ADVERTISEMENT

ദമാം ∙ നാൽപ്പതു വർഷത്തെ സൗദി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി  പെരുമ്പാവൂർ, എളംകുന്നപ്പുഴ സ്വദേശിയായ പീറ്റർ കൊറേയ (77). അൽ കോബാറിലെ തുഖ്ബയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത അദ്ദേഹം 12 വർഷമായി നാട്ടിൽ പോയിരുന്നില്ല. വാർദ്ധക്യ സഹജമായ അവശതകളും രോഗങ്ങളും ഓർമ്മക്കുറവും മൂലം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച പീറ്ററിന് തടസ്സമായി മാറിയത് കാലാവധി കഴിഞ്ഞ തൊഴിൽ രേഖകളും നിലവിൽ തകർന്ന അവസ്ഥയിലുള്ള  കമ്പനിയുമാണ്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ പീറ്റർ കൊറേയ നാട്ടിലേക്ക് തിരികെ എത്താൻ പരിശ്രമിച്ചത് സൗദിയിലെ മലയാളി ഹോട്ടൽ ഉടമയാണ്

ഇതിനു മുൻപ് പീറ്റർ നാട്ടിൽ വന്നത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഭാര്യ മരിച്ചതിനെ തുടർന്നായിരുന്നു. മരണാനന്തര ചടങ്ങുകൾക്കു ശേഷം സൗദിയിലേക്ക് മടങ്ങിയ പീറ്ററിനെ ഭാര്യയുടെ മരണം തളർത്തിയിരുന്നു.  ഭാര്യയുടെ മരണത്തോടെ വീട്ടിലും കുടുംബത്തിലും ഒറ്റപ്പെട്ടതായി തോന്നി. ഇതോടെയാണ് താൻ അവധിക്കൊന്നും പോകാൻ കൂട്ടാക്കാഞ്ഞതെന്ന് സാമൂഹിക പ്രവർത്തകരോട് പീറ്റർ അറിയിച്ചു. രോഗങ്ങളും അവശതകളും ഓർമ്മക്കുറവുമൊക്കെ അലട്ടിതുടങ്ങിയതോടെ അഞ്ച് വർഷങ്ങൾക്ക് മുൻപ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം തോന്നി തുടങ്ങി. പക്ഷേ 40 വർഷമായി ജോലിചെയ്തിരുന്ന കമ്പനിപ്രതിസന്ധി നേരിടുന്ന സമയമായിരുന്നു അത്. 

malayali-remained-in-saudi-arabia-despite-illness-and-old-age

ശമ്പളം കൃത്യ സമയത്ത് നൽകുന്നതിന് പോലും കമ്പനിക്ക് സാധിച്ചിരുന്നില്ല.  40 വർഷത്തെ സേവനവേതനവും ആനുകൂല്യങ്ങളും നേടാൻ വേണ്ടി പീറ്റർ കമ്പനിയിൽ തുടർന്നു . ആ തുകയോടെ, ആരെയും ബുദ്ധിമുട്ടിക്കാതെ വാർധക്യകാലം കഴിയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പീറ്റർ തുടർന്നത്. സഹപ്രവർത്തകർ പലരും മറ്റു ജോലികളിലേക്ക് മാറിപ്പോയെങ്കിലും, 70 വയസ്സിൽ കൂടുതൽ പ്രായമായ പീറ്ററിന് ആനുകൂല്യങ്ങൾ കിട്ടാതെ മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നില്ല. ശമ്പളം ലഭിച്ചിരുന്നില്ലെങ്കിലും പീറ്റർ ജോലി തുടർന്നു. ഈ സമയത്ത്,  വൃക്കരോഗം പീറ്ററിനെ വേട്ടയാടാൻ തുടങ്ങി. മരുന്നുകളും ചികിത്സയും വേണ്ടി വന്നു. രണ്ട് വർഷം മുൻപ്, കമ്പനി  തൊഴിൽ രേഖ പുതുക്കി നൽകിയില്ല. അതോടെ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യവും ഇല്ലാതായി. 

തുടർന്ന് ഇന്ത്യൻ എംബസി മുഖേന ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനായി പീറ്റർ പരാതി നൽകി . ഭക്ഷണത്തിനും നിത്യചെലവിനും പണം കണ്ടെത്താൻ പാടുപെടുന്നതിനിടയിൽ, മുൻപ് നടത്തിയ സർജറിയുടെ മുറിവുകൾ വീണ്ടും പൊട്ടിയൊലിച്ചു.  മൂത്രാശയ രോഗവും വൃഷ്ണവീക്കവും കലശലായി. ശരീരമാസകലം നീർക്കെട്ടും അസഹനീയ വേദനയും അനുഭവപ്പെട്ട പീറ്ററിനെ പരിചരണത്തിനോ സഹായത്തിനോ ആരുമില്ലായിരുന്നു. ഏതു വിധേനയും നാട്ടിലെത്തിയാൽ മതിയെന്നായി പീറ്ററിന്. ചിലരുടെ സഹായത്താൽ പീറ്റർ ചികിത്സ തേടി. എന്നാൽ, ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാലും ഇഖാമ കാലാവധി അവസാനിച്ചതിനാലും വിദഗ്ദ്ധ ചികിത്സ പീറ്ററിന് ലഭിച്ചില്ല.

ഇയാളുടെ ദുരിതപൂർണ്ണമായ ജീവിതം തിരിച്ചറിഞ്ഞ ഇന്ത്യൻ എംബസി ജീവകാരുണ്യ പ്രവർത്തകനായ മണിക്കുട്ടൻ പദ്മനാഭൻ, തുഖ്ബയിലെ സ്വകാര്യ ആശുപത്രിയിലെ മലയാളി ഡോക്ടർ മൻസൂറിന്റെ സഹായത്തോടെ പീറ്റർക്ക് സൗജന്യമായി അവശ്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. എന്നാൽ, പീറ്റർക്ക് അടിയന്തിര വിദഗ്ദ്ധ ചികിത്സയും ശസ്ത്രക്രിയയും ആവശ്യമാണെന്ന് ഡോക്ടർ മൻസൂർ വ്യക്തമാക്കി. തുടർന്ന്, സാമൂഹിക പ്രവർത്തകർ പിതാവിന്റെ ദയനീയമായ ആരോഗ്യസ്ഥിതിയും മറ്റും നാട്ടിലുള്ള മക്കളുമായി പങ്കുവെച്ചു.

സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ പദ്മനാഭന്റെ നേതൃത്വത്തിൽ, കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും അയാളുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാണിച്ചും ചർച്ച നടത്തി. എന്നാൽ, ആദ്യ ഘട്ടത്തിൽ കമ്പനി ഒഴിവ് കഴിവ് പറഞ്ഞു. തുടർന്ന്, ഇയാളുടെ വിവരങ്ങളും ദയനീയമായ ആരോഗ്യസ്ഥിതിയും കമ്പനിയുടെ നിലപാടുകളും വിശദമാക്കി റിയാദിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഇന്ത്യൻ എംബസി അധികൃതർ അടിയന്തിരമായി ഇടപെട്ടു. അവർ ലേബർ കോടതിയിൽ ഒരു പ്രത്യേക കത്ത് സമർപ്പിച്ചു. ഇത് വേഗത്തിലുള്ള നടപടികൾക്ക് കാരണമായി ഫൈനൽ എക്സിറ്റും ലഭ്യമായി. തുടർന്ന്, ലേബർ വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും കമ്പനി അധികൃതരെ ബന്ധപ്പെട്ട് സേവന ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. അവസാന പന്ത്രണ്ട് വർഷത്തെ സേവനവേതന ആനുകൂല്യങ്ങളും 6 മാസത്തെ ശമ്പളവും മാത്രമാണ് തങ്ങൾ നൽകാനുള്ളതെന്ന് കമ്പനി അവസാനം നിലപാട് എടുത്തു.

40 വർഷത്തെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കേസുമായി മുന്നോട്ട് പോയാൽ നാട്ടിലേക്ക് മടങ്ങാനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് പീറ്ററിന് മനസ്സിലായി. ഓർമ്മക്കുറവ് കാരണം അദ്ദേഹത്തിന് ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ലായിരുന്നു.നാട്ടിലുള്ള പീറ്ററിന്റെ മക്കളും പിതാവിനെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ കർശന ഇടപെടലുകളെ തുടർന്ന്, കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് കമ്പനി അധികൃതർ നൽകേണ്ടി വന്നു.

തനിക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കിയ ഇന്ത്യൻ എംബസി അധികൃതർക്കും ശക്തമായി ഇടപെട്ട കോബാറിലെ സൗദി ലേബർ ഓഫിസ് ഉദ്യോഗസ്ഥനായ സദ്ദാം, ജീവകാരുണ്യ പ്രവർത്തകൻ മണിക്കുട്ടൻ പദ്മനാഭൻ എന്നിവർക്ക് പീറ്റർ നന്ദി പറഞ്ഞു. ദീർഘകാലം വളയം പിടിച്ചതിന് ലഭിച്ച സേവന വേതന ആനൂകൂല്യം ശിഷ്ട ജീവിതത്തിന് സഹായിക്കുമെന്ന പ്രതീക്ഷയിൽ പീറ്റർ കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള വിമാനത്തിൽ ദമാം രാജ്യാന്തര വിമാനത്താവളത്തിലൂടെ മടങ്ങി.

English Summary:

Malayali Remained in Saudi Arabia Despite Illness and Old Age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com