നിക്ഷേപകർക്ക് 1104 കോടി ദിര്‍ഹത്തിന്റെ അവസരമൊരുക്കി അബുദാബി

Mail This Article
അബുദാബി ∙ ഗതാഗത മേഖലയില്‍ കോടികളുടെ നിക്ഷേപ അവസരമുണ്ടെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ്. 2027ഓടെ 1104 കോടി ദിര്‍ഹത്തിന്റെ അവസരമാണ് നിക്ഷേപകരെ കാത്തിരിക്കുന്നതെന്ന് ചെയര്‍മാന്‍ അഹമ്മദ് ജാസിം അല്‍ സാബി പറഞ്ഞു കര, വ്യോമ, കടല്‍ മാര്‍ഗം ഭാവിയിലെ സ്മാര്‍ട്ട്, സ്വയം നിയന്ത്രിത വാഹന സൗകര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമായ ഡ്രിഫിറ്റ്സ് എക്സ് ആണ് അവസരമൊരുക്കുന്നത്. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ് സ്ഥാപിച്ച സ്മാര്‍ട്ട് ആന്‍ഡ് ഓട്ടണമസ് വെഹിക്കിള്‍ ഇന്‍ഡസ്ട്രിയുടെ പിന്തുണയും ഇതിനുണ്ട്. വ്യവസായ രംഗത്ത് അബുദാബിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതാവും പുതിയ നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023ല്‍ അബുദാബിയുടെ നിര്‍മാണ രംഗത്തിന്റെ മൂല്യം 10,100 കോടി ദിര്‍ഹമായി ഉയര്‍ന്നിരുന്നു. ഇതു മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് 8.8 ശതമാനവും എണ്ണയിതര മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് 16.5 ശതമാനവും സംഭാവന നല്‍കി. ഗതാഗത രംഗത്തെ വന്‍ വളര്‍ച്ച അബുദാബിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിര്‍ണായക പങ്കുവഹിക്കുമെന്നും വ്യക്തമാക്കി.
∙ നിക്ഷേപ മേഖലകൾ
ഡ്രോൺ ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജറുകള്‍, ഓട്ടോമോട്ടീവ് ബാറ്ററി, വിമാനങ്ങളുടെ ലാന്‍ഡിങ് ഗിയറുകള്‍, ഇ–സ്‌കൂട്ടറുകള്‍, ഓട്ടമേറ്റിവ് ടയറുകള്‍ എന്നിവയുടെ നിര്‍മാണം, വികസനം തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ അവസരം. ഭക്ഷ്യ സംസ്‌കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെഷിനറികള്‍, ഉപകരണങ്ങള്‍, ഗതാഗതം എന്നീ ഉൽപാദന ഉപമേഖലകളില്‍ 12,330 കോടി ദിര്‍ഹത്തിന്റെ സംയോജിത വിപണി മൂല്യമുള്ള 100 നിക്ഷേപ അവസരങ്ങളും മുന്നോട്ടുവയ്ക്കുന്നു.