ഗൾഫിൽ ഇനി അവധിക്കാല ക്യാംപുകളുടെ കാലം

Mail This Article
മനാമ ∙ ഗൾഫ് രാജ്യങ്ങളിൽ വിദ്യാലയങ്ങളുടെ അവധിക്കാലം അടുത്തതോടെ സംഘടനകളും സ്‌ഥാപനങ്ങളും അവധിക്കാല ക്യാംപുകൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. ബഹ്‌റൈനിൽ ഇത്തവണ നേരത്തെ തന്നെ പല സംഘടനകളുടെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും ക്ലബുകളുടെയും നേതൃത്വത്തിലുള്ള സമ്മർ ക്യാംപുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. നാട്ടിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരും, കലാപരിശീലനത്തിന് വൈദഗ്ധ്യം നേടിയവരും, സമ്മർ ക്യാംപുകൾ സംഘടിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയവരെയും നേരത്തെ തന്നെ സംഘാടകർ ഏർപ്പാടാക്കിക്കഴിഞ്ഞു.

ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, കേരളാ കാത്തലിക് അസോസിയേഷൻ തുടങ്ങിയ മലയാളി കൂട്ടായ്മകളാണ് പ്രധാനമായും സംഘടനാ തലത്തിൽ ക്യാംപുകൾ സംഘടിപ്പിക്കുന്നത്. 50 മുതൽ 200 വിദ്യാർഥികൾ വരെ വിദ്യാർഥികളെ ഉൾക്കൊള്ളുന്ന സമ്മർ ക്യാമ്പുകളാണ് പല ഇടങ്ങളിലും നടക്കുന്നത്. 60 ദിനാർ മുതൽ 200 ദിനാർ വരെ ഫീസ് ഈടാക്കുന്ന ക്യാംപുകൾ ഇത്തരത്തിൽ ബഹ്‌റൈനിൽ പല സ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ചും അവധിക്കാലത്ത് നടക്കാറുണ്ട്.

ക്യാംപുകൾ ജോലിക്കാരായ രക്ഷിതാക്കൾക്ക് അനുഗ്രഹം
പ്രധാനമായും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അവധി ലഭിക്കാത്ത, നാട്ടിലേക്ക് പോകാത്ത ജോലിയുള്ള രക്ഷിതാക്കൾക്കാണ് അവധിക്കാല ക്യാംപുകൾ ഏറ്റവും കൂടുതൽ അനുഗ്രഹമാകുന്നത്. കുട്ടികൾ വീട്ടിൽ ഒറ്റയ്ക്ക് ഇരുന്ന് മൊബൈലിലും ടി വി യിലും സമയം ചെലവഴിക്കുമെന്നത് കൊണ്ട് തന്നെ പലരും കുട്ടികളെ ഇത്തരം ക്യാംപുകളിലേക്ക് വിടാനാണ് ആഗ്രഹിക്കുന്നത്.

ചില രക്ഷിതാക്കൾ കുട്ടികൾക്ക് അവധിക്കാലം കളിച്ചും ചിരിച്ചും തീർക്കാനുള്ള അവസരമായി കാണുമ്പോൾ മറ്റു ചില രക്ഷിതാക്കൾ അവധിക്കാലത്തും അവരുടെ കുട്ടികൾക്ക് ഏതെങ്കിലും ഹ്രസ്വകാല കോഴ്‌സുകളിൽ പ്രാവീണ്യം നേടാനാണ് ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം ക്യാംപുകൾ മുൻപ് നടത്തി പരിചയമുള്ള ഇടങ്ങളോ അല്ലെങ്കിൽ ക്യാംപിന്റെ സ്വഭാവങ്ങൾ തീർത്തും മനസ്സിലാക്കിയുമാണ് രക്ഷിതാക്കൾ ക്യാമ്പുകൾ തിരഞ്ഞെടുക്കുന്നത്.

ചില കുട്ടികൾ നാടകം, നൃത്തം സംഗീതം പോലുള്ള സർഗ്ഗ സൃഷ്ടിപരമായ പരിശീലനങ്ങൾക്ക് മുൻഗണന നൽകുമ്പോൾ നീന്തൽ,കരാട്ടെ, ഫുഡ്‌ബോൾ, സ്‌കേറ്റിങ്ങ്, ബാഡ്മിന്റൺ ഉൾപ്പെടെ നിരവധി കായിക പരിശീലനങ്ങൾക്കും ചിലർ മുൻഗണന നൽകുന്നു. പുതിയ കാലത്ത് കുട്ടികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള കോഴ്‌സുകളും ചില സ്‌ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കലാ-കായിക-വിനോദങ്ങൾക്ക് പുറമേ ഇന്നത്തെ സമ്മർ ക്യാമ്പുകളിൽ വ്യക്തിത്വ വികസന ക്ലാസ്സുകളും, പുസ്തക വായനയും, വിവിധ വാർത്തകൾ പരിചയപ്പെടുത്തുന്നതുമെല്ലാം ഉൾപ്പെടുത്തുകയും ചെയ്യാൻ പല സംഘാടകരും ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളെ ലക്ഷ്യപ്രാപ്തിയുള്ളവരും, സ്വയം പര്യാപ്തരുമാക്കുകയും ചെയ്യുക എന്നതിലുപരി ബിസിനസ് താൽപ്പര്യം മാത്രം മുൻ നിർത്തിക്കൊണ്ടും അവധിക്കാലം ആകുമ്പോൾ മാത്രം പൊട്ടിമുളയ്ക്കുന്ന ചില സ്‌ഥാപനങ്ങളും ഇല്ലാതില്ല.