ADVERTISEMENT

മനാമ ∙ അറബ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യ ദാർഢ്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ഭാഗമായി 33-ാമത് അറബ് ഉച്ചകോടിയുടെ ഒരുക്കങ്ങൾ  പുരോഗമിക്കുന്നു. മേയ് 16 ന് നടക്കുന്ന  ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തിന്‍റെ പ്രധാന പാതയോരങ്ങൾ അറബ് രാഷ്ട്രങ്ങളെ പ്രതിനിധീകരിക്കുന്ന പതാകകൾ, അറബ് നേതാക്കളുടെ ഛായാചിത്രങ്ങൾ, പങ്കെടുക്കുന്നവരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്ന ബാനറുകൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു. 

അറബ് മേഖല വലിയ വെല്ലുവിളികൾ നേരിടുന്ന ഈ സുപ്രധാന ഘട്ടത്തിൽ, 33-ാമത് അറബ് ഉച്ചകോടിക്ക് വളരെ നിർണ്ണായകമായ പ്രാധാന്യമാണ് ഉള്ളത്. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ഉച്ചകോടിക്ക്, ബഹ്‌റൈൻ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ അതിഥേയത്വം വഹിക്കാനുള്ള അപൂർവ്വ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. അറബ് ലോകത്തിന് ഒരു ഏകീകൃത പാത രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. സുരക്ഷ, സ്ഥിരത, സാമ്പത്തിക അഭിവൃദ്ധി എന്നിവയുൾപ്പെടെ മേഖലയെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ ബഹ്‌റൈൻ രാജാവ് ചർച്ചകൾ നയിക്കും.

.

∙ സുപ്രധാന നാഴികക്കല്ല്

സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങളുടെ സമ്പന്നമായ ചരിത്രമുള്ള  രാഷ്ട്രമായ ബഹ്റൈനെ സംബന്ധിച്ചിടത്തോളം ഈ ഉച്ചകോടി ഒരു സുപ്രധാന നാഴികക്കല്ല് ആയിരിക്കുമെന്ന് പറയപ്പെടുന്നു. അറബ് രാജ്യങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനുള്ള ബഹ്‌റൈന്‍റെ പ്രതിബദ്ധത,  എന്നും പ്രകടമായിരുന്നു, പലപ്പോഴും രാഷ്ട്രങ്ങൾ തമ്മിലുള്ള പല പ്രശ്നങ്ങളിലും ചർച്ചകൾ  സുഗമമാക്കുന്നതിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും സുപ്രധാന പങ്ക് വഹിച്ചുപോരുന്നു. ഗാസയിലെ നിരന്തരമായ കലഹങ്ങളും സാമ്പത്തിക പ്രതിസന്ധികളും പ്രദേശത്തിന്‍റെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സംഭവ വികാസങ്ങളിലും  അടിയന്തിരവും നിർണ്ണായകവുമായ നടപടി ആവശ്യമാണ്.

∙  ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മ‌േയ് 15, 16 തീയതികളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ബഹ്‌റൈനിലെ പ്രധാന പ്പെട്ട ചില റോഡുകളിൽ താൽക്കാലികമായി ഗതാഗതം വഴിതിരിച്ചു വിടുമെന്ന് അറിയിച്ചു. മേയ് 15 ന് രാവിലെയും വൈകുന്നേരവും ബഹ്‌റൈൻ ഇന്‍റർനാഷണൽ എയർപോർട്ട് ഇന്‍റർസെക്ഷൻ മുതൽ സീഫ് ഡിസ്ട്രിക്ട് വരെയുള്ള തെരുവുകളിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. മേയ് 16 ന് രാവിലെയും വൈകുന്നേരവുമായി മൂന്ന് കാലയളവുകളിലായി ഗതാഗത നിയന്ത്രണം നീട്ടുമെന്നും അറിയിച്ചിട്ടുണ്ട്. ബഹ്‌റൈൻ ഇന്‍റർനാഷണൽ എയർപോർട്ട് ഇന്‍റർസെക്‌ഷൻ മുതൽ സല്ലാഖ് സ്ട്രീറ്റ് വരെയുള്ള തെരുവുകളും സഖിർ പാലസ് റൗണ്ട് എബൗട്ടും ഇതിൽ ഉൾപ്പെടും.

തെക്കൻ, വടക്കൻ ഗവർണറേറ്റുകളിൽ നിന്ന് വരുന്ന വാഹന യാത്രക്കാർ ഷെയഖ് ഇസ ബിൻ സൽമാൻ ഹൈവേ, ഷെയഖ് സൽമാൻ ഹൈവേ, ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹൈവേ എന്നിവയിലൂടെ പോകണമെന്ന് ഡയറക്ടറേറ്റ് ശുപാർശ ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്നുള്ള ഡ്രൈവർമാർ അൽ ഫത്തേഹ് ഹൈവേ, ഗവൺമെന്‍റ് റോഡ്, സബ് റോഡുകൾ എന്നിവയിലൂടെ സഞ്ചരിക്കണമെന്നും ഡയറക്ടറേറ്റ് ശുപാർശ ചെയ്തു. മുഹറഖ് ഗവർണറേറ്റിൽ നിന്നുള്ളവരെ സംബന്ധിച്ചിടത്തോളം, ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ പാലം, ഡ്രൈ ഡോക്ക് ഹൈവേ, അരാദ് ഹൈവേ, റായ ഹൈവേ, ഷെയ്ഖ് സൽമാൻ ഹൈവേ, ഷെയഖ് ഹമദ് പാലം എന്നിവ ഉപയോഗിക്കണമെന്ന് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു. ബുസൈറ്റീനിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികൾ ഷെയഖ് ഹമദ് പാലം ഉപയോഗിക്കാനും ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നു.

ദയർ, സമാഹീജ്, ഖലാലി, ഹിദ്ദ്, സമീപ പ്രദേശങ്ങളിലെ താമസക്കാർ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ പാലം വഴി പോകണമെന്ന് ഡയറക്ടറേറ്റ് ശുപാർശ ചെയ്തു. റോഡ് ഉപയോക്താക്കൾ നിർദ്ദേശങ്ങൾ പാലിക്കാനും ട്രാഫിക് പൊലീസുമായി സഹകരിക്കാനും ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.

English Summary:

Bahrain is Preparing for the 33rd Arab Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com