ADVERTISEMENT

ക്വലാലംപൂർ∙ സന്ദർശക വീസ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ മലേഷ്യയിൽ വർധിച്ചു.  ഗൾഫ് രാജ്യങ്ങളിലെ പോലെ സന്ദർശക വീസയിൽ എത്തിയ ഒരാൾക്ക് ജോലി വീസയായി മാറ്റുന്ന രീതി മലേഷ്യയിൽ ഇതു വരെ നിലവിലില്ല . യാതൊരു വിധത്തിലും ഒരു സന്ദർശക വീസ ജോലി വീസയാക്കി മാറ്റാൻ സാധ്യമല്ലെന്ന സത്യം അറിയാത്തവരാണ് കബളിപ്പിക്കപ്പെട്ട മലയാളികളിൽ ഭൂരിഭാഗവും. വളരെയെളുപ്പത്തിൽ സന്ദർശനത്തിനായി വെറും രണ്ടായിരത്തോളം രൂപയടച്ച് ഓൺലൈൻ വഴി നേടിയെടുക്കാൻ കഴുയുന്ന പേപ്പർ വീസകൾ പ്രാബല്യത്തിൽ വന്നതോടെയാണ് തട്ടിപ്പ് ലോബികൾ വളർന്നു പന്തലിച്ചത്. 

ഓൺലൈൻ ആയി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന  ഇ-വീസകൾ ജോലി വീസകളാണെന്നു തെറ്റിദ്ധരിപ്പിച്ച്, മലേഷ്യയിലെത്തിയാലുടനെ ദീർഘകാല വീസ സ്റ്റാമ്പ്‌ ചെയ്യുമെന്ന വാഗ്ദാനത്തിൽ അകപ്പെട്ടാണ് പലരും വഞ്ചിതരാവുന്നത്. ജോലി വാഗ്ദാനം നൽകി കുറഞ്ഞ നിരക്കിലുള്ള ഇ-വീസ കാണിച്ച് വൻ തുക തട്ടുന്ന റാക്കറ്റുകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ശരാശരി നൂറോളം മലയാളികളാണ് ഓരോ മാസവും ഇത്തരം തട്ടിപ്പിനിരയായി മലേഷ്യയിൽ വന്നിറങ്ങുന്നത്. 

പാസ്പോർട്ട്‌ മുൻകൂട്ടി വാങ്ങിയ ശേഷം യാത്രതിരിക്കുന്ന സമയത്തോടടുപ്പിച്ച് എയർപോർട്ടിൽ വച്ച് പാസ്‌പോർട്ടും കൂടെ ജോലി വീസക്ക് പകരം ഇ-വീസ നൽകി കബളിപ്പിക്കുന്നു. ഒരു ലക്ഷത്തിൽ പരം രൂപ നൽകി  ജോലി സ്വപ്നം കണ്ട് മലേഷ്യയിൽ വിമാനമിറങ്ങി എയർപ്പോർട്ടിന് പുറത്ത് വരുമ്പോളാണ് പലർക്കും വഞ്ചന മനസ്സിലാവുന്നത്.

സൈബർ ലോകത്തിന്റെ അനന്ത സാധ്യതകൾ മുതലെടുത്തുകൊണ്ടുള്ള നൂതന തട്ടിപ്പിനിരയായ മലയാളികളും ഉണ്ട്. പണ്ട് കാലങ്ങളിൽ പത്രങ്ങളിൽ വ്യാജ പരസ്യം നൽകിയായിരുന്നു ഉദ്യോഗാർത്ഥികളെ കണ്ടെത്തിയിരുന്നതെങ്കിൽ ഇന്ന് സോഷ്യൽ മീഡിയകളിൽ മുഴുകിയ ഉദ്യോഗാർഥികളെ സ്വാധീനിക്കാൻ വാട്സാപ്പും ഫേസ് ബുക്കുമാണ് ഇടനിലക്കാർ തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ നേരിട്ടുള്ള സമ്പർക്കത്തിൽ നിന്നും തന്ത്രപൂർവ്വം അവർ രക്ഷപെടുന്നു. 

malaysia-2

മലേഷ്യയിൽ ആർക്കെങ്കിലും അനുവദിച്ചു കിട്ടിയ യഥാർത്ഥ തൊഴിൽ വീസയിൽ പേരും പാസ്പോർട്ട്‌ നമ്പറും ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റി ചേർത്ത് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചും പണം തട്ടുന്നുണ്ട്. വീസയെ സംബന്ധിച്ചോ കമ്പനികളെ കുറിച്ചോ വ്യക്തമായി അന്വേഷിക്കാതെ പണം നൽകുന്നവരാണ് മിക്ക മലയാളികളും. ഇവയെ കുറിച്ച് വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ ഇത്തരം തട്ടിപ്പുകളിൽ നിന്നും പണം നഷ്ടപ്പെടാതെ എളുപ്പം രക്ഷപ്പെടാം.

കഴിഞ്ഞ വർഷം നിലവിൽ വന്ന പുതിയ ഗവണ്മെന്റ് പലതരത്തിലുള്ള മാറ്റങ്ങളാണ് തൊഴിൽ മേഖലയിൽ കൈക്കൊണ്ടിട്ടുള്ളത്. രാജ്യത്ത്  സ്വദേശികൾ കുറവുള്ള  തൊഴിൽ രംഗത്തെ  ഫാക്ടറികളിലേക്ക് മാത്രമാണ് വീസ അനുവദിക്കുന്നത്. സ്വദേശി സംഘടിത തൊഴിൽ മേഖലകളിൽ  സമർപ്പിക്കുന്ന തൊഴിൽ വൈദഗ്ധ്യ വീസകൾക്കായുള്ള  അപേക്ഷകൾ നിരുപാധികം നിരസിക്കുന്നു. ചെറുകിട തൊഴിൽ മേഖലകളിൽപ്പെടുന്ന തോട്ടം തൊഴിലാളികളുടെയും, സൂപ്പർ മാർക്കറ്റുകളിലെയും, പാചക വിദഗ്ദ്ധരുടെയുമെല്ലാം വീസകളിലും ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫാക്ടറികളിൽ എംപ്ലോയ്‌മെന്റ് വീസാ വിഭാഗം ഒന്നും രണ്ടും മൂന്നും തരക്കാർക്കു പ്രത്യേകം തിട്ടപ്പെടുത്തിയ അടിസ്ഥാന ശമ്പളത്തോടുകൂടിയ വീസകൾ അനുവദിക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് പാസ്സ് ഒന്നാം വിഭാഗത്തിന് കുറഞ്ഞത് പതിനായിരം മലേഷ്യൻ റിങ്കിറ്റും(ഏകദേശം ഒന്നരലക്ഷത്തിലധികം രൂപ), രണ്ടാം വിഭാഗത്തിന് അയ്യായിരം മലേഷ്യൻ റിങ്കിറ്റും (ഏകദേശം എൺപതിനായിരം രൂപ) അടിസ്ഥാന ശമ്പളമായി പുതിയ ഗവൺമെന്റ് നിജപ്പെടുത്തിയിരിക്കുന്നു. 

കുടുംബാംഗങ്ങൾക്ക് കൂടി താമസാനുമതി ലഭിക്കുന്ന ഈ രണ്ടു വിഭാഗം വീസകളിൽ ജോലി ചെയ്യുന്നവർ മാസം തോറും ഗവണ്മെന്റിലേക്ക് നിശ്ചിത നികുതിയൊടുക്കുകയും വേണം. നിലവിൽ പത്തു വർഷം വരെ പ്രസ്തുത വീസകൾ പുതുക്കി നൽകുന്നു. മൂന്നാം വിഭാഗക്കാരുടെ അടിസ്ഥാന ശമ്പളം രണ്ടായിരത്തിയഞ്ഞൂറ് മലേഷ്യൻ റിങ്കിറ്റാണെങ്കിലും രണ്ടു വർഷത്തിലധികം പ്രസ്തുത തൊഴിൽ വീസയിൽ തുടരാനാവില്ല. അതിനാൽ ഇത്തരം വീസാ വാഗ്ദാനങ്ങളിലും ശ്രദ്ധിച്ചില്ലെങ്കിൽ കബളിപ്പിക്കപ്പെട്ടേക്കാം.

നിയമാനുസൃതമായി അപേക്ഷിക്കുന്ന വീസകളുടെ പുരോഗതി അറിയാൻ മലേഷ്യൻ എമിഗ്രേഷൻ എക്സ്പെർടൈസ്‌ സർവീസസ് ഡിവിഷൻ (ഇ.എസ്.ഡി) എന്ന പേരിൽ പ്രത്യേകം വിഭാഗം തന്നെ രൂപീകരിച്ചിട്ടുണ്ട് ( https://esd.imi.gov.my/portal/application-status/ ).

പാസ്സ്‌പോർട്ട് നമ്പറും,  ജോലി വാഗ്ദാനം നൽകിയ കമ്പനിയുടെ റജിസ്ട്രേഷൻ നമ്പറും നൽകിയാൽ ഉദ്യോഗാർത്ഥിക്ക് തന്നെ സ്വന്തം വീസയുടെ പുരോഗതി വിലയിരുത്താനാവും. തൊഴിൽ വീസയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കിനെയും ഇമെയിൽ (helpdesk@myxpats.com.my) വഴി സമീപിക്കാവുന്നതാണ്. 

ഇതിലെല്ലാമുപരി നിരവധി മലയാളികൾ ജോലി ചെയ്യുന്ന രാജ്യത്ത് ജോലി വാഗ്ദാനം നൽകിയ കമ്പനികളെ കുറിച്ച് അന്വേഷിക്കാനും എളുപ്പമാണ്. ഒരുപാട് മലയാളി അസോസിയേഷനുകൾ നിലവിലുള്ളത് കൊണ്ട്  അവരുടെയൊക്കെ സഹായവും തേടാവുന്നതാണ്. 

ഇതിലെല്ലാമുപരി വേൾഡ് മലയാളി അസോസിയേഷന്റെ (WMF) മലയാളി ഘടകവും വീസ തട്ടിപ്പ് അടക്കമുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും സന്നദ്ധരാണ്. വീസയുടെ സാധുത വിലയിരുത്താൻ ഇത്രയധികം സൗകര്യങ്ങളുണ്ടായിട്ടും ബിരുദവും ബിരുദാനന്ത ബിരുദവും നേടി  ലക്ഷങ്ങൾ നൽകി ജോലിയില്ലാതെ അലയുന്ന മലയാളികൾ മലേഷ്യയിൽ നിത്യ കാഴ്ചകളായി മാറിക്കൊണ്ടിരിക്കുന്നു .

പണവും ജോലിയും ഇല്ലാതെ സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞ് പിടിക്കപ്പെട്ട് ജയിലഴി എണ്ണുന്നവരും, സ്വന്തം നാട്ടിലേക്ക് തിരിച്ചു പോവാൻ ഒരു നേരത്തെ ഭക്ഷണത്തിനോ താമസത്തിനോ വകയില്ലാതെ  പൊതുമാപ്പിന് അവസരം നോക്കിയിരിക്കുന്നവരുമായ മലയാളികൾ നിരവധിയുണ്ട്. ഈയിടെ പണം നഷ്ടപ്പെട്ട ഒട്ടനവധി മലയാളികളുടെ കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തട്ടിപ്പുകാരുടെ കെണിയിൽ പെടാതിരിക്കാൻ വീസാ നടപടിക്രമങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ   അധികൃതകർ കൃത്യമായി നൽകുന്നുണ്ടെങ്കിലും തട്ടിപ്പിനിരയാവുന്ന മലയാളികളുടെ എണ്ണം അനുദിനം ക്രമാതീതമായി  വർദ്ധിച്ചുവരികയാണ്. ഉദ്യോഗാർഥികളുടെ അറിവിലേക്കായി 

മലേഷ്യയിലെ തൊഴിൽ വീസകളുടെ വിശദവിവരങ്ങൾ അടങ്ങിയ ഗൈഡ് ബുക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. https://esd.imi.gov.my/portal/downloads/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com