ADVERTISEMENT

മസ്‌കത്ത്∙  കേരളത്തിൽ നിന്ന് മൂന്ന് വർഷം മുൻപ് ഒമാനിലെ ഒരു ഗ്യാരേജിൽ ജോലിക്ക്‌ വന്നതായിരുന്നു ദീപു. വിവാഹം കഴിഞ്ഞു ഒരു മാസം തികയും മുന്നെയാണ് ദീപു ഒമാനിലേക്ക് വരുന്നത്. ആദ്യം ജോലി ചെയ്തിരുന്ന ഗ്യാരേജിൽ നിന്നും മാസങ്ങളായി വേതനം ലഭിക്കാതെ ആയപ്പോൾ ദീപു അവിടെ നിന്നും ഇറങ്ങി പല ഗ്യാരേജുകളിലും പണി എടുത്തിരുന്നു. സമാനമായ അനുഭവം തന്നെയായിരുന്നു പലയിടത്തും ദീപുവിന് നേരിടേണ്ടി വന്നത്. 

ദീപുവിന് കിട്ടിയിരുന്ന വരുമാനം നിലച്ചതോടെ വീട്ടുചെലവും അമ്മയെയും ദീപുവിന്റെ ‌ഏക സഹോദരൻ  പ്രമോദ്‌ ആയിരുന്നു നോക്കിയിരുന്നത്‌. ഭാര്യയും രണ്ടു വയസ്സ്‌ പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്ന ചേട്ടൻ ഖത്തറിൽ എയർപോർട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.

വൃക്കകൾ തകരാറിലായി ചികിത്സാർഥം  നാട്ടിൽ വന്ന സഹോദരൻ ഡയാലിസിസ്‌ ചെയ്തു വരികയായിരുന്നു. ചേട്ടന്റെ അസുഖവും തന്റെ പ്രയാസവും കാരണം എങ്ങനെയെങ്കിലും നാട്ടിലേക്ക്‌ തിരിക്കാൻ ദീപു ശ്രമം ആരംഭിച്ചു. ഇതിനായി രേഖകൾ ഇന്ത്യൻ എംബസി അധികൃതർ തയ്യാറാക്കുന്നതിനിടെ കഴിഞ്ഞ ആഴ്ച്ച ഹൃദയാഘാതം വന്ന് ഏക സഹോദരൻ പ്രമോദ് മരിച്ചു.

തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വാദികബീറിലെ ഒരു ഗ്യാരേജിൽ ജോലി ചെയ്തു വരികയായിരുന്ന ദീപുവിന്റെ വിഷയം അവിടെയുള്ള വിഷ്ണു എന്ന ഒരു സുഹൃത്ത്‌ ആക്സിഡന്‍റസ് ആൻഡ് ഡിമൈസസ്‌ ഒമാൻ സെക്രട്ടറി ജാസ്മിൻ യൂസഫിന്റെ അടുത്ത്‌ അവതരിപ്പിക്കുകയായിരുന്നു. ചേട്ടന്റെ മരണവും നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയും എല്ലാം ദീപുവിനെ മാനസികമായി തളർത്തിയിരുന്നു. തുടർന്ന് എംബസിയുമായി ബന്ധപ്പെട്ട്‌ രേഖകൾ വളരെ പെട്ടെന്ന് ശരിയാക്കി. 

രേഖകൾ ശരിയായതോടെ ആക്സിഡന്‍റസ് ആൻഡ് ഡിമൈസസ് ഒമാൻ ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ യാത്രാ ടിക്കറ്റ് സംഘടിപ്പിച്ച്‌ ആക്സിഡന്‍റസ് ആൻഡ് ഡിമൈസസ് ഒമാൻ ചെയർമാൻ ഫിറോസ്‌ ചാവക്കാട്, സെക്രട്ടറി ജാസ്മിൻ യൂസഫ്‌ എന്നിവരുടെ സാന്നിധ്യത്തിൽ എക്സിക്യൂട്ടീവ്‌ അംഗം ഡെന്നി ദീപുവിന് ടിക്കറ്റു കൈമാറി. ഇന്നലെ പുലർച്ചയ്ക്ക്‌ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദീപു നാട്ടിലെത്തി. ഈ വിഷയത്തിൽ ഇടപെട്ട രാജീവ് അമ്പാടിക്കും ആക്സിഡന്‍റസ് ആൻഡ് ഡിമൈസസ്‌ ഭാരവാഹികൾക്കും തനിക്ക് അഭയം തന്ന വിഷ്ണുവിനും സുഹൃത്തുകൾക്കും നാട്ടിലെത്തിയ ദീപു പ്രത്യേകം നന്ദി അറിയിച്ചു.

English Summary:

Oman ordeal: No salary, brother's death, Deepu returns home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com