ADVERTISEMENT

'ഒരു നോവൽപോലെ വായിച്ചുപോകാവുന്ന ആത്മകഥ' എന്നാണ് ജോർജ്ജ് ഓണക്കൂറിന്റെ 'ആത്മരാഗങ്ങൾ' എന്ന ആത്മകഥയുടെ പുറംചട്ടയുടെ പിൻവശത്ത് കുറിച്ചിരിക്കുന്നത്.  പുസ്‌തകത്തിന്റെ അവസാന പുറവും വായിച്ച് കഴിഞ്ഞ് ചിന്തിക്കുമ്പോൾ അതെത്ര സത്യമാണെന്ന് വായനക്കാരൻ സ്വയം പറഞ്ഞുപോകുന്ന എഴുത്ത്.  തട്ടും തടവും ലവലേശം ഇല്ലാതെ തെളിനീരൊഴുക്കം പോലെ ഒരു ജീവിത കഥ; ഒരു കാലഘട്ടം, അതാണ് ഹൃദയരാഗങ്ങൾ.

ബാല്യകാലം മുതൽ മാർ ഇവാനിയോസ് കോളജിൽ നിന്നും പടിയിറങ്ങുന്നതുവരെയുള്ള കാലഘട്ടത്തിൽ അനുഭവിക്കേണ്ടിവന്ന തീഷ്ണമായ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ് ഈ പുസ്തകം.  വായനക്കാരനെ ഓണക്കൂർ എന്ന ചെറുഭൂമികയിലേക്കും, അതിന്റെ പച്ചപ്പിലേക്കും നന്മയിലേക്കും കൈപിടിച്ച് നടത്തുകയാണ് എഴുത്തുകാരൻ.  അവിടെ,  ആ ഗ്രാമാന്തരീക്ഷത്തിലെ കുട്ടിയിലേക്ക് നമ്മൾ നടന്നടുക്കുന്നത് എഴുത്തുകാരന്റെ തന്നെ വാക്കുകളിൽ ഇങ്ങനെയാണ്. "നേരം നന്നായി പുലരും മുമ്പ് നാട്ടുവഴികളിൽ  ഭാരം കയറിപ്പോകുന്ന കാളവണ്ടികൾ.  നിരപ്പില്ലാത്ത പാതയിൽ വണ്ടിച്ചക്രങ്ങൾ ഉരുളുന്ന താളംതെറ്റിയ ശബ്ദത്തിന് കുട്ടി കാതോർക്കുന്നു. വണ്ടിയുടെ ചുവട്ടിൽ തൂക്കിയ റാന്തൽ വിളക്കുകൾ ഇരുവശത്തേക്കും ചലിച്ചുകൊണ്ടിരുന്നു.  കാളകളുടെ കഴുത്തിൽ കുടമണികളുടെ ചെറുമുഴക്കങ്ങൾ"

കഥ തുടരുകയാണ്.  അമ്മയേക്കാൾ അച്ഛമ്മ ആശ്രയമാകുന്ന ബാല്യം.  കർക്കശക്കാരനായ പിതാവ്. കൊടുംവേനലിൽ ഒരിറ്റ് ദാഹജലം കേഴുന്ന പക്ഷിയെപ്പോലെ സ്നേഹവായ്പ്പിനായ് കാത്തുനിൽക്കുന്ന ബാലൻ.  എന്നാൽ മേഘം കറുത്ത് തന്നെ കിടന്നു. സ്വാന്തനത്തിന്റെ വാതിൽ പിതാവിൽനിന്ന് തുറക്കപ്പെട്ടില്ല.  പിൽക്കാലത്ത് കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോൾ തളരാതെ, തകരാതെ പിടിച്ചുനിൽക്കാൻ ശക്തി നൽകിയത് ബാല്യ-കൗമാര കാലത്തെ ഇത്തരം അനുഭവങ്ങൾ ആയിരുന്നു എന്ന ശുഭാപ്തിവിശ്വാസിയെ എഴുത്തുകാരന്റെ സാക്ഷ്യം.  അച്ഛമ്മ നൽകിയ നന്മയുടെ മുത്തുമണികൾ ആ തൂലികയിലൂടെ വായനക്കാരന് അനുഭവേദ്യമാകുന്നു.

കർഷകപുത്രനായ ജോർജ് പഠനവും സാഹിത്യവും ഇരുകൈകളിലും വഹിച്ച് നടത്തിയ യാത്ര. ആ കാലഘട്ടം കാവ്യാത്മകമായി എഴുത്തുകാരൻ വരച്ചിടുന്നുണ്ട്.  എഴുത്തിൻറെ നാൾവഴികൾ വ്യക്തമായി രേഖപ്പെടുത്തുന്ന കുറിപ്പുകളാണ് മുന്നോട്ടുള്ള ഓരോ അധ്യായവും.  ഉപരിപഠനത്തിനായി പണമില്ലാതെ തേങ്ങിയപ്പോൾ ആശ്വസത്തിന്റെ കരസ്പർശം തേടിയെത്തിയതും, പിന്നീട് ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന പ്രക്ഷുബ്ധമായ രംഗങ്ങളിലെല്ലാം താങ്ങും തണലുമായി നിന്നവരെയെല്ലാം ഓർത്തെടുത്ത് സത്തചോരാതെ തന്നിലെ ഇരുത്തം വന്ന എഴുത്തുകാരനെ വായനക്കാരന് കാണിച്ചുതരികയാണ് ഓണക്കൂർ.

തിരുവനന്തപുരത്തേക്ക് പറിച്ചുനടപ്പെട്ടതും, അധ്യാപനരംഗത്തെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് സമരഭൂമിയിലേക്ക് ഇറങ്ങിയ[പ്പോളും, കോളജ് മാനേജ്‌മെന്റിന്റെ അപ്രീതിക്ക് പാത്രമായ കാലത്തും, സേവനം അവസാനിപ്പിച്ച് കത്ത് കിട്ടുന്നതും എല്ലാം സസ്പെൻസ് നിറഞ്ഞ ഒരു കഥപോലെ അനുഭവപ്പെടുന്നു. 'കുറ്റവും ശിക്ഷയും' എന്ന അദ്ധ്യായം പല ആവർത്തി വായിക്കാൻ തോന്നിപ്പോകും.  തൻറെ തളർച്ചയിൽ താങ്ങും തണലുമായി നിന്നവരെ മറക്കാതെ ഓർത്ത് നന്ദിയോടെ സ്‌മരിക്കുകയാണ് അവിടെ. ഒരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണം. ദീപികയിൽ വാതിൽ തുറക്കുന്നു. മുട്ടത്ത് വർക്കി എന്ന വലിയ എഴുത്തുകാരനൊപ്പം സഹവാസം. അപ്പോൾ ദൈവദൂതനെപ്പോലെ അന്തോണിയച്ചന്റെ കടന്നുവരവ്. തൃക്കാക്കര ഭാരത്മാതാ കോളേജിലേക്ക് ക്ഷണം. ജീവിതത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ മലയാളം അധ്യാപകനായി അവിടെ നിയമനം.

രണ്ട് വർഷം ഭാരതമാതാ കോളജിൽ പഠിപ്പിച്ച് കഴിഞ്ഞപ്പോൾ തന്റെ  'ആധാരഭൂമികയായ' മാർ ഇവാനിയോസ് കോളജിൽ നിന്ന് മലയാളം വകുപ്പ് മേധാവിയായി ക്ഷണം ലഭിക്കുന്നു. സ്നേഹസുരഭിലമായ ഭാരതമാതാ കോളജിന്റെ അന്തരീക്ഷത്തിൽ നിന്നും വ്യസനത്തോടെ മാർ ഇവാനിയോസിലേക്ക് മടക്കം.

ജീവിതത്തിലെ നാടകീയതകൾക്കും, തീഷ്ണാനുഭവങ്ങൾക്കും അവിടെ യും അന്ത്യമാകുന്നില്ല. 'അവകാശ സമരത്തിൻറെ ശേഷപത്രം' എന്ന അധ്യായം നാടകീയ രംഗങ്ങളാൽ സമൃദ്ധം. "ത്രോൺ ഔട്ട്" - നാലാഞ്ചിറ സെന്റ് ഗോരേത്തീസ് ഹൈസ്‌കൂളിൽ നിന്ന് ഭാര്യ വത്സാ ജോർജ്ജിന്റെ പുറത്താക്കൽ  രണ്ട് ആംഗലേയ വാക്കുകളിൽ കുറിക്കുമ്പോൾ ഹൃദയത്തിലേക്ക് ഒരു വാൾ കടന്നുകയറുന്ന അനുഭവം വായനക്കാരിലേക്ക് പടർന്നുകയറുന്നു.  എന്നാൽ സ്വന്തം ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് പറക്കുന്ന ഫീനിക്‌സ് പക്ഷിയെപ്പോലെയാണ് പിന്നീട് കഥാകാരനെ നാം കാണുന്നത്. ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവേശനവും, ടി. എം. ജേക്കബ്, ടി.കെ രാമകൃഷ്ണൻ എന്നിങ്ങനെ രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധങ്ങളും സംഭവങ്ങളും ഒരു കുളിർതെന്നൽ പോലെ വായിക്കാനാകുന്നു.

'അന്ത്യമാം രംഗം തീർന്നു', 'വർണ്ണ തൂവലുകൾ' എന്നീ അദ്ധ്യായങ്ങളോടെ എഴുത്തുകാരന്റെ ജീവിതത്തിലെ മർമ്മപ്രധാമായ രംഗങ്ങൾക്ക് തിരശീല വീഴുന്നു. താൻ അനുഭവിച്ച മാനസിക പീഡകൾ ഓണക്കൂർ ഈ അധ്യായങ്ങളിൽ വികാരാധീനനായി വരച്ചിടുന്നുണ്ട്.  മാർ ഇവാനിയോസ് കോളജിൽ നിന്നും എന്നന്നേക്കുമായി വിട. തോണി കാറ്റത്ത് ഉലഞ്ഞു. പക്ഷേ തകർന്നില്ല.  പകരം സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ചെയർമാൻ പദവിയിലേക്ക് പടവുകയറ്റം.

പിന്നീടുള്ള  അധ്യായങ്ങൾ 'നീലാകാശവും നക്ഷത്രങ്ങളും' മുതൽ 'ആകാശ നീലിമയിൽ' വരെ താൻ അടുത്തറിഞ്ഞവരെയും, തന്നെ സ്വാധീനിച്ചവരെയും, എഴുത്തിൻറെ വഴികളും, അനുഭവങ്ങളുമായി സമ്പന്നമാണ്.  അവസാന അദ്ധ്യായങ്ങളിൽ തന്റെ യാത്രകളെപ്പറ്റിയും, വീടിനെപ്പറ്റിയും, കുടുംബത്തെപ്പറ്റിയും കൂടി പറഞ്ഞ് 'ഹൃദയരാഗങ്ങൾ' പാടി തീർക്കുകയാണ് ജോർജ് ഓണക്കൂർ.

എന്തിന് നാം ഓണക്കൂറിന്റെ ആത്മകഥ വായിക്കണം? ഉത്തരം ലളിതം.  ഒരെഴുത്തുകാരൻ എങ്ങനെ ജീവിക്കണം, ചിന്തിക്കണം, എഴുതണം, എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ഈ പുസ്തകത്തിൽ അടക്കം ചെയ്‌തിരിക്കുന്നു.  ബാലനായിരുന്നപ്പോൾ മുതൽ അവസാനം തൻറെ ആധാരഭൂമികയിൽ നിന്നും അപമാനിതനായി പടിയിറങ്ങുന്ന വേളയിലും മനസ്സിലെ നന്മയും ശക്തിയും ചോർന്നുപോകാതെ കാത്തുപരിപാലിച്ച ഒരു ശക്തിയുണ്ട്. കൂടുതൽ ആഴത്തിൽ നോക്കികാണുമ്പോൾ ഏതോ അദൃശ്യകരങ്ങൾ തൻറെ വീഴ്ചയിൽ താങ്ങി ശക്തിപ്പെടുത്തുവാനുണ്ട് എന്ന് ചിന്തിക്കുന്ന വിശ്വാസി.  പടിഞ്ഞാറ് സൂര്യൻ അസ്തമിക്കുമ്പോൾ തന്റെ ചാരുകസേരയിൽ കിടന്ന് പിൽക്കാലചിന്തകളിലേക്ക് ഊളിയിട്ട്,  മന്ദസ്മിതം പൊഴിക്കുന്ന ഒരു കാരണവരെപ്പോലെ എഴുത്തുകാരനെ നമുക്ക് നോക്കിക്കാണാം. 

'ഹൃദയരാഗങ്ങളുടെ' അവസാന വരികൾ ഹൃദയഹാരിയായി ഓണക്കൂർ എഴുതിയിരിക്കുന്നത് നോക്കുക. "ഒറ്റയ്ക്ക് ആകാശത്തിന്റെ നീലിമയിൽ മിഴിയൂന്നിയിരിക്കുമ്പോൾ മനസ്സിൽ നിറയുന്ന ഒരു പ്രാർത്ഥന മാത്രം.  വലിയ സമ്പത്തും, പ്രതാപവും ഒന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ല; ആഗ്രഹിച്ചതുമില്ല. എല്ലാവരുടെയും സന്തോഷപൂർണ്ണതയിൽ, സ്നേഹത്തിന്റെ നിർവൃതിയിൽ കടന്നുപോകണം; ഭൂമിയുടെ ആഴങ്ങളിലേക്ക്, ആകാശത്തിൻറെ അപാരതയിലേക്ക്..."

ആത്മകഥയെഴുത്തിനുള്ള പാഠപുസ്തകമായി ഈ ജീവിത കഥ നമുക്ക് വായിക്കാം. അടുത്തകാലത്ത് ആത്മകഥകൾ എന്ന തലക്കെട്ടിൽ പടച്ചുവിട്ടിരിക്കുന്ന പല പുസ്തകങ്ങളും എഴുതിയവർ ഇത്തരം പുസ്തകങ്ങൾ ഒന്ന് റഫർ ചെയ്തിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com