ADVERTISEMENT

റിയാദ് ∙ ഹജ് തീർഥാടകയക്ക് വിമാനയാത്രയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിൽ അടിയന്തര ലാൻഡിങ് നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബീഹാർ സ്വദേശി ബിറൌൾ, ഷെയ്ഖപുര, സുപൌൾ ബസാറിൽ താമസിക്കുന്ന മൊമിന ഖാദൂൺ (69) ആണ് മരിച്ചത്. മദീനയിലേക്കുള്ള ഹജ് വിമാനത്തിലാണ് മൊമിന ഖാദൂൺ യാത്ര ചെയ്തിരുന്നത്. യാത്രാമധ്യേ മൊമിനയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം റിയാദിൽ അടിയന്തര ലാൻഡിങ് നടത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ അവിടെ വച്ച് മരണം സംഭവിച്ചു.

ഇന്നലെയാണ് കൊൽക്കത്തയിൽ നിന്ന് മദീനയിലേക്കുള്ള ഫ്ലൈഅദീൽ വിമാനത്തിൽ മൊമിന ഖാദൂൺ ഹജിനായി യാത്ര ചെയ്തത്. യാത്രാമധ്യേ ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് വിമാന ജീവനക്കാരെ വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയിൽ അടിയന്തിര വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ പൈലറ്റ് റിയാദ് വിമാനത്താവള അധികൃതരെ ബന്ധപ്പെട്ടു സാഹചര്യം വിശദീകരിച്ചു. അടിയന്തിര ലാൻഡിങ്ങിന് അനുമതി ലഭിച്ചതിനെ തുടർന്ന് വിമാനം റിയാദിൽ ഇറങ്ങി.  അടിയന്തര സൗകര്യങ്ങളുമായി വിമാനത്താവളത്തിലെ മെഡിക്കൽ സംഘം തയ്യാറായി നിന്നിരുന്നു. ഇന്നലെ 11 മണിയോടെ നിലത്തിറങ്ങിയ വിമാനത്തിൽ നിന്നും പുറത്തെത്തിച്ച ഉടനെ തന്നെ സമീപത്തുള്ള അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൊമിന ഖാദൂൺ അവിടെ വച്ച് മരണമെടഞ്ഞു.

വിമാനത്താവള അധികൃതർ ഈ സംഭവം ഇന്ത്യൻ എംബസിയിൽ അറിയിച്ചു. തുടർന്ന് എംബസി ഉദ്യോഗസ്ഥരും വിമാനകമ്പനി റിയാദ് മാനേജരും ചേർന്ന് ആശുപത്രിയിലെത്തി മൊമിന ഖാദൂണിന്‍റെ മരണം സ്ഥിരീകരിച്ചു. നാട്ടിലുള്ള മക്കളുടെയും ഭർത്താവിന്‍റെയും സമ്മതത്തോടെ മൃതദേഹം സൗദി അറേബ്യയിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചു. ജീവകാരുണ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് തുടർനിയമനടപടികൾ ഏകോപിക്കുന്നതിന് സഹായത്തിനെത്തി.എംബസി മുഖാന്തിരം ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഇന്ന്  അൽ രാജ്ഹി മസ്ജിദിൽ അസർ നമസ്കാരത്തിനു ശേഷം നസീം മഖ്ബറയിൽ മൊമിന ഖാദൂണിന്‍റെ മൃതദേഹം സംസ്കരിക്കും.

hajj-pilgrim-died-due-to-illness-during-the-flight1

ഹജ് തീർഥാടകർക്ക് ഇമിഗ്രേഷൻ നടപടികൾ ജിദ്ദയിലും മദീനയിലുമാണ് പൂർത്തികരിക്കേണ്ടത്. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൊമിന ഖാദൂണിന്‍റെ ഭർത്താവിനും മകനും റിയാദിൽ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ അധികൃതർ അനുമതി നൽകി. അടിയന്തിരഘട്ടത്തിൽ തങ്ങൾക്ക് സഹായം നൽകിയ വിമാനത്താവള അധികൃതർക്കും വിമാന ജീവനക്കാർക്കും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും സാമൂഹിക പ്രവർത്തകർക്കും മുഹമ്മദ് സദറുൾ ഹഖും മകൻ മുഹമ്മദ് മിറാജും നന്ദി അറിയിച്ചു.

English Summary:

Hajj Pilgrim Died Due to Illness During the Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com