദൂരെ നിന്നാണെങ്കിലും പ്രിയപ്പെട്ട താരം എന്നെ നോക്കി ചിരിച്ചതും കൈവീശി കാണിക്കുന്നതും കഴിഞ്ഞ ഏഴു ദിവസമായി എനിക്ക് ലഭിച്ച ഏറ്റവും വലിയ അഭിമാനകരമായ നേട്ടമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടുരുന്ന ഭൂമിയിലെ പൊന്‍താരം ദൂരെ നിന്നാണെങ്കിൽ പോലും നൽകുന്ന സന്തോഷം എറ്റവും വലുതാണെന്നും തന്റെ യാത്ര ലക്ഷ്യം കണ്ടതായും കരുതുമെന്നും സവിൻ പറഞ്ഞു.

സൗദിയിലേയ്ക്കുള്ള നടത്തത്തിനിടെ സിവിന്റെ സെൽഫി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സൗദിയിലേയ്ക്കുള്ള നടത്തത്തിനിടെ സിവിന്റെ സെൽഫി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഏറ്റവും വലിപ്പമുള്ള മരുഭൂമിയിലൂടെ നടത്തം
താരത്തെ കാണണമെന്ന് ആഗ്രഹം കലശലായതോടെയാണ് ജോലി സ്ഥാപനത്തിൽ വിവരം പറഞ്ഞ് അവധി വാങ്ങിയത്. സാഹസിക യാത്രക്കാരനെന്ന് അറിയുന്നതിനാൽ കമ്പനിയിലെ മേലധികാരികളും പിന്തുണ നൽകാറുണ്ട്. മാർച്ച് 7-ന് ദുബായിലെ അൽ നഹ്ദയിൽ നിന്ന് തുടങ്ങിയ നടത്തം റിയാദിൽ അവസാനിച്ചത് ഏപ്രിൽ 12 നാണ്. ആഗ്രഹം പങ്കുവച്ചപ്പോൾ അറിയുന്ന പലരും തുടക്കത്തിൽ നിരുത്സാഹപ്പെടുത്തി. ചിലരൊക്കെ അവിശ്വാസത്തോടെ ഇതൊക്കെ നടക്കുമോ എന്നൊക്കെ സംശയം പ്രകടിപ്പിച്ച് പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു. മുൻപ് നടത്തിയ ഇത്തരം സഞ്ചാരത്തെ കുറിച്ച് അറിവ്വില്ലാത്ത ചിലരൊക്കെ കളിയാക്കിയിട്ടുമുണ്ട്. ഇത്തരം ദൂരയാത്രകൾ പലവട്ടം ഇന്ത്യയിൽ നടന്നു തീർത്ത പരിചയമുണ്ടെങ്കിലും ഇവിടുത്തെ സാഹചര്യങ്ങളും കാലാവസ്ഥയും വ്യത്യസ്തമായതാണ് പലരും ആശങ്കയായി പങ്കവച്ചത്. ആകെ മൊത്തം 38 ദിവസമാണ് നടന്നത്. ദുബായിൽ നിന്ന് അബുദാബി വഴി മാർച്ച് 29 ന് സില, അൽ ബത്ഹ അതിർത്തിയിലൂടെ സൗദിയിലേക്ക് എത്തി. തുടർന്നുള്ള യാത്ര എറ്റവും കാഠിന്യമേറിയതും എറ്റവും വലിപ്പമേറിയതുമായ റൂബ് അൽ ഖാലി മരൂഭൂമിയിലൂടെയാണ്. യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിലായാണ് ഈ വലിയ മരുഭൂമി വ്യാപിച്ചു കിടക്കുന്നത്. റൂബ് അൽ ഖാലി കടന്നപ്പോൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന വെല്ലുവിളി പൊടിക്കാറ്റായിരുന്നു. ഇടക്കൊക്കെ ഒട്ടകക്കൂട്ടങ്ങൾ റോഡ് കുറുകെ കടക്കാൻ വരുന്നതും ഭയപ്പാടുണ്ടാക്കിയിരുന്നു. അപ്പോഴൊക്കെ അവിടവിടെയായി നിർത്തിയിട്ടിരിക്കുന്ന ട്രക്ക് ഡ്രൈവർമാരാണ് ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്ത് സഹായത്തിനെത്തിയത്. കാറ്റടിച്ച് മണൽക്കൂനകൾ രൂപപ്പെടുന്നതുമൊക്കെ നടത്തത്തിനിടയിൽ ഭീതിയും കൗതുകവും നൽകിയിരുന്നു.

cristiano-ronaldo7
സൗദിയിലേയ്ക്കുള്ള നടത്തത്തിനിടെ സിവിൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ചൂടില്ലാത്ത തണുത്ത അനുകൂല കാലാവസ്ഥയുമായതിനാൽ നടത്തത്തിന്റെ ക്ലേശം കുറവായിരുന്നു. റൂബ് അൽ ഖാലി കടന്നു കിട്ടിയതോടെ ആവേശം ഇരട്ടിച്ചു. പെട്രോൾ പമ്പുകളിലും ധാബകളിലും ഫാമുകളിലും റോഡ് പണിക്കാരുടെ ക്യാംപുകളിലും പള്ളികളിലുമൊക്കെയാണ് രാത്രി തങ്ങാനുള്ള ഇടം തരപ്പെടുത്തിയത്. റമസാൻ മാസമായതിനാൽ പകൽ ഭക്ഷണമൊന്നും കഴിക്കാതെയായിരുന്നു നടത്തം. അതിരാവിലെ  കിട്ടുന്ന ഭക്ഷണം കഴിച്ച് തുടങ്ങുന്ന യാത്ര വൈകിട്ട് എവിടെങ്കിലും നോമ്പ് തുറക്കുന്നവർക്കൊപ്പം കൂടുമ്പോഴാണ് അവസാനിപ്പിക്കുന്നത്. 37 ദിവസത്തെ നടത്തത്തിനിടെ 15 ഓളം രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരു‌ടെ കൂടെ നോമ്പുതുറയിൽ പങ്കുചേരാൻ കഴിഞ്ഞതും വലിയ അനുഭവമാണ്. ബാഗും പുറത്തിട്ട് യാത്രാ സന്ദേശമുള്ള വലിയ പോസ്റ്ററുമൊക്കെയായി നടന്നു പോകുന്ന എന്നെ വൈകുന്നേരങ്ങളിൽ  റോഡരികിലും മറ്റും നോമ്പുതുറക്കുന്നവർ ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു.

സൗദിയിലേയ്ക്കുള്ള നടത്തത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനുമായുള്ള സിവിന്റെ സെൽഫി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സൗദിയിലേയ്ക്കുള്ള നടത്തത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനുമായുള്ള സിവിന്റെ സെൽഫി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ നടത്തം 49 മുതൽ 52 കി.മീറ്റർ വരെ; സൗദി പൊലീസിന് ബിഗ് സല്യൂട്ട്
ചില ദിവസങ്ങളിൽ 49മുതൽ 52 കിലോമീറ്റർ ദൂരം നടന്നു. ശരാശരി 35 കിലോമീറ്റർ ദൂരവുമായിരുന്നു ദിനംപ്രതി ഈ യാത്രയിൽ നടന്നത്. രാജ്യാന്തര ഹൈവേയുടെ ഓരം ചേർന്ന് നടന്നു പോകുമ്പോൾ ട്രക്ക് ഡ്രൈവർമാരും പെട്രോൾ പമ്പുകളിലെ ജോലിക്കാരും പള്ളികളിലുണ്ടായിരുന്നവരും വിവരങ്ങൾ ചോദിച്ചറിഞ്ഞ് വഴികളിൽ സൗകര്യങ്ങൾ ചെയ്തു തന്നും സഹായിച്ചു. യാത്രയിൽ ഉടനീളം കാവലും സംരക്ഷണവും സുരക്ഷയുമേകിയ സൗദി പൊലീസിന് ഹൃദയത്തിൽ നിന്ന് നന്ദിയും ബിഗ് സല്യൂട്ടും.

റൊണാൾഡോയെ കാണുക എന്ന സദുദ്ദേശ്യത്തോടെയുള്ള യാത്രയാണെന്ന് മനസിലാക്കിയ സൗദി പൊലീസ് നൽകിയ സുരക്ഷയും സംരക്ഷണവും ഏറെ വിലപ്പെട്ടതാണ്. സൗദി അതിർത്തി കടന്നപ്പോൾമുതൽ തനിക്ക് എറ്റവും കൂടുതൽ സഹായവുമായെത്തിയത് സൗദി പൊലീസാണെന്ന് സിവിൻ പറഞ്ഞു. രാവിലെ മുതൽ വൈകിട്ട് വരെ മൂന്ന് നാലു തവണയെങ്കിലും യാത്രാവിവരങ്ങളന്വേഷിച്ച് സൗദി പൊലീസ് എത്തുമായിരുന്നു. ആരോഗ്യകാര്യങ്ങളൊക്കെ അന്വേഷിക്കുകയും കുടിവെള്ളവും ബിസ്കറ്റും ലഘുഭക്ഷണവുമൊക്കെ മിക്കപ്പോഴും എത്തിക്കുകയും ചെയ്തു. കുഴപ്പം പിടിച്ച മരുഭൂമി പ്രദേശങ്ങളും മറികടന്ന് ഖർജ് കടന്ന് ഹർദ്ദ് വരെയെത്തുന്നതിനും പൊലീസ് സംരക്ഷണം നൽകിയിരുന്നു. തുടർന്ന് യാത്രക്കൊടുവിൽ റിയാദിലെത്തി. എന്തായാലും തനിക്ക് ഏറെ അഭിമാനമാണ് ഈ യാത്ര സമ്മാനിക്കുന്നതെന്ന് സിവിൻ പറഞ്ഞു.

സൗദിയിലേയ്ക്കുള്ള നടത്തത്തിനിടെ കെ.പി. സിവിൻ . ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സൗദിയിലേയ്ക്കുള്ള നടത്തത്തിനിടെ കെ.പി. സിവിൻ . ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ആദ്യ നടത്തം കശ്മീരിലേക്ക്; താണ്ടിയത് 3200 കിലോമീറ്റർ
2021ലാണ് ആദ്യമായി ദീർഘദൂരയാത്രക്കായി ഇറങ്ങിയത്. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ ഒൻപത് സംസ്ഥാനങ്ങളിലൂടെ 3,200 കിലോമീറ്ററോളം നടന്ന് എത്തിയത് കാശ്മീരിലേക്കായിരുന്നു. വിജയകരമായി നടത്തിയ ആ യാത്രയാണ് പിന്നീട് ഇത്തരം യാത്രകൾക്കുള്ള ആത്മവിശ്വാസം പകർന്നത്. കോവിഡ് കാലത്ത് സുരക്ഷാ സന്ദേശവുമായി നടത്തിയ അന്നത്തെ യാത്രയെക്കുറിച്ച് പത്രങ്ങളും ചാനലുകളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രാഹുൽഗാന്ധിയടക്കമുളളവർ തന്റെ കാൽനടയാത്രയെ അഭിനന്ദിച്ചതും പിന്നീട് ഊർജ്ജമായി. അതിനു ശേഷം നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും തനിച്ച് കാൽനട സഞ്ചാരം നടത്തി.

കെ.പി. സിവിൻ സൗദി റിയാദിലെ അൽ നാസർ ക്ലബിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കെ.പി. സിവിൻ സൗദി റിയാദിലെ അൽ നാസർ ക്ലബിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ സ്വപ്നങ്ങൾക്ക് പിറകേ സഞ്ചരിക്കുക
സ്വപ്നങ്ങൾക്കു പിറകേ പോവുക എന്നതാണ് തന്റെ ടാഗ് ലൈൻ എന്നാണ് സിവിൻ സ്വയം അടയാളപ്പെടുത്തുന്നത്. മുൻപ് നടത്തിയ യാത്രകളേക്കാൾ ഏറെ പാഠങ്ങളും അനുഭവങ്ങളും സമ്മാനിച്ചതാണ് റിയാദ് സഞ്ചാരം.

English Summary:

Walked for Dream Meet: Kozhikode Native Civin Walked 38 Days to Meet Cristiano Ronaldo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com