ADVERTISEMENT

ദുബായ് ∙ സമഗ്ര സാമ്പത്തിക സഹകരണത്തിലൂടെ (സെപ) ഇന്ത്യ – യുഎഇ വ്യാപാരം കഴിഞ്ഞ വർഷം 8,450 കോടി ഡോളറിലെത്തിയെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അബ്ദുൽ നാസർ അൽഷാലി. 2022ലെ വ്യാപാരവുമായി താരതമ്യപ്പെടുത്തുമ്പോൾ 16% വളർച്ചയുണ്ടായെന്നും സെപ കരാർ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ യുഎഇ എംബസി മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുൽ നാസർ അൽഷാലി പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ഇടയിൽ സാമ്പത്തിക വളർച്ചയ്ക്കു പുറമെ വിവിധ രംഗങ്ങളിൽ സഹകരണവും മെച്ചപ്പെടുത്താനായി. കരാറിലൂടെ സ്വതന്ത്ര വ്യാപാര അന്തരീക്ഷം രൂപപ്പെട്ടു. താരിഫുകളിൽ ഇളവുണ്ടായി. സാങ്കേതിക തടസ്സങ്ങൾ ഇല്ലാതാക്കി വ്യാപാര മേഖലയിൽ സർക്കാർ സഹകരണം ഉറപ്പാക്കാനും ഇതുവഴി കഴിഞ്ഞതായി സ്ഥാനപതി പറഞ്ഞു.

ഇന്ത്യയിലെ ആഭരണ മേഖലയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ജെം ആൻഡ് ജ്വല്ലറി വ്യാപാരത്തിൽ 64% വളർച്ചയുണ്ടായി. യുഎഇയുമായുള്ള വ്യാപാരത്തിൽ മരുന്നും മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും 39% വളർച്ച നേടിയപ്പോൾ പഴം, പച്ചക്കറി കയറ്റുമതിയിൽ 35% വളർച്ചയുണ്ടായി. ഇന്ത്യയിലെയും യുഎഇയിലെയും വ്യാപാര സമൂഹത്തിനും നിക്ഷേപകർക്കും ആത്മവിശ്വാസം വളർത്താനും കരാർ ഉപകരിച്ചു. ദുബായിലെ നിർദിഷ്ട ഭാരത് മാർട്ട് സെപയുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ 500 കോടി ഡോളറിന്റെ നിക്ഷേപമാണ് അബുദാബി ഇൻവെസ്റ്റ്മെന്റ് ഫണ്ട്സ് നടത്തുന്നത്. 

മണിപ്പാൽ ഹെൽത്ത് കമ്പനിയിൽ യുഎഇയിലെ മുബദല 8% ഓഹരി സ്വന്തമാക്കി. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികളും കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കും ലഭിച്ച നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭങ്ങൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും കരാർ നിർണായകമായി.

English Summary:

16% growth in India-UAE trade: SEPA agreement - More benefits for Indian Jewellery sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com