ഖത്തര്‍ ടൂറിസം പുരസ്കാരങ്ങള്‍ക്കായി നോമിനേഷനുകള്‍ സമര്‍പ്പിക്കാം; അവസാന തീയതി ഓഗസ്റ്റ് 8

Mail This Article
ദോഹ ∙ ഖത്തറിന്റെ ടൂറിസം മേഖലയില്‍ മികച്ച സേവനം കാഴ്ചവെക്കുന്നവര്‍ക്കുള്ള ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ക്കായുള്ള നോമിനേഷനുകള്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് 8 വരെയാണ് സമയപരിധി.
ഇതു രണ്ടാം വര്‍ഷമാണ് ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായി (യുഎന്‍ഡബ്ല്യുടിഒ) സഹകരിച്ചാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ടൂറിസം, ആതിഥേയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും വ്യക്തികള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് ഖത്തര്‍ ടൂറിസത്തിലെ ടൂറിസം ഡവലപ്‌മെന്റ് വിഭാഗം മേധാവി ഒമര്‍ അല്‍ ജാബര്‍, യുഎന്‍ ടൂറിസം ടെക്‌നിക്കല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് സില്‍ക്ക് റോഡ് ഡയറക്ടര്‍ ജെയ്മി.ഐ.മായകി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.
സമഗ്രത, പ്രകടനം, പുതുമ എന്നിവയിലൂന്നിയാണ് രണ്ടാമത് ടൂറിസം പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 7 പ്രധാന വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇത്തവണ സേവന മികവ്, ഗ്യാസ്‌ട്രോണമിക് (പാചകശാസ്ത്രം)അനുഭവങ്ങള്‍, സുപ്രധാന ആകര്‍ഷണങ്ങളും പ്രവര്‍ത്തനങ്ങളും, ലോകോത്തര ഇവന്‍രുകള്‍, ഡിജിറ്റല്‍ ഫൂട്ട്പ്രിന്റ്, സ്മാര്‍ട്-സുസ്ഥിര ടൂറിസം, കമ്യൂണിറ്റി ലീഡര്‍ഷിപ്പ് എന്നിങ്ങനെയാണ് 7 വിഭാഗങ്ങള്‍. പുരസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനും : https://www.qatartourism.com/en/qatar-tourism-awards
കഴിഞ്ഞ വര്‍ഷം 7 പ്രധാന വിഭാഗങ്ങളിലായി അന്‍പതിലധികം പുരസ്‌കാരങ്ങളാണ് നല്‍കിയത്. ഖത്തറിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ പുരസ്‌കാരം ലഭിച്ചിരുന്നു.