ADVERTISEMENT

ആലപ്പുഴ ∙ ബ്രസീലിലെ സാന്റോസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലിൽ കഴിയുമ്പോഴാണ് അമ്മയുടെ രോഗം ഗുരുതരമായെന്ന വിവരം നവീൻ ജയിംസ് അറിഞ്ഞത്. ഉടൻ നാട്ടിലേക്കു തിരിക്കാൻ പല വഴികളും തേടിയെങ്കിലും സാങ്കേതികക്കുരുക്കിൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഒടുവിൽ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കെ.സി.വേണുഗോപാലിന്റെ ആദ്യ ഇടപെടലിൽ നവീന് നാട്ടിലേക്കുള്ള വഴി തെളിഞ്ഞപ്പോൾ നവീന്റെ അമ്മ എന്നന്നേക്കുമായി യാത്രയായി.

കാൻസർ ബാധിതയായി മരിച്ച അമ്മയ്ക്ക് അന്ത്യചുംബനം നൽകാനെങ്കിലും നവീൻ നാട്ടിലെത്തുമല്ലോ എന്ന ആശ്വാസത്തിലാണ് ബന്ധുക്കൾ. മാരാരിക്കുളം വടക്ക് 18–ാം വാർഡ് തോട്ടുങ്കൽ നവീൻ ജയിംസ് ഇന്നലെ അന്തരിച്ച അമ്മ ജെസിയെ (57) അവസാനമായി കാണാൻ നാളെ നാട്ടിലെത്തും. യുഎഇയിലെ എറൈസ് മറൈൻ ആൻഡ് എൻജിനീയറിങ് സർവീസസ് എന്ന ഷിപ്പിങ് കമ്പനി വക എംടി ബോചെഎം മുംബൈ എന്ന കപ്പൽ ബ്രസീലിലെ സാന്റോസ് തുറമുഖത്തു നങ്കൂരമിട്ടപ്പോഴാണ് അതിൽ ജോലി ചെയ്യുന്ന നവീൻ അമ്മയുടെ രോഗം ഗുരുതരമാണെന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണെന്നും അറിഞ്ഞത്.

നാട്ടിലെത്താൻ കമ്പനി അനുവദിച്ചെങ്കിലും ബ്രസീൽ വീസയില്ലാത്തതിനാൽ തുറമുഖത്ത് ഇറങ്ങാൻ കഴിഞ്ഞില്ല. എംബസി വഴി ഇടപെട്ടാലേ നാട്ടിലെത്താൻ കഴിയൂ എന്നു കമ്പനി നവീന്റെ വീട്ടുകാരെ അറിയിച്ചു. പക്ഷേ, ഒരു ദിവസത്തിനുള്ളിൽ കപ്പൽ തുറമുഖം വിടും, 40 ദിവസത്തിനു ശേഷമേ കൊറിയൻ തീരത്ത് എത്തൂ എന്നതു പ്രതിസന്ധിയുണ്ടാക്കി.

kc-venugopal-new
കെ.സി.വേണുഗോപാൽ. ചിത്രം: ജോസ്‌കുട്ടി പനയ്‌ക്കൽ∙മനോരമ

ഈ ഘട്ടത്തിൽ നവീന്റെ സഹോദരൻ എനോഷ് ജയിംസ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സരുൺ റോയി വഴി കെ.സി.വേണുഗോപാലിനെ വിവരം അറിയിച്ചു. വേണുഗോപാൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വി.എം.ക്വാത്രയുമായി സംസാരിച്ചു. തുടർന്നു ബ്രസീലിലെ ഇന്ത്യൻ എംബസിയും അംബാസഡർ സുരേഷ് കെ.റെഡ്ഡിയും ഡപ്യൂട്ടി സെക്രട്ടറി രാജ്ബീർ സിങ്ങും നിരന്തരം ഇടപെട്ട് നവീനു സാന്റോസ് തുറമുഖത്തു തന്നെ ഇറങ്ങാൻ അനുമതി ലഭ്യമാക്കുകയായിരുന്നു. നാളെ നവീൻ നാട്ടിലെത്തിയ ശേഷം ജെസിയുടെ സംസ്കാരം നടത്തും.

English Summary:

Naveen James Return to Home from Brazil Santos Port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com