ADVERTISEMENT

ബിച്ചു എന്റെ മൂത്ത സഹോദരിയുടെ മകനാണ്. നല്ല സ്നേഹമുള്ള പ്രകൃതമാണെങ്കിലും പലപ്പോഴും അവൻ കാരണം പല പ്രശ്നങ്ങളിലും ഞാൻ ചെന്നു പെടാറുണ്ട്. അപ്പോഴൊക്കെ സ്വന്തം അമ്മാവന്റെ കട്ടപ്പുക കാണാൻ അവതരിച്ച കൃഷ്ണനെയാണ് എനിക്കോർമ്മ വരാറുള്ളത്. ഒരിക്കലവൻ പാലക്കാട് എൻജിനിയറിംഗ് കോളേജിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ അവർ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എന്നെ സമീപിച്ചു.

മരുമകന്റെ ആഗ്രഹമല്ലേ എന്നു കരുതി കൂടുതലൊന്നും ആലോചിക്കാതെ ഞാനാ ക്ഷണം സ്വീകരിച്ചു. അങ്ങനെയാ ദിവസമെത്തി. ഞങ്ങളൊരുമിച്ച് എറണാകുളത്തു നിന്ന് പാലക്കാടേക്ക് യാത്ര തിരിച്ചു. ബിച്ചുവാണ് ഡ്രൈവ് ചെയ്യുന്നത്. കോളേജിൽ ചെന്ന് എന്തിനെക്കുറിച്ചു സംസരിക്കണമെന്ന് ഞാൻ വെറുതെ ചോദിച്ചു.

‘ഇഷ്ടമുള്ള വിഷയം സംസാരിച്ചോളൂ. പക്ഷെ അമ്മാവന്റെ കവിതയൊന്നും എടുത്തു പ്രയോഗിക്കല്ലേ’

"അതെന്തേ" സാഹിത്യവാസനയില്ലാത്ത ഭാവി എഞ്ചിനിയറൻമാരെയോർത്തു ഞാൻ സഹതപിച്ചു.

" അത്.... ഞാൻ ഈ ക്യാംപസിലെ നിമിഷ കവിയായാണ് അറിയപ്പെടുന്നത്. "

" ങേ.. നീ കവിയോ.. എന്നു മുതൽ .. " ഞാൻ ശരിക്കും ഞെട്ടി.

" അമ്മാവന്റെ പഴയ ഒരു ഡയറി എന്റെ കയ്യിലിരിപ്പുണ്ട്. അതിലെ കവിതയൊക്കെ ക്യാംപസിൽ എന്റെ പേരിലങ്ങിറക്കി."  ഒരു കള്ളച്ചിരിയോടവൻ പറഞ്ഞു.

ശരിയാണ്. എന്റെ പഴയ ഡയറികളിലൊന്ന് കാണാതായിട്ട് നാളു കുറച്ചായി. എന്തെങ്കിലും എഴുതണമെന്ന് തോന്നുമ്പോൾ ഞാൻ ആ ഡയറിയിൽ കുറിച്ചിടാറുണ്ട്. പലപ്പോഴും രണ്ടോ നാലോ വരിയേ കാണൂ. പ്രണയമായിരിക്കും മിക്കപ്പോഴും വിഷയം. ഏതായാലും അന്നത്തെ ചടങ്ങിൽ എന്റെ കവിതയൊന്നും അവിടവതരിപ്പിച്ച് ഞാനവന്റെ നിമിഷ കവിപ്പട്ടം കളഞ്ഞില്ല

ഏതാനും വർഷം കഴിഞ്ഞ് അവന്റെ വിവാഹം കഴിഞ്ഞു. പ്രണയ വിവാഹമായിരുന്നു. ആദ്യരാത്രി ഞങ്ങളുടെ വക റാഗിംങ് തുടങ്ങി. ഒരു മൂഡാവട്ടെ എന്നു കരുതി ഒരു നാലു വരി പ്രണയക്കുറിപ്പ് വധൂവരൻമാർക്കായി എല്ലാവരും കേൾക്കെ ഞാനവതരിപ്പിച്ചു. ഒപ്പം പണ്ടു ബിച്ചു ഡയറി അടിച്ചു മാറ്റി നിമിഷ കവിയായ കഥയും. നവവധുവിന്റെ മുഖഭാവം പെട്ടെന്നു മാറി മറിഞ്ഞു. ഒരു തരം നാഗവല്ലി ആവേശിച്ചതു പോലെ. താനിരുന്ന കസേര ഒറ്റക്കൈയിൽ വലിച്ചൊരേറ്. ശരിക്കും നാഗവല്ലിയായവൾ മാറി. മണിയറയിലേക്ക് പാഞ്ഞവൾ വാതിൽ കൊട്ടിയടച്ചു. 

ബിച്ചു ദയനീയമായി എന്നെ നോക്കി. എന്നോടീ ചതി വേണ്ടായിരുന്നു അമ്മാവാ എന്നാ  കണ്ണുകൾ പറയുന്നുണ്ടായിരുന്നു. അവനിലെ നിമിഷ കവിയിൽ അനുരക്തയാവാൻ കാരണമായ ആദ്യ കവിതയാണ് അന്നു ഞാനവിടെ ചൊല്ലിയതെന്നറിയാഞ്ഞ എനിക്കു മാത്രം ഒന്നും മനസ്സിലായില്ല. ആ രാത്രിയിൽ കംസവധം നടക്കാഞ്ഞത് എന്റെ ഭാഗ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com