ADVERTISEMENT

വർഷങ്ങളായുള്ള ഭാര്യയുടെ സ്വപ്നമാണ് കൈലാസ ദർശനം. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന അപകടം നിറഞ്ഞ ഹിമാലയൻ യാത്ര. മൂന്നു മാസത്തെയെങ്കിലും തയാറെടുപ്പു വേണം ശരീരവും മനസ്സും അതിനു പാകപ്പെടുത്തിയെടുക്കാൻ. അടിസ്ഥാനപരമായി കമ്യൂണിസ്റ്റായ ഞാൻ ആദ്യമേ മുങ്ങി. വിശ്വാസത്തിൽ ഗവേഷണം നടത്തുന്ന ഭാര്യയുണ്ടോ വിടുന്നു. അഭ്യർത്ഥനയുടെ രൂപവും ഭാവവും മാറിയപ്പോൾ ഞാൻ നിരുപാധികം കീഴടങ്ങി.

ഈശ്വര നിന്ദകനായ കമ്മ്യൂണിസ്റ്റേ ആയിരുന്നില്ല ഞാനൊരിക്കലും. സഹജീവിയെ തന്നെ പോലെ കാണാൻ ശ്രമിച്ച സഖാവിനുള്ളിലും അജ്ഞാതമായ ഏതോ ഒരു ശക്തിയെ പ്രപഞ്ചസൃഷ്ടാവായ ദൈവമായി കാണാൻ മടിയില്ലാത്ത ഒരു മനസ്സുണ്ടായിരുന്നു. ആ ദൈവത്തിനു ജാതിയോ മതമോ രൂപമോ ഇല്ലായിരുന്നു. കർമ്മദോഷത്തിലൂന്നിയ ദൈവഭയമായിരുന്നു ശരിതെറ്റുകളെ തിരിച്ചറിയാനും നേർവഴി കാട്ടി പ്രവർത്തിക്കാനും എന്നും സഹായിച്ചിരുന്നത്. കുറച്ചു കാലം ആ ദൈവത്തെ കൈലാസ നാഥന്റെ രൂപത്തിൽ കണ്ടു കളയാമെന്ന് ഞാനൊടുവിൽ തീരുമാനിച്ചു

ഒരു ആത്മീയ സന്നിധി എന്നതിനുപരി കൈലാസം എന്നും എന്നിലെ ശാസ്ത്രകുതുകിക്ക് ഒരു സമസ്യയായിരുന്നു. എന്തേ ഇന്നുവരെ ഒരാൾ പോലും 21778 അടി മാത്രം ഉയരമുള്ള അതിന്റെ നെറുകയിൽ എത്തപ്പെട്ടിട്ടില്ല? ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടു മടങ്ങുകയോ ജീവൻ ബലി കഴിക്കുകയോ ചെയ്തിട്ടുണ്ട്.   എവറസ്റ്റു പോലും നിസ്സാരമായി കീഴടക്കിയവർ ഭയത്തോടെ കാണുന്ന ബാലികേറാമല. മുകളിലൂടെ പറക്കാൻ ശ്രമിക്കുന്ന ഹെലിക്കോപ്റ്ററുകളെ എടുത്തെറിയുന്ന കാന്തിക ശക്തി ബർമുഡ ട്രയാംഗിളിനെക്കാൾ ഭീകരം. ഉഷ്ണകാലത്തുപോലും മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന നാലു മതങ്ങളിലെ പുണ്യസ്ഥാനം. അൻപതു കിലോമീറ്ററിലധികം പല കടമ്പകൾ താണ്ടി അതൊന്നു വലം വച്ചാൽ (പരിക്രമം) പരരമമായ മോക്ഷം കിട്ടുമത്രേ.

sohan114

കൈലാസത്തിനു സമീപം മാനസരോവരമുണ്ടെന്നും അവിടെ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും കഴുകപ്പെട്ട് മോക്ഷം ലഭിക്കുമെന്നൊക്കെ ചെറുപ്പം മുതൽ പറഞ്ഞു കേൾക്കുന്നതാണ്. രാത്രിയുടെ അന്ത്യയാമങ്ങളിൽ പാർവ്വതീദേവിയതിൽ കുളിക്കാൻ വരുമെന്നും ആ സമയം ചില അത്ഭുത വെളിച്ചവും പ്രത്യേക സുഗന്ധവും പരക്കുമെന്നും മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുണ്ട്. രാക്ഷസ്താൽ എന്ന മറ്റൊരു തടാകവും മാനസരോവരത്തിനടുത്തുണ്ടത്രേ. പണ്ട് രാവണൻ സൃഷ്ടിച്ചതുകൊണ്ടാണ് അത്തരമൊരു പേരതിനു കിട്ടിയതെന്നാണു സങ്കൽപം. കമ്മ്യൂണിസ്റ്റാണെങ്കിലും ഉപബോധ മനസ്സിൽ കിടന്നു പുകഞ്ഞു കൊണ്ടിരുന്ന ഇത്തരം കഥകൾ കൈലാസ യാത്രയ്ക്കു താത്പര്യം കൂട്ടിയെന്നതും സത്യം തന്നെ.

വാമഭാഗം ആറു മാസം മുൻപു മുതലേ തയാറെടുപ്പു തുടങ്ങി. ശരീരം നന്നാക്കാൻ വിദേശിയായ പ്രത്യേക പരിശീലക. ശ്വാസോശ്വാസം നിയന്ത്രിക്കാൻ യോഗ പരിശീലനം. കുതിര സവാരി. പുറത്തു ഭാരം കയറ്റി മലകയറ്റം തുടങ്ങി നിരവധി പരിശീലനങ്ങൾ. ഇതെല്ലാം കണ്ട് ഞാൻ ഞെട്ടി. ഒടുവിൽ മൂന്നു മാസത്തെ പരിശീലനത്തിന് ഞാനുമിറങ്ങി. പ്രത്യേക ട്രയിനറെത്തി. വ്യായാമവും, ഭക്ഷണ നിയന്ത്രണവും മരുന്നു സേവയും എല്ലാം കൂടി എന്നെ ഒരു വഴിയ്ക്കാക്കി എന്നതാണ് വാസ്തവം. അദ്യ മെഡിക്കൽ ചെക്കപ്പിൽ പരാജയപ്പെട്ടെങ്കിലും കഠിന പരിശീലനത്തിനൊടുവിൽ ഞങ്ങൾ രണ്ടാൾക്കും ഡോക്ടർ പച്ചക്കൊടി കാട്ടി.

കൈലാസനാഥ സങ്കൽപം ഭാരതീയന്റെതാണെങ്കിലും മാനസരോവരം ടിബറ്റിലായതുകൊണ്ടു ചൈനാക്കാർ കനിഞ്ഞാൽ മാത്രമേ കൈലാസയാത്ര സാധ്യമാവൂ. മൂന്നു മാസം മാത്രം യാത്ര സാധ്യമാകുന്ന അവിടേക്ക് ഈ വർഷം കേവലം പതിനായിരം പേർക്കു മാത്രമാണ് സന്ദർശന വിസ ലഭിക്കുക. അതും തിരക്കൊഴിവാക്കാൻ അവർ തരുന്ന മുറയ്ക്ക്. ഏതാനും ദിവസത്തേക്കു മാത്രമുള്ള പെർമിറ്റ് ആയിരിക്കും തരിക. അനുനിമിഷം മാറുന്ന കാലാവസ്ഥയായതു കൊണ്ടു് അത് എപ്പോൾ തരുമെന്ന് മുൻകൂട്ടി പറയാനാവില്ല. കാഠ്മണ്ഡുവിലാണ് ഏജന്റിന്റെ ഓഫീസ്. ഡൽഹിയിൽ പാസ്പോർട്ട് കൊടുത്തിട്ട് കാഠ്മണ്ഡുവിൽ പോയി കാത്തു കിടക്കണം. ചൈനാക്കാർ എപ്പോൾ ടിബറ്റ് പെർമിറ്റ് തരുന്നോ അതിനു ശേഷം മാത്രമേ വിസയ്ക്ക് അപേക്ഷിക്കാൻ പറ്റൂ. കമ്മ്യൂണിസ്റ്റുകാർക്കു പ്രത്യേക പരിഗണനയൊന്നുമില്ല എന്നു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. ...!!

sohan12

നാൽപ്പത്തെട്ടു പേരടങ്ങുന്ന ഒരു സംഘമായിട്ടാണ് ഞങ്ങൾ ജൂൺ എട്ടാം തിയതി കൊച്ചിയിൽ നിന്നു ഡൽഹി വഴി കാഠ്മണ്ഡുവിലേക്കു പോയത്. കൊണ്ടു പോകേണ്ട സാധനങ്ങളുടെ നീണ്ട ലിസ്റ്റ് ഏജന്റ് തന്നിട്ടുണ്ട്. കൊടും തണുപ്പിനെ നേരിടാനുള്ള ഡ്രസ്സും, ചെരിപ്പും,മരുന്നും, സ്നാക്സും, ടോർച്ചും, ചാർജ്ജറും ടോയ്ലറ്റ് ടിഷ്യു, ചൈനീസ് കറൻസി, വോട്ടേഴ്സ് കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങി കഞ്ഞി വയ്ക്കാനുള്ള അരി വരെ അതിലുണ്ട്. കൂടാതെ എന്തെങ്കിലും പറ്റിയാൽ 'ബോഡി' നാട്ടിലെത്തിക്കുവാനുള്ള ഇൻഷുറൻസും. പാസ്പോർട്ട് വിസക്കു കൊടുത്തിരിക്കുന്നതിനാൽ വോട്ടേഴ്സ് കാർഡുമായിട്ടു വേണം നേപ്പാളിലേക്കു കടക്കാൻ. 

ജീവിതത്തിന്റെ വിവിധ തുറയിൽ നിന്നുള്ളവർ സംഘത്തിലുണ്ട്. ശങ്കരാചാര്യ മഠത്തിലെ സ്വാമികളടക്കം. പലരും പെൻഷനായവർ. പതിനെട്ടു വയസ്സിനു മുമ്പും എഴുപതു വയസ്സിനു ശേഷവും കൈലാസയാത്ര ഭാരത സർക്കാർ നടത്തുന്ന യാത്രകളിൽ അനുവദിക്കില്ല. സ്വകാര്യ ടൂർ ഓപറേറ്റേഴ്സിന് ഇതു ബാധകമല്ല. രണ്ടു ദിവസത്തിനകം കാഠ്മണ്ഡു വിടാം എന്ന ഉറപ്പാണ് ഏജന്റ് തന്നിരുന്നത്. ആ രണ്ടു ദിവസം അവിടുള്ള നിരവധി ക്ഷേത്രങ്ങൾ ദർശിക്കേണ്ടതായുമുണ്ട്.  കൂടാതെ വിമാനത്തിൽ എവറസ്റ്റ് വീക്ഷണവും. പക്ഷേ, കഷ്ടകാലമെന്നേ പറയേണ്ടൂ കൈലാസത്തിലെ കാലാവസ്ഥ മാറിയതിനാൽ ടിബറ്റിലേക്കുള്ള പെർമിറ്റ് കിട്ടാതായി. ദിവസങ്ങൾ നീണ്ടു. ഒരൻപതു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ദർശനം നടത്തി കഴിഞ്ഞിരിക്കുന്നു. പക്ഷേ, വിസയുടെ കാര്യത്തിൽ മാത്രം ഒരു തീരുമാനമായിട്ടില്ല. ഭക്തി യാത്രയാണെന്നു പറഞ്ഞിട്ടെന്താ കാര്യം? ക്ഷേത്ര ദർശനത്തിനും ഒരു പരിധിയില്ലേ. എല്ലാവർക്കും ക്ഷമ നശിക്കു തുടങ്ങി. പലരും ലീവ് എടുത്ത് വിദേശത്തു നിന്നു വന്നിട്ടുള്ളവരാണ്. തിരിച്ചു സമയത്തിനു ചെന്നില്ലെങ്കിൽ കൈലാസനാഥൻ വിചാരിച്ചാൽ പോലും രക്ഷയുണ്ടാവില്ല. 

നീണ്ട എട്ടു ദിവസത്തെ കാത്തിരുപ്പിനു ശേഷം പെർമിറ്റ് കിട്ടി. ഇനി വിസ വരണം. ഞങ്ങൾ നേപ്പാൾ ഗഞ്ചിലേക്ക് പുറപ്പെട്ടു. ചുട്ടുപൊള്ളുന്ന ചൂടാണവിടെ. ഇനിയുള്ള യാത്ര പതിനഞ്ചു പേർക്കു മാത്രം കയറാവുന്ന ചെറിയ വിമാനത്തിൽ സിമിക്കോട്ടിലേക്കും അവിടുന്ന് അഞ്ചു പേർക്കു മാത്രം കയറാവുന്ന ഹെലിക്കോപ്റ്ററിൽ നേപ്പാളിന്റെ അതിർത്തി ഗ്രാമമായ ഹിൽസയിലേക്കും. ലഗ്ഗേജു മുഴുവൻ നേപ്പാൾ ഗഞ്ചിൽ വച്ച് ഏജന്റ് തരുന്ന ചെറിയ രണ്ടു ബാഗിലാക്കി വേണം ഇനിയുള്ള യാത്ര. പടിപടിയായി തണുപ്പു കൂടും. ശരീരവും മനസ്സും അതിനനുസരിച്ചു പാകപ്പെടണം. തുളഞ്ഞു കയറുന്ന തണുപ്പു പ്രതിരോധിക്കാൻ ഓരോ ദിവസവും ഇടുന്ന ഡ്രസ്സിന്റെ എണ്ണം കൂട്ടേണ്ടി വരും. ഒടുവിലത് ആറു ലയർ വരെയാവാം. കുളിയൊക്കെ മറന്നേക്കുക.

travelogue-to-kailash-by-sohan-roy1

9246 അടി ഉയരത്തിൽ കേവലം 549 m മാത്രം നീളമുള്ള സിമിക്കോട്ട് എയർപ്പോർട്ട് റൺവേ. നാട്ടിലെ ബസ് സ്റ്റാൻഡിനേക്കാൾ കഷ്ടമാണ് ആ എയർപോർട്ട്. പക്ഷേ, ഓരോ അഞ്ചു മിനിട്ടിലും തലങ്ങും വിലങ്ങും വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ലാൻഡിംഗും ടേക്ക് ഓഫും നടത്തുകയാണവിടെ. എപ്പോൾ മഴയോ മഞ്ഞോ വരുന്നോ അപ്പോൾ നിർത്തണം. പലരും അവിടെ വന്ന് ദിവസങ്ങളോളം പെട്ടു പോകാറുണ്ട്. അവിടെ നിന്ന് ഹിൽസയിലേക്കുള്ള ഹെലിക്കോപ്റ്റർ യാത്ര മനസ്സിന് ധൈര്യമില്ലാത്തവർ നടത്താതിരിക്കുന്നതാണ് നല്ലത്. പലരും. പേടിച്ചു തണുത്തുറയും. ചിലർ അറിയാതെ മലമൂത്ര വിസർജ്ജനവും നടത്താം. ഞാനതു നേരിട്ടു കാണുക കൂടി ചെയ്തു. 

വിസ വരുന്നതു വരെ ഹിൽസയിൽ താമസിക്കണം. ഒരു വൃത്തിയുമില്ലാത്ത മുറിയിൽ അഞ്ചാറു പേരോടൊപ്പം ഒരു കട്ടിലും വർഷങ്ങളായി വെള്ളം കാണാത്ത ഒരു പുതപ്പും കിട്ടും. ഒട്ടും വൃത്തിയില്ലാത്ത രണ്ടു ടോയ്‍ലറ്റും മാത്രമുള്ളതുകൊണ്ട് പ്രകൃതിയുടെ വിളി വരുമ്പോൾ പ്രകൃതിയിലേക്കു തന്നെ പോകേണ്ടി വരും. വായ്ക്കു പിടിക്കുന്ന ഭക്ഷണം വേണമെങ്കിൽ നാട്ടിൽ നിന്നു കൊണ്ടു പോകുന്ന അരി കഞ്ഞിയാക്കിക്കഴിക്കണം. 

എന്നും രാത്രിയിൽ എല്ലാവരും കൂടിയിരുന്ന് പ്രാർഥനാഗാനങ്ങൾ ആലപിക്കുന്ന ഒരു ചടങ്ങുണ്ട്. പക്ഷേ പാടുന്നതു മിക്കപ്പോഴും കൃഷ്ണനേയും അയ്യപ്പനേയും ഗണപതിയേയും മറ്റും സ്തുതിച്ചുള്ളവയാണ്. കൈലാസ യാത്രയിൽ കൈലാസനാഥനെ പാർശ്വവത്കരിക്കുന്നെന്നോ?  എന്നിലെ വിപ്ലവകാരി സടകുടഞ്ഞെണീറ്റു. കമ്മ്യൂണിസ്റ്റായ വയലാറിന് ഭക്തിഗാനങ്ങൾ എഴുതാമെങ്കിൽ എന്തുകൊണ്ട് എനിക്കുമൊന്ന് എഴുതിക്കൂടാ? ഉപബോധമനസ്സിലെവിടെയോ ഭക്തി ഉറഞ്ഞു കിടക്കുന്നതുകൊണ്ടാവണം പണ്ടിതു പോലെ കൃഷ്ണഭക്തിഗാനങ്ങൾ മുരളിക എന്ന ആൽബത്തിനു വേണ്ടി എഴുതിയിട്ടുണ്ട്. ഏതായാലും ഞാനാ കടുംകൈ അങ്ങു ചെയ്തു. കൈലാസയാത്ര എന്ന പേരിൽ 14 വരി എഴുതി ബിജു റാമിനയച്ചു കൊടുത്തു. ബിജു അതന്നു തന്നെ സംഗീതം കൊടുത്തു പാടി തിരിച്ചയച്ചു തന്നു. ഞാനതു സോഷ്യൽ മീഡിയ വഴി വിട്ടതേ ഓർമ്മയുള്ളൂ. അനുമോദന പ്രവാഹമായിരുന്നു പിന്നീട്. കൈലാസനാഥനങ്ങനെ എന്നിലെ കമ്മ്യൂണിസ്റ്റിനെ ഒരു ഭക്ത കവിയാക്കി മാറ്റി.

വിസ വരാതെ ഹിൽസയിൽ രണ്ടു ദിവസം കുടുങ്ങി. രാത്രിയിൽ ജനറേറ്റർ പ്രവർത്തിച്ചാൽ വെളിച്ചം കിട്ടും. മൊബൈലൊക്കെ അപ്പോൾ ചാർജ്ജ് ചെയ്തോണം. തൊട്ടപ്പുറം പുഴയാണ്. പുഴ കടന്നാൽ ടിബറ്റ്. ഇന്നത് ചൈനയുടെ കീഴിലാണ്. ഇരു കരയേയും ബന്ധിപ്പിച്ച് പാലമുണ്ട്. അക്കരക്കു നോക്കിയാൽ വേറൊരു ലോകമാണ്. കൂറ്റൻ ഇമിഗ്രേഷൻ കെട്ടിടം. വീതിയുള്ള വഴികൾ. സോളാൽ പാനലുകൾ - മൈക്രോവേവ് ടവർ. യാത്രയ്ക്കായ് ബസ്സുകൾ. എന്നിലെ കമ്മ്യൂണിസ്റ്റ് എന്നും കുറെ സമയം ഈ രണ്ടു കാഴ്ചകളും കണ്ടു് താരതമ്യം ചെയ്ത് അത്ഭുതം കൂറും. ഒരു നിമിഷം കേരളത്തിലെ നിക്ഷേപകവിരുദ്ധ സമീപനത്തെ ക്കുറിച്ചാലോചിക്കുമ്പോൾ അത്ഭുതം അമർഷമായി മാറുകയും ചെയ്യും. ഒരു പക്ഷേ, ടിബറ്റ് ഒരു സ്വതന്ത്ര രാജ്യമായി മാറിയിരുന്നെങ്കിൽ നേപ്പാളിനേക്കാൾ പരിതാപകരമായി തീർന്നിരിക്കാം. ദലൈലാമ എന്നു കേൾക്കുന്നതു പോലും ചൈനക്കാരനിഷ്ടമല്ല. തീർഥാടകരിലാരുടെയെങ്കിലും ഫോണിൽ ദലൈലാമയുടെ ചിത്രമുണ്ടെങ്കിൽ ആ സംഘത്തെത്തന്നെയവർ തിരിച്ചയക്കും.

ഒടുവിൽ വിസയെത്തി. ഞങ്ങൾ പാലം കടന്നു. നീണ്ട പരിശോധനകൾക്ക് ശേഷം ചൈനാക്കാർ മുന്നോട്ടുള്ള യാത്രയ്ക്ക് അനുവാദം തന്നു. ബസ്സിലാണു യാത്ര. എങ്ങും വികസനത്തിന്റെ ദൃശ്യങ്ങൾ. ഇന്ന് ടിബറ്റിൽ ടിബറ്റുകാർ ന്യൂനപക്ഷമാണ്. ചൈനാക്കാരെ കൊണ്ടിറക്കി ആ നാടിന്റെ നന്മ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ഡൂപ്ലിക്കേറ്റ് സാധനങ്ങളാണ് കടകളിൽ കൂടുതലും. ഇംഗ്ലീഷ് അറിയാവുന്നവരാരുമില്ല. ആ യാത്ര അവസാനിച്ചത് മാനസരോവരത്തിലാണ്. 15000 അടി ഉയരത്തിൽ 410 Sq.km വിസ്തീർണ്ണവും മുന്നൂറടി വരെ താഴ്ചയുമുള്ള ശുദ്ധജല തടാകം. ഒരു സൗകര്യവുമില്ലാത്ത ഏറ്റവും പവിത്രമെന്നു വിശേഷിപ്പിക്കാവുന്ന തീർഥാടന കേന്ദ്രം. ഒരു ടോയ്‍ലറ്റുപോലുമില്ല. പണക്കാരനും പാവപ്പെട്ടവനും ആണെന്നോ പെണ്ണെന്നോ നോക്കാതെ ജാതിമത വ്യത്യാസമില്ലാതെ പ്രകൃതിയുടെ വിളി കേട്ടു തുറസ്സായ പ്രദേശത്തു നിരന്നിരിക്കുന്നത് ലോകത്തു മറ്റൊരിടത്തും കാണാൻ പറ്റുമെന്നു തോന്നുന്നില്ല. എങ്ങും വികസനം കൊണ്ടുവരുന്ന ചൈന ഇവിടെ മാത്രമെന്തേ കണ്ണടക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. തീർഥാടന ടൂറിസത്തിന്റെ അപാര സാദ്ധ്യതകൾ മനസ്സിലാക്കി സമീപ ഭാവിയിൽ തന്നെചൈന വഴി അഞ്ചു ദിവസം കൊണ്ടു എല്ലാം ഭംഗിയായി ചെയ്തു മടങ്ങാനുള്ള ഒരുക്കം പിന്നണിയിൽ അവർ നടത്തുന്നുണ്ടത്രേ.

sohan5

ഞാനും ഭാര്യയും (അഭിനി) മറ്റു നാലു സ്ത്രീകൾക്കുമായിട്ടാണ് ഒരു ചെറിയ മുറി കിട്ടിയത്. ക്ഷീണം കാരണം ഞാൻ ഒന്നു മയങ്ങി. സ്ത്രീകളെല്ലാവരും രാവിലെ രണ്ടു മണിക്കും മൂന്നു മണിക്കുമിടയിൽ മാനസരോവരത്തിൽ സംഭവിക്കാറുള്ള അത്ഭുത ദൃശ്യങ്ങൾക്കായി കാത്തിരുന്നു. സാധാരണ പൗർണ്ണമിയിലും അടുത്ത ദിവസങ്ങളിലുമാണതുണ്ടാവാറുള്ളത്. പക്ഷേ, ഞങ്ങൾ ഏതാനും ദിവസം വൈകിയാണെത്തിയത്. മയക്കത്തിൽ നിന്നുണർന്ന ഞാൻ കണ്ടത് കാഴ്ചകൾ കണ്ട് മടങ്ങി വരുന്ന ഭാര്യയേയും സംഘത്തേയുമാണ്. ആകാശത്തു നിന്നിറങ്ങി വരുന്ന നീല വെളിച്ചവും പരന്നൊഴുകുന്ന ഭസ്മത്തിന്റെ മണവും അവരെല്ലാം അനുഭവിച്ചത്രേ. അതിന്റെ പിന്നിലെ ശാസ്ത്ര സത്യം കണ്ടെത്തണമെന്നാഗ്രഹിച്ചിരുന്ന എന്നിലെ കമ്മ്യൂണിസ്റ്റ് നിരാശനായി. എല്ലാം കഴിഞ്ഞെങ്കിലും ഒന്നു പോയി നോക്കിയാലോ? ഇനിയുമതാ വർത്തിച്ചാലോ ? ഞാൻ ഇറങ്ങി നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതാ ദൂരത്തായി നീങ്ങുന്ന പ്രകാശം, പക്ഷേ, നീല നിറമല്ല. അടിക്കുന്ന കാറ്റിൽ ഒരു പ്രത്യേക ഗന്ധം. പക്ഷെ അതു ഭസ്മത്തിന്റേതല്ല. എന്നിലെ അന്വേഷകൻ ഉണർന്നു. വെളിച്ചം കണ്ട ദിക്കിലേക്കു നടന്നു. പ്രകൃതിയുടെ വിളി കേട്ടു പോയ ഏതോ സംഘത്തിന്റെ ഹെഡ് ലൈറ്റുകളും ടോർച്ചുകളുമായിരുന്നു അതെന്ന് അടുത്തെത്തിയപ്പോഴാണു മനസ്സിലായത്..!!

ദിവസങ്ങൾക്കു ശേഷം മൂടൽമഞ്ഞ് മൂടാത്ത നല്ല വെയിലുള്ള ദിവസമെത്തി. കുറെയകലെയായി കൈലാസം തെളിഞ്ഞു കാണാമായിരുന്നു. കഴിഞ്ഞ മൂന്നു തവണ വന്നിട്ടും മൂടൽ മഞ്ഞു മൂടി കൈലാസം ശരിക്കൊന്നു കാണാതെ മടങ്ങേണ്ടി വന്ന കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ അതു കണ്ട് ആത്മനിർവ്വതിയിൽ കണ്ണീർ പൊഴിക്കുന്നതു കണ്ടു. രാവിലെ പത്തു മണിയോടെ മാനസരോവരത്തിൽ മുങ്ങിക്കുളിച്ചു. അധികൃതർ തടയുന്നതു കൊണ്ട് പലർക്കും മുങ്ങാൻ സാധിച്ചില്ല. അവരൊക്കെ ബക്കറ്റിൽ വെള്ളമെടുത്ത് തലയിലൊഴിച്ചു കുളിക്കേണ്ടി വന്നു. അതി കഠിനമായ തണുപ്പ്. കുളിച്ച പലർക്കും പനിപിടിച്ചു. ഞങ്ങളുടെ കൂടെ വന്ന ഒരാളെ ആ രാത്രി തന്നെ ആശുപത്രിയിലേക്കു മാറ്റേണ്ടിയും വന്നു.

മാനസരോവരത്തിലെ സ്നാനത്തിനു ശേഷം പൂജയുണ്ട്. ബലിയിടണ്ടവർക്കു ബലിയിടാം. അതിനു ശേഷം ബസ്സിൽ മാനസരോവരം ചുറ്റിക്കാണാം. ഇടയ്ക്കിറങ്ങി നാട്ടിലെ പ്രിയപ്പെട്ടവർക്കു കൊടുക്കാൻ മാനസരോവരത്തിലെ പുണ്യ തീർഥം കുപ്പികളിൽ നിറച്ചെടുത്തു. കുറെ കല്ലുകളും. തുടർന്ന് ദർച്ചനിലെത്തി രാത്രി വിശ്രമം. ദിവസങ്ങൾക്ക് ശേഷം നല്ല ഒരു ഹോട്ടലിൽ ഒരു രാത്രി അങ്ങനെ തങ്ങി. ചൂടുവെള്ളത്തിൽ വൃത്തിയായൊന്നു കളിച്ചു. അടുത്ത ദിവസം രാവിലെ പരിക്രമം തുടങ്ങണം. പുറകിൽ തൂക്കുന്ന ഭാരമില്ലാത്ത ഒരു ചെറിയ ബാഗുമാത്രമെടുക്കാം. ഓക്സിജൻ സിലിണ്ടർ കരുതണം. മുപ്പത്തി അയ്യായിരം രൂപ കൊടുത്താൽ ഒരു കുതിരയേയും ഷെർപ്പയേയും മൂന്നു ദിവസത്തേക്കു കിട്ടും. ബുക്കു ചെയ്യുമ്പോൾ തന്നെ പണം കൊടുക്കണം - ഉപയോഗിച്ചാലും ഇല്ലെങ്കിലും പിന്നാ പണം തിരിച്ചു കിട്ടില്ല. പനി പിടിച്ചു ഹോസ്പിറ്റലിലേക്കു മാറ്റപ്പെട്ട ഞങ്ങളുടെ കൂട്ടത്തിലെ ഒരാൾക്കും കുടുംബത്തിനും അടച്ച പണം മുഴുവൻ നഷ്ടമായി. തീർഥാടകരോട് ഒരു ദയയും കാണിക്കാതെ കൊള്ളയടിക്കുന്നത് അവകാശമായവർ കണ്ടു. മുൻ ദിവസങ്ങളിൽ വന്നവരെല്ലാം തന്നെ പരിക്രമം ചെയ്യാൻ സാധിക്കാതെ മടങ്ങേണ്ടി വന്നിരുന്നു. കൈലാസത്തിലെ കാലവസ്ഥ പരിഭവക്കാരിയായ ഭാര്യയെ പോലെയാണ്. പ്രവചനാതീതം. 

യമദ്വാറിലൂടെ കടന്നു കൊണ്ടാണ് പരിക്രമം ആരംഭിക്കുന്നത്. കൈലാസനാഥനിലേക്കടുക്കുമ്പോൾ ഒരു പുതിയ ജീവിതത്തിനായി നിങ്ങളിലെ എന്തെങ്കിലും പിന്നിലുപേക്ഷിച്ചു പോവുക എന്നാണിതിലൂടെ ഉദ്ദേശിക്കുന്നത്. കുതിരപ്പുറത്തേറി പരിക്രമം ചെയ്താൽ മോക്ഷം കുതിരയ്ക്കായിരിക്കും കിട്ടുകയെന്ന് എന്നിലെ കമ്മ്യൂണിസ്റ്റ് വിശ്വസിച്ചതുകൊണ്ട് എനിക്കു വേണ്ടി അഭിനി ബുക്കു ചെയ്ത കുതിരയെ ഞാൻ യമദ്വാറിലുപേക്ഷിച്ചു കാൽനടയായി മുന്നോട്ടു നീങ്ങി. പക്ഷേ, കുതിരക്കാരനു ഭാഷ മനസ്സിലാവാഞ്ഞതുകൊണ്ട് കുതിരയുമായവൻ കൂടെക്കൂടി. ആവേശത്തിൽ കാലു നീട്ടി നടന്ന എന്റെ ആവേശം മെല്ലെ മെല്ലെ കുറഞ്ഞു. ഉയരം കൂടുന്നതിനൊപ്പം അദൃശ്യനായ ഓക്സിജന്റെ അളവു കുറയുന്നുണ്ടെന്ന കാര്യം ഞാനോർത്തില്ല. കുതിരപ്പുറത്ത് പോകുന്ന ഭാര്യയോടൊപ്പം ആ വേഗത്തിൽ നടന്നെത്തില്ലെന്നു  ബോധ്യമായപ്പോൾ വാശിയുപേക്ഷിച്ച് കുതിരപ്പുറത്തു കയറാൻ അഭിനിയുടെ അന്ത്യശാസനം കിട്ടിയത് ശിരസ്സാ വഹിച്ചു...!!

പന്ത്രണ്ടു കിലോമീറ്റർ സഞ്ചരിച്ച് കൈലാസത്തിന്റെ മൂന്നു  ദിശയിൽ നിന്നുള്ള ദൃശ്യം തൊട്ടടുത്തു നിന്നു കണ്ട് ദിറാഫുക്കിലെത്തി ആദ്യ ദിവസത്തെ പരിക്രമം അവസാനിപ്പിച്ചു. ഹിൽസയേക്കാൾ മോശമായ താമസ സ്ഥലം. ആറു ലയർ ഡ്രസ്സ് ഇട്ടിട്ടും എല്ലരിച്ചു കയറുന്ന തണുപ്പ്. തണുപ്പു കൂടി കൂടി മൈനസ് പത്തൊമ്പതു ഡിഗ്രിയിലെത്തി. ശ്വാസം വലിച്ചു വലിച്ചെടുക്കേണ്ട അവസ്ഥ. ഓക്സിജൻ െലവൽ പരിശോധിച്ചു. കുറവാണെങ്കിലും പരിധിക്കുള്ളിലാണ്. പക്ഷേ ഉറക്കം തീരെക്കിട്ടുന്നില്ല. ശരിക്കുമൊരു കാളരാത്രി. അടുത്ത ദിവസം 22 കിലോമീറ്റർ നടക്കണം. അതും 19000 അടി ഉയരത്തിൽ മഞ്ഞിലൂടെ. ഇനി ഒരടി വയ്ക്കാൻ താനില്ലെന്ന് മനസ്സു പറഞ്ഞു തുടങ്ങി. ചിലർ ആംബുലൻസ് വരുത്തി രാത്രി തന്നെ മടങ്ങി. എനിക്കും മടങ്ങി പോകണമെന്നുണ്ട്. പക്ഷേ, പരിക്രമം പൂർത്തിയാക്കണമെന്ന് ഭാര്യക്കു നിർബന്ധം.  രണ്ടു മണിയായിട്ടും ഉറങ്ങാതിരിക്കുന്ന എന്റെ അവസ്ഥ കണ്ട് കൂടെ ഉണ്ടായിരുന്ന ഡോക്ടർ സുഹൃത്ത് അര മണിക്കൂറോളം കൂടെയിരുന്നു ബ്രീത്തിംഗ് എക്സർസൈസ് ചെയ്യിച്ചു. ശരീരത്തിനും മനസ്സിനും ഒരാശ്വാസം. കുറച്ചുറങ്ങാൻ സാധിച്ചത് അപ്പോൾ മാത്രമാണ്.

പുലർച്ചെ എഴുന്നേറ്റപ്പോൾ തന്നെയറിഞ്ഞു കാലാവസ്ഥ മോശമായതുകൊണ്ടു് പരിക്രമം നിർത്തി എല്ലാവരും മടങ്ങണമെന്ന്. എനിക്ക് തുള്ളിച്ചാടാനാണ് തോന്നിയത്. സൂര്യോദയത്തിൽ നിറം മാറി വരുന്ന കൈലാസം തൊട്ടടുത്തു കണ്ടാസ്വദിച്ച ശേഷം കിട്ടിയ ആദ്യ ആംബുലൻസിൽ തന്നെ ഞാൻ ജീവനും കൊണ്ടു സ്ഥലം വിട്ടു. കൈലാസേശ്വരൻ അരവിശ്വാസിയായ കമ്മൂണിസ്റ്റുകാരനിങ്ങനെയൊരു പണി തരുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. തിരിച്ചു വരുന്ന വഴി രാക്ഷസ്താൽ അടുത്തു നിന്നു കണ്ടു. മാനസരോവരത്തിൽ നിന്ന് കേവലം നാലു കിലോമീറ്റർ മാത്രമകലെയാണത്. ശുദ്ധജല തടാകമല്ലെങ്കിലും വലിപ്പത്തിൽ മാനസരോവരത്തിന്റെ മുക്കാൽ ഭാഗത്തോളമുണ്ട്.

sohan4

എങ്ങനെയെങ്കിലും തിരിച്ചു വീട്ടിലെത്തിയാൽ മതിയെന്ന ചിന്തയുമായി തക്കലക്കോട്ടിൽ ആ രാത്രി തങ്ങി പിറ്റെ ദിവസം ഹിൽസയിലെത്തി. അവിടെത്തിയപ്പോൾ ദിവസങ്ങളായി ഹെലിക്കോപ്റ്റർ കിട്ടാതെ പെട്ടു കിടക്കുന്ന കുറെ തീർഥാടകർ. അവരെ വിട്ടതിനു ശേഷം മാത്രമേ ഞങ്ങളെ വിടൂ. ഇടയ്ക്കു കാലാവസ്ഥ നന്നാകുമ്പോൾ ഹെലിക്കോപ്റ്ററെത്തും. കൊച്ചിക്കു പോകുന്നവർക്കെല്ലാം ഗ്രൂപ്പ് ടിക്കറ്റ് മൂന്നു ദിവസം കൂടി കഴിഞ്ഞാണ്. ഞങ്ങൾക്ക് ദുബായ്ക്കാണ് മടങ്ങേണ്ടത്. ഒരു ദിവസം ഞാൻ പിടിച്ചു നിന്നു. ഇനിയിങ്ങനെ നിന്നാൽ പന്തിയല്ലെന്നു തോന്നി ഒരു ഹെലിക്കോപ്റ്റർ ചാർട്ടർ ചെയ്യുന്നതിനെക്കുറിച്ചാലോചിച്ചു. ദുബായിൽ നിന്നും ഒപ്പം വന്ന സുഹൃത്തുക്കളുമുണ്ട്. ഏതായാലും ആ ബുദ്ധി ഫലിച്ചു. ഒരു ലക്ഷത്തിനു ചാർട്ടർ ചെയ്യേണ്ട ഹെലിക്കോപ്റ്റർ സൂപ്പർവൈസറുടെ പോക്കറ്റിൽ നൂറു ഡോളർ വച്ചു കൊടുത്തപ്പോൾ ഞങ്ങൾക്കു വേണ്ടി മാത്രമായി അന്നവിടുന്നു പൊങ്ങി. സഹജീവിയുടെ ക്ഷേമത്തിനായ് പ്രവർത്തിക്കേണ്ട എന്നിലെ സഖാവ് തത്കാലം ഉത്തരവാദിത്വമുള്ള ഭർത്താവാകാൻ ആധുനിക കമ്മ്യൂണിസ്റ്റുകാരനെ പോലെ  സ്വാർഥനാകേണ്ടി വന്നു.  

ഏതായാലും സിമിക്കോട്ട് വഴി ഞങ്ങൾ അന്നു തന്നെ നേപ്പാൾ ഗഞ്ചിലെത്തി. ആ രാത്രിയിൽ റോഡു മാർഗ്ഗം അഞ്ചു മണിക്കൂർ യാത്ര ചെയ്ത് ലക്ക്നൗവിൽ വന്നുറങ്ങി. ഗ്രൂപ്പിലെ കുറച്ചു പേർക്കു കൂടി ഞങ്ങൾക്കു പിന്നാലെ അവിടെത്താൻ ഭാഗ്യം കിട്ടി. രാവിലെ എഴുന്നേറ്റ് ആദ്യം കിട്ടിയ ഫ്ലൈറ്റിൽ ദുബായിലേക്ക് ഞങ്ങൾ ജീവനും കൊണ്ടു കടക്കുമ്പോൾ യാത്രയ്ക്കായി മാത്രം ഓരോരുത്തരും ചിലവാക്കിയ മൂന്നു ലക്ഷത്തോളം രൂപയുടെ കണക്കുകൾ മോക്ഷം കിട്ടാതെ മനസ്സിൽ അലയുന്നുണ്ടായിരുന്നു. ചൈനാക്കാർക്കു നല്ല ബുദ്ധി തോന്നി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു തീർഥാടന കേന്ദ്രമായി കൈലാസം മാറുന്ന കാലത്ത് തീർച്ചയയും മടങ്ങി പോയി പാതിവഴിയിലുപേക്ഷിച്ച  പരിക്രമം പൂർത്തിയാക്കുമെന്ന് മനസ്സിൽ ശപഥം ചെയ്തു കൊണ്ട് വീട്ടിലെത്തിയപ്പോൾ കിട്ടിയ ആദ്യ മെസ്സേജ് ടിവിയിൽ വരുന്ന ഹിൽസയിൽ കുടുങ്ങിക്കിടക്കുന്ന ഞങ്ങളുടെ സഹയാത്രികരെക്കുറിച്ചുള്ള വാർത്തയായിരുന്നു. അതു കണ്ട് എന്നിലെ കമ്മ്യൂണിസ്റ്റ് ഒരു ദീർഘ നിശ്വാസം വിട്ട് ചായ വലിച്ചു കുടിച്ചു കൊണ്ട്  ചൂടു പരിപ്പു വടയ്ക്കായ് കാത്തിരുന്നു.

(ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും അനുഭവങ്ങളുമാണ് പങ്കുവച്ചിരിക്കുന്നത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com