ADVERTISEMENT

ദോഹ ∙ ലോകോത്തര അത്‌ലീറ്റുകളെ വരവേല്‍ക്കാന്‍ ഖത്തറിന്റെ ട്രാക്കും ഫീല്‍ഡും റെഡി. ദോഹ ഡയമണ്ട് ലീഗ് മത്സരങ്ങള്‍ 10ന്. ജാവലിന്‍ ത്രോയില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ ഇന്ത്യയുടെ നീരജ് ചോപ്രയും. സുഹെയിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഈ വെള്ളിയാഴ്ച നടക്കുന്ന ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക്-ലോക ജേതാക്കളായ 154 പുരുഷ, വനിതാ അത്‌ലീറ്റുകളാണ് ഫീല്‍ഡിലും ട്രാക്കിലുമായി മത്സരിക്കുന്നത്. പുരുഷന്മാരുടെ ജാവലിന്‍, ലോങ് ജംപ്, വനിതകളുടെ 800 മീറ്റര്‍, പുരുഷന്മാരുടെ 400 മീറ്റര്‍, 1,500 മീറ്റര്‍, വനിതകളുടെ പോള്‍ വാള്‍ട്ട് എന്നിങ്ങനെ 14 ഇനങ്ങളിലായാണ് മത്സരങ്ങള്‍.

ഇന്ത്യയുടെ ഒളിംപിക്, ലോക, ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ചാംപ്യനായ നീരജ് ചോപ്ര വീണ്ടും ഖത്തറിന്റെ മണ്ണില്‍ പുതിയ ചരിത്രം കുറിയ്ക്കാന്‍ എത്തും. മുന്‍ ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ഒളിംപിക്, ലോക ജേതാവ് ജാക്കൂബ് വാദലേഹ് എന്നിവര്‍ക്കൊപ്പമാണ് ഇത്തവണത്തെ പോരാട്ടം. 2023-ല്‍ നടന്ന ദോഹ ഡയമണ്ട് ലീഗില്‍ 88.44 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വര്‍ണമെഡല്‍ ജേതാവായിട്ടായിരുന്നു നീരജിന്റെ മടക്കം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇത്തവണ ഖത്തറിന്റെ അബ്ദുറഹ്‌മാന്‍ സാംബ പങ്കെടുക്കും. പരുക്കിനെ തുടര്‍ന്ന്  ദോഹ ഡയമണ്ട് ലീഗിന്റെ കഴിഞ്ഞ 3 സീസണില്‍ സാംബ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ഒക്‌ടോബറില്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

പുരുഷന്മാരുടെ 400 മീറ്ററില്‍ ഒളിംപിക് ചാംപ്യനും മുന്‍ ലോക ചാംപ്യനുമായ സ്റ്റീവന്‍ ഗാര്‍ഡിനര്‍, പുരുഷ ലോങ്ജംപില്‍ ഒളിംപിക്, ലോക, യൂറോപ്യന്‍ ചാംപ്യന്‍ മില്‍റ്റിയഡിസ് ടെന്റോഗ്രു, വനിതകളുടെ 800 മീറ്ററില്‍ ലോക ചാംപ്യന്‍ മേരി മോറ, ലോക ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവ് ജെമ്മ റീക്കി തുടങ്ങി മുന്‍നിര ലോക, ഒളിംപിക് ചാംപ്യന്മാരാണ് ഖത്തറിന്റെ മണ്ണില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. ഡയമണ്ട് ലീഗിന്റെ ഇത്തവണത്തെ സീസണ്‍ ഏപ്രില്‍ 20ന് ചൈനയിലെ സിയാമെനിലാണ് തുടങ്ങിയത്. സെപ്റ്റംബര്‍ 13, 14 തീയതികളിലായി ബ്രസല്‍സിലാണ് ഫൈനല്‍.

English Summary:

2 Days Left for Doha Diamond League; India's Neeraj Chopra Will Come to Set a New Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com