ചൊവ്വ യാത്ര: അൽ റുമൈത്തി ‘ഹെറ’ പരിശീലനം തുടങ്ങി
![emirati-pilot-shareef-al-romaithi-begins-nasa-simulated-mars-journey-training emirati-pilot-shareef-al-romaithi-begins-nasa-simulated-mars-journey-training](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/5/13/shareef-al-romaithi.jpg?w=1120&h=583)
Mail This Article
അബുദാബി ∙ ഇമറാത്തി പൈലറ്റ് ഷെരീഫ് അൽ റുമൈത്തി ചൊവ്വാ യാത്രയുടെ പരിശീലനം ആരംഭിച്ചു. നാസയുടെ നേതൃത്വത്തിൽ ജോൺസൺ സ്‌പേസ് സെന്ററിലെ ഹ്യൂമൻ എക്സ്പ്ലൊറേഷൻ റിസർച്ച് അനലോഗ് (ഹെറ) ആവാസവ്യവസ്ഥയിൽ 45 ദിവസത്തെ ദൗത്യമാണ് തുടങ്ങിയത്.
ബഹിരാകാശ അവസ്ഥകൾക്ക് സമാനമായി ഭൂമിയിൽ നിർമിച്ച 3 നിലകളുള്ള ആവാസ വ്യവസ്ഥയാണ് ഹെറ. ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങളിൽ സംഘാംഗങ്ങൾ അഭിമുഖീകരിക്കുന്ന ഒറ്റപ്പെടൽ, തടങ്കൽ, വിദൂര സാഹചര്യങ്ങൾ എന്നിവയോട് അംഗങ്ങൾ എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് പഠിക്കാനാണ് ഹെറ ഭൂമിയിൽ ഒരുക്കി പരീക്ഷിക്കുന്നത്. ജേസൺ ലീ, സ്റ്റെഫാനി നവാരോ, പിയുമി വിജശേഖര എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ. പരിശീലനത്തിനിടെ സംഘം ശാസ്ത്രീയ ഗവേഷണത്തിലും മറ്റു ജോലികളിലും ഏർപ്പെടും.
ഭൂമിയിലെ ഈ ദൗത്യത്തിൽ ചൊവ്വയുടെ ഉപരിതലത്തിൽ ഒരു വെർച്വൽ റിയാലിറ്റി 'നടത്ത'വും ഉൾപ്പെടും. ചൊവ്വയിൽനിന്ന് മിഷൻ കൺട്രോൾ സെന്ററുമായുള്ള ആശയവിനിമയവും പരിശീലിപ്പിക്കും.
18 ആരോഗ്യ പഠനങ്ങൾ ഉൾക്കൊള്ളുന്ന 4 ഘട്ടമായുള്ള സമഗ്ര പഠനത്തിന്റെ രണ്ടാമത്തെ ഭാഗമാണിത്. യുഎഇ യൂണിവേഴ്‌സിറ്റി, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ എന്നിവയും ശാസ്ത്രീയ പരീക്ഷണങ്ങളിൽ സഹകരിക്കും.
9,000 മണിക്കൂർ പറക്കൽ പരിചയമുള്ള ഷെരീഫ് അൽ റുമൈത്തി 16 വർഷമായി എയർലൈൻ രംഗത്തുണ്ട്. ബോയിങ് 777, 787 വിമാനങ്ങളിൽ ക്യാപ്റ്റനായിരുന്നു. വ്യോമയാന മേഖലകളിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യവും നേതൃത്വവുമാണ് ഈ അപൂർവ അവസരത്തിലേയ്ക്ക് എത്തിച്ചത്.