ADVERTISEMENT

അബുദാബി ∙ മൂട്ടകളുടെ സ്ഥാനം യുഎഇയിൽ കൊതുകുകൾ ഏറ്റെടുത്തോ? അടുത്ത കാലത്തായി രാജ്യത്ത് കൊതുകുശല്യം വർധിച്ചതായുള്ള റിപ്പോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത്. മൂട്ടകളായിരുന്നു ഒരു കാലത്ത് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ ഉറക്കം കെടുത്തിയിരുന്നത്. വിഷവസ്തുക്കൾ പ്രയോഗിച്ചും മറ്റും മൂട്ടയെ തുരത്തുന്നതിൽ പരാജയപ്പെട്ട് താമസം മാറിക്കൊണ്ടേയിരുന്നവർ, പ്രത്യേകിച്ച് ബാച്‌ലർമാർ അന്നത്തെ പതിവു കാഴ്ചകളായിരുന്നു. അനധികൃത വിഷപ്രയോഗം നടത്തിയുണ്ടായ അപകടങ്ങളിൽ മലയാളികൾക്ക് ഉള്‍പ്പെടെ ജീവാപായവുമുണ്ടായിട്ടുണ്ട്. കാലക്രമേണ മൂട്ടശല്യം കുറഞ്ഞു. ഇപ്പോഴിതാ നാട്ടിലെ പ്രധാന ശത്രുക്കളിലൊരു വിഭാഗമായ കൊതുകുകൾ യുഎഇയിൽ മൂളിപ്പറക്കുന്നു.

∙ കൊതുകിനെ കണ്ടാൽ 'റിപ്പോർട്ട്'
കൊതുകുകളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനാൽ അവയെ കണ്ടാലും പ്രജനന സാധ്യതയുള്ള സ്ഥലങ്ങളും റിപോർട്ട് ചെയ്യാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. അടുത്തിടെയായി യുഎഇയിൽ കൊതുകുകളെ കൂടുതലായി കണ്ടെത്തിവരുന്നതായും ഇത്തരം റിപ്പോർട്ടുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായും പറഞ്ഞു. ഏപ്രിൽ മധ്യത്തിലും മേയ് ആദ്യവാരത്തിലുമുണ്ടായ കനത്ത മഴയ്ക്ക് ശേഷമാണ് കൊതുകുകളുടെ വർധനവ്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും കാലാവസ്ഥാ സാഹചര്യവുമാണ് വർധനവിന് കാരണമെന്ന് മന്ത്രാലയത്തിലെ മുനിസിപ്പൽ അഫയേഴ്സ് ഡിപാർട്ട്‌മെന്റ് ഡയറക്ടർ ഒതൈബ സഈദ് അൽ ഖായ്ദി പറഞ്ഞു. 

uae-sees-spike-in-mosquito-population-after-heavy-rains
ഷാർജയിലെ മഴവെള്ളക്കെട്ട്. (ഫയൽ ചിത്രം) ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

കാലാവസ്ഥാ വ്യതിയാനം കൊതുകുകളുടെ വ്യാപനത്തിലും സ്വഭാവത്തിലും മാറ്റം വരുത്തുന്നതായി കണ്ടു. മഴവെള്ളം പുതിയ പ്രജനന ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കാനാകുമെങ്കിലും ചൂടേറിയ താപനില കൊതുകുകളുടെ പ്രജനനകാലം വർധിപ്പിക്കും. ചൂടും ഈർപ്പവുമുള്ള അന്തരീക്ഷത്തിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊതുക് വളരുന്നു. കഴിഞ്ഞ ഏപ്രിൽ 16ന് രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചപ്പോൾ രാജ്യത്തുടനീളം പല ഭാഗങ്ങളിലും വെള്ളം കെട്ടിനിൽക്കാൻ കാരണമായി. കുളങ്ങൾ, ശരിയായി വറ്റാത്ത പൂച്ചട്ടികൾ എന്നിങ്ങനെ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറുമെന്നും ഒതൈബ പറഞ്ഞു. 

∙ നമുക്ക് ഒന്നിച്ച് തുരത്താം; കൊതുകുകളെ
കുറേക്കാലമായി വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങള്‍ കണ്ടാൽ 8003050 ടോൾഫ്രീ നമ്പരില്‍ അധികൃതരെ അറിയിക്കണം. കൊതുക് പെരുകൽ കൂടുതലുള്ള പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. ഉചിതമായ നടപടികൾ കൈക്കൊള്ളുകയും പാർപ്പിട, ഓഫീസ് പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ കൊതുക് കടിയേൽക്കുന്നതിനുള്ള സാധ്യതയും കൊതുക് പരത്തുന്ന രോഗങ്ങൾ പകരാനുള്ള സാധ്യതയും ഗണ്യമായി കുറയ്ക്കാൻ കഴിയും. കൈ കാലുകൾ മറയ്ക്കുന്ന സംരക്ഷണ വസ്ത്രങ്ങൾ ധരിച്ചും രാത്രി കിടക്കുമ്പോൾ വല ഉപയോഗിച്ചും കൊതുകു കടിയിൽ നിന്ന് രക്ഷപ്പെടാം. പൂന്തോട്ടങ്ങളും മുറ്റങ്ങളും പതിവായി വൃത്തിയാക്കുകയും ഈ പ്രദേശങ്ങളിൽ വെള്ളം അടിഞ്ഞുകൂടുന്നത് ഒഴിവാക്കുകയും ചെയ്താൽ വളരെയധികം സഹായകമാകും. കൊതുകു നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ എല്ലാവരോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. മൂടിയില്ലാതെ പുറത്ത് വച്ചിരിക്കുന്ന പാത്രങ്ങളില്‍ മഴവെള്ളം ബാക്കിയാകാതെ ശ്രദ്ധിക്കണം. കൊതുകുകളുടെ പ്രജനനവും വ്യാപനവും തടയുന്നതിൽ സ്വകാര്യ നീന്തൽക്കുളങ്ങളുടെ നിരന്തര നിരീക്ഷണവും നിർണായകമാണ്.

∙ വ്യാപനം കുറയ്ക്കാൻ സാങ്കേതികവിദ്യ
കൊതുക് പെരുകുന്നത് തടയാൻ ജിഐഎസ് മാപ്പിങ് സെൻസറുകൾ, പ്രെഡിക്റ്റീവ് മോഡലിങ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ് എന്നിവ മന്ത്രാലയം ഉപയോഗിക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങളും ഡ്രോണുകളും കൊതുക് പ്രജനന കേന്ദ്രങ്ങൾ തിരിച്ചറിയുന്നതിനും വ്യാപനത്തെ സ്വാധീനിക്കുന്ന പാരിസ്ഥിതിക ഘടകങ്ങൾ വിലയിരുത്തുന്നതിനും സഹായിക്കുന്നു.  കൊതുകുകളെ കാര്യക്ഷമമായി നിരീക്ഷിക്കാനം പിടിച്ചെടുക്കാനും കഴിയുന്ന സെൻസറുകളും ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവയെല്ലാം  ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാനും കൊതുകിന്റെ ചലനം ട്രാക്ക് ചെയ്യാനും  നിയന്ത്രണ ശ്രമങ്ങൾക്കായി തത്സമയ ഡാറ്റ നൽകാനും സഹായിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കാലാവസ്ഥ, ഭൂവിനിയോഗം, മനുഷ്യ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി കൊതുകുകളുടെ ചലനാത്മകതയും രോഗവ്യാപന രീതികളും പ്രവചിക്കുന്നു. 

uae-sees-spike-in-mosquito-population-after-heavy-rains
ഷാർജയിലെ മഴവെള്ളക്കെട്ട്. (ഫയൽ ചിത്രം) ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ നിവാരണ വസ്തുക്കൾ മനുഷ്യർക്ക് ഹാനികരമല്ല
കൊതുകു നിവാരണത്തിനായി മന്ത്രാലയം ഉപയോഗിക്കുന്ന വസ്തുക്കൾ മനുഷ്യർക്കും മൃഗങ്ങൾക്കും ഹാനികരമല്ല. കൊതുകുകളെ കൊല്ലാൻ പാർപ്പിട കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ സൂര്യപ്രകാശം, മറ്റ് പാരിസ്ഥിതിക സംയുക്തങ്ങൾ/ഘടകങ്ങൾ എന്നിവയാൽ അതിവേഗം നശിക്കുന്നു .  സിലിക്കൺ ഫിലിമുകൾ, ബയോളജിക്കൽ കൺട്രോൾ, കൊതുകിൻ്റെ ലാർവകളെ ഇല്ലാതാക്കാൻ ഫിസിക്കൽ രീതികൾ എന്നിവ യുഎഇ ഉപയോഗിക്കുന്നു. തെർമൽ ഫോഗറുകൾ, മിസ്റ്റിങ് മെഷീനുകൾ, യുഎൽവി സ്പ്രേയറുകൾ എന്നിവയും ഉപയോഗിക്കുന്നുണ്ട്. അവ മുതിർന്ന കൊതുകുകളെ പ്രത്യേകമായി ലക്ഷ്യമിടുന്നു. മാത്രമല്ല മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു ദോഷവും വരുത്തുന്നുമില്ല.

∙ 2025 വരെ നിർമാർജന പ്രവർത്തനങ്ങൾ തുടരും 
യുഎഇയുടെ കൊതുക് നിർമാർജന ക്യാംപെയിനിന്റെ ആദ്യ ഘട്ടം 2022 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഇത് 2025 മേയ് വരെ തുടരും. ക്യാംപെയിനിന്റെ നിലവിലെ ഘട്ടത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. മഴ കൊതുകുകളുടെ പ്രജനനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. 

∙ ബ്രീഡിങ് ഹോട്ട്‌സ്‌പോട്ടുകൾ 
കൊതുകുകളുടെ ഹോട്ട്‌സ്‌പോട്ടുകളായി മാറാൻ സാധ്യതയുള്ള നിശ്ചലമായ ജലാശയങ്ങൾ തിരിച്ചറിയാൻ മന്ത്രാലയം ചില പൊടിക്കൈകൾ നിർദേശിക്കുന്നു:  വലിച്ചെറിഞ്ഞ ടയറുകളിലോ ക്യാനുകളിലോ പൂച്ചട്ടികളിലോ ഉള്ള ചെറിയ വെള്ളക്കെട്ടുകൾ. വീപ്പകൾ, ബക്കറ്റുകൾ തുടങ്ങിയ പാത്രങ്ങൾ മൂടിവയ്ക്കാതെ വയ്ക്കുന്നതും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകും. കുളങ്ങൾ, ചതുപ്പുകൾ, തടാകങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക. 

താൽക്കാലികമായി വെള്ളം ശേഖരിക്കുന്നതിനായി നിർമാണ സൈറ്റുകൾ പലപ്പോഴും കുഴികളും ചാലുകളും ടാങ്കുകളും ഉപയോഗിക്കുന്നു. കൊതുകുകൾ പെരുകാതിരിക്കാൻ ഈ പ്രദേശങ്ങൾ പതിവായി പരിപാലിക്കേണ്ടതുണ്ട്. മൂടാത്ത സെപ്റ്റിക് ടാങ്കുകൾ. ഉപയോഗിക്കാത്ത നീന്തൽക്കുളങ്ങൾ, അലങ്കാര കുളങ്ങൾ, ജലധാരകൾ. അടഞ്ഞ ഗട്ടറുകൾ, ശരിയായി പരിപാലിക്കാത്ത ഡ്രെയിനേജ് ചാലുകൾ ഇവയും കൊതുകുകളുടെ സ്വൈര്യവിഹാരത്തിന് കാരണമാകുന്നു.

English Summary:

UAE Sees Spike in Mosquito Population After Heavy Rains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com