sections
MORE

‘ഒരു ഫോറിൻ ഡെങ്കി’

smiling male doctor in white coat at hospital
പ്രതീകാത്മക ചിത്രം
SHARE

ഗഫൂറിനെ പരിചയപ്പെട്ടിട്ട് കൂടുതൽ നാളായിട്ടില്ല. നാട്ടിലെ വിലാസം ചോദിച്ചറിഞ്ഞപ്പോൾ സ്വന്തം നാട്ടുകാരൻ!  പരിചയപ്പെട്ടത് മുതൽ വല്ലപ്പോളും മുഖം കാണിക്കാൻ വീട്ടിൽ വരാറുള്ള അവനെ ഭാര്യ നാട്ടിൽ പോയപ്പോൾ ഫ്ലാറ്റിൽ ഈ ഒറ്റയാന് മിണ്ടിപ്പറയാൻ കൂടെ കൂട്ടി. ഗഫൂറിന്റെ കോഴിക്കോടൻ ബിരിയാണി ഇടക്കൊക്കെ രുചിക്കാമെന്നുള്ള വ്യാമോഹം പിന്നിലുണ്ട്. ഫുഡിങ്ങിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയാറാവാത്തവരാണ് രണ്ട് പേരും. എനിക്കാണെങ്കിൽ തൊട്ടടുത്ത മാസം നാട്ടിലും പോവണമെന്നുണ്ട്. എല്ലാറ്റിനും ചുറുചുറുക്കുള്ള ഗഫൂർ വീട്ടിൽ ഉണ്ടാവുമ്പോൾ ഒരു സമാധാനമാണ്. എല്ലാ പ്രവാസികളെ പോലെ തന്നെ നാട്ടിലേക്കുള്ള പെട്ടി നിറക്കാൻ അല്ലറ ചില്ലറ സാധനങ്ങളൊക്കെ വല്ലപ്പോളുമായി പുറത്ത് പോവുമ്പോൾ വാങ്ങി വച്ചിട്ടുണ്ട്. മാറാല പിടിച്ചു കിടക്കുന്ന ബാഗിനെ കുളിപ്പിച്ചെടുക്കാനുള്ള മടികൊണ്ട് വാങ്ങിച്ചവയൊക്കെ ഫ്ലാറ്റ് മുഴുവൻ ചിതറിക്കിടക്കുകയാണ്. ഗഫൂറിനെയും കൂട്ടി ഐഡിയ പറഞ്ഞ് പെട്ടി പേക്കാക്കണമെന്ന പ്ലാനും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.

ഇടക്കൊക്കെ ഓരോ കോഴിക്കോടൻ ബിരിയാണിയും വച്ച് സൊറ പറഞ്ഞ് പ്രവാസം തള്ളിനീക്കുമ്പോളാണ് അവനു പെട്ടെന്നൊരു പനി വന്നത്. മലയാളികളായ നമ്മൾ ചുക്ക് കാപ്പി കൊണ്ടൊരു തടയിണയിട്ടു നോക്കിയെങ്കിലും പനി ഗഫൂറിനെ വിട്ടു പിരിയുന്നില്ല! ഞായറാഴ്ച നേരം പുലർന്നാൽ കളി ഗ്രൂപ്പിലുള്ളവരുടെയൊക്കെ ഉറക്കം കെടുത്തി ഷട്ടിൽ ബാറ്റുമെടുത്ത് കളിക്കാനോടുന്നവൻ മണി പത്തിനോടടുത്തിട്ടും കമ്പിളിക്കുള്ളിൽ തന്നെ. എന്റെ ശല്യം സഹിക്കാനാവാതെ അവൻ എണീറ്റ് കമ്പനി ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ടു. കുറച്ചു പാരാസെറ്റാമോളും പൊതിഞ്ഞു കൊടുത്ത് ക്ലിനിക്കുകാർ തടിയൂരി. പുതുതായി പ്രവാസിയായ ഗഫൂറിനറിയില്ലല്ലോ ഇവിടെത്തെ ക്ലിനിക്കൽ വൈദ്യശാസ്ത്രം. ഓരോ കിലോമീറ്ററിലും കിലോ കണക്കിന് ക്ലിനിക്കാണ്! എപ്പോൾ ചെന്നാലും മാറ്റി മാറ്റി തരാൻ അട്ടിയിട്ട കുറച്ചു പാരാസെറ്റാമോൾ ഒട്ടുമിക്ക ക്ലിനിക്കിലെയും സ്റ്റോക്കുകളാണ്. എന്റെ കമ്പനി ക്ലിനിക്കിനു മുൻപിൽ വണ്ടി പാർക്ക് ചെയ്യുമ്പോളേക്കും സിസിടിവി നോക്കി വിദേശ തൊഴിലാളിയാണെന്നു ബോധ്യപ്പെട്ടാൽ മെഡിക്കൽ ലീവ് എഴുതി മുൻകൂറായി ജോലി തീർക്കുന്ന വൈദികന്മാരും ഉണ്ട്.

സത്യത്തിൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള വ്യവസായ മേഖലകളിൽ, തൊഴിൽ നിയമത്താൽ കനിഞ്ഞു കിട്ടുന്ന, ആരെയും വക വെക്കാതെ പോക്കറ്റിലെ പൈസയെ മെഡിക്കൽ ലീവിന്റെ രൂപത്തിലാക്കി ഒരു ദിവസം മനസ്സമാധാനത്തോടെ റൂമിൽ കിടന്നുറങ്ങാനുള്ള അവസരമൊരുക്കുന്ന ഒരു എക്സ്ചേഞ്ച് മാത്രമാണ് ഇവിടെത്തെ ക്ലിനിക്കുകളെന്നു ഒൻപതു വർഷത്തെ പ്രവാസം എന്നെയും പഠിപ്പിച്ചിട്ടുണ്ട്. പാവം ഗഫൂറിന് ഇതൊന്നും അറിയില്ല! അവൻ കമ്പനി ക്ലിനിക്കുകാർ കൊടുത്ത മരുന്നും കെട്ടിപ്പിടിച്ച് രണ്ടു ദിവസം കിടന്നിട്ടും പുതപ്പിന്റെ എണ്ണം കുറക്കാനാവുന്നില്ല.

മൂന്നാം ദിവസം രാത്രിയിൽ ഗഫൂർ എണീറ്റപ്പോൾ ഗഫൂറിന്റെ നടത്തത്തിന്റെ സ്റ്റൈലൊക്കെ  മാറിത്തുടങ്ങി. ചെറുതായി വട്ടം കറങ്ങാൻ തുടങ്ങി. രാത്രി തന്നെ എന്തെങ്കിലും നല്ല ചികിത്സ അത്യാവശ്യമാണെന്ന് തോന്നി. ഫ്ലാറ്റിനടുത്തുള്ള ഗവ: ആശുപത്രിയിൽ പോവണമെങ്കിൽ ഒറിജിനൽ പാസ്പോർട്ട് വേണം. എന്തിനും സമയം നോക്കാതെ വിളിക്കാറുള്ള സീനിയർ പ്രവാസികളായ സതീഷേട്ടന്റെയും അലിക്കയുടെയും നമ്പറിൽ തന്നെ കറക്കി. അവർ പറഞ്ഞതനുസരിച്ചു അടുത്തുള്ള ഒരു ക്ലിനിക്കിൽ ചെന്ന് പെട്ടു.

ക്ലിനിക്കിന്റെ കവാടത്തിൽ തന്നെ കളർ ഫുൾ ആയി ക്ലിനിക്കിനുള്ളിൽ നടത്തുന്ന ടെസ്റ്റുകളും പരിശോധിക്കുന്ന ഡോക്ടർമാരുടെ ഡിഗ്രികളും കുതിരപ്പന്തയം പോലെ എൽഇഡി വെട്ടത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്. വരുന്നവരെ ഉള്ളിലേക്ക് ആനയിക്കാൻ കവാടത്തിൽ ഒരു സുന്ദരിപ്പെണ്ണിനെയും നിർത്തിയിട്ടുണ്ട്. ആ വരാന്തയിലൂടെ അടുത്തുള്ള പച്ചക്കറിക്കടയിലേക്കെങ്ങാനും പോയാൽ അവനെയും പിടിച്ച് ഉള്ളിൽ കയറ്റുമെന്ന നിൽപ്പാണ് കവാടത്തിലെ പെണ്ണിന്റേത്.  രണ്ടും കൽപ്പിച്ച്  ഉള്ളിലേക്കെന്നമട്ടിൽ തലയാട്ടിയതോടെ അവൾ ഞങ്ങളെയും ക്ലിനിക്കിനുള്ളിലാക്കി. ഡോക്ടർ ഇവിടുത്തുകാരിയാണ്. പഠിച്ചതൊക്കെ ലണ്ടനിലാണെന്ന് പേരിനേക്കാൾ വലുതായി നെയിം ബോർഡിൽ തിളങ്ങുന്നുണ്ട്. അതൊക്കെ കണ്ടപ്പോൾ ഒരു സമാധാനം! ഉള്ളിൽ കയറി! 

കിട്ടിയ വിദ്യാഭ്യാസം വച്ചുള്ള ഇംഗ്ലീഷൊക്കെ പ്രയോഗിച്ചു നോക്കിയെങ്കിലും ഒരു രക്ഷയും ഇല്ല. നീണ്ട പ്രവാസം സമ്മാനിച്ച പ്രാദേശിക ഭാഷ പുറത്തെടുത്തപ്പോൾ സ്റ്റെതസ്കോപ്പ് ഗഫൂറിന്റെ ദേഹത്തിലൂടെ തലോടാൻ തുടങ്ങി. മേശപ്പുറത്തുള്ള സാധനങ്ങൾ കൊണ്ടൊക്കെ ഗഫൂറിനെ പരിശോധിച്ചു. അസുഖമൊന്നുമില്ലെന്ന മട്ടിലായി മുഖഭാവം. അപ്പോളാണ് ഗഫൂറിന്റെ നാക്കിൽ നിന്നും ഒരു വികട സരസ്വതി വീണത് 

‘ആത്മേശേട്ടാ വല്ല ഡെങ്കിയും ആണോ ആവോ’?

അത് കേട്ടതും ഡോക്ടർ ഡെങ്കിയിൽ പിടിച്ചു. ഗഫൂറിന് ഡെങ്കി തന്നെ! രാവിലെ വന്നു രക്തം കൊടുക്കാൻ പറഞ്ഞു! ക്ലിനിക്കൽ ട്രഡീഷൻ ആയ പരാസിറ്റാമോൾ പത്തെണ്ണം പതിവുപോലെ ഗിഫ്റ്റ് കിട്ടി. കൂടെ ഒരു പരിശോധന ചീട്ടും. ചീട്ടിനുമുണ്ട് കോമഡി. നമ്മൾ തുറക്കാതിരിക്കാൻ ആധാരം കെട്ടിപ്പൊതിഞ്ഞ പോലെ പൊതിഞ്ഞു നാലു ഭാഗത്തും പിന്നടിച്ചിട്ടുണ്ട്. ഈ അഭ്യാസങ്ങളൊക്കെ കണ്ടപ്പോളേക്കും ഗഫൂറിന്റെ പനി പേടിച്ചു മെല്ലെ അപ്രത്യക്ഷമായി. ഫ്ലാറ്റിലെത്തി മൂപ്പർ കിടന്നുറങ്ങി. കാലത്ത് അലാം അടിക്കുന്നതിനേക്കാൾ മുൻപ് അവന്റെ കൂർക്കംവലി കേട്ട് ഞാൻ എണീറ്റ് ജോലിക്കു പോയി.

സംഭവം ഡെങ്കിയെന്നുള്ള വാക്കു വീണത് ഗഫൂറിന്റെ വായിൽ നിന്നാണെങ്കിലും എനിക്ക് എന്തൊക്കെയോ ഒരു പേടി. വിദേശത്താണ്! പേടിച്ചേ മതിയാവൂ. രാവിലെ പത്തുമണിമുതൽ ഞാനവനെ ഫോണിൽ വിളിക്കുന്നുണ്ട്. ഏതായാലും രക്തം ടെസ്റ്റ് ചെയ്തു നോക്കണമെന്നാണ് എന്റെ അഭിപ്രായം. നിരന്തര വിളികളിലൂടെ ഞാനവനെ കുത്തിപ്പൊക്കി. വെള്ളിയാഴ്ചയായതിനാൽ പള്ളിക്കു പോയി വരുമ്പോൾ രക്തം കൊടുക്കാമെന്നുള്ള ഡീലിംഗിൽ ജോലിത്തിരക്കിൽ ഞാൻ കുറച്ചു നേരത്തേക്കു ഗഫൂറിനെ മറന്നു. വൈകുന്നേരത്തെ ടീ ബ്രേക്കിൽ വാട്സ്ആപ് തുറന്നപ്പോൾ ട്രിപ്പ് കയറ്റുന്ന ഗഫൂറിന്റെ അഞ്ചാറു മൊഞ്ചൻ സെൽഫി!

പടച്ചോനെ! 

പണി പാളിയല്ലോ.

അന്വേഷിച്ചപ്പോൾ ഡ്യൂട്ടി ഡോക്ടർ രക്തം കൊടുക്കാൻ പോയ അവനെ രണ്ടു കുപ്പി ട്രിപ്പ് കയറ്റാതെ വിടില്ലെന്ന് പറഞ്ഞ് പിടിച്ച് കിടത്തി ചികിൽസിക്കുകയാണ്. രണ്ടാമത്തെ കുപ്പി കയറുമ്പോളേക്കും എങ്ങിനെയെങ്കിലും ക്ലിനിക്കിലെത്താൻ ഞാനെന്റെ ജോലി ടോപ്പ് ഗിയറിലാക്കി. അതിനിടയിൽ നഴ്‌സ് രണ്ടാമത്തെ കുപ്പി കയറ്റാൻ അവിടെയുള്ള റൂം ബോയിയെ ഏൽപ്പിച്ചു പുറത്തു പോയി. റൂം ബോയിക് എന്ത് ട്രിപ്പ്? അവൻ ബൈക്ക് റേസിംഗ് പോലെ പരമാവധി വേഗത്തിൽ സാധനം ഗഫൂറിന്റെ അകത്താക്കി. അവൻ പറയുന്നത് ഗഫൂറിനും അറിയില്ല ഗഫൂറിന്റെ ആംഗ്യം അവനും. കയ്യിലെ വയറിംഗ് കാരണം ഊരിപ്പോരാനാവാതെ ഗഫൂർ സഹികെട്ട് കിടക്കുകയാണ്. 

ട്രിപ്പ് തീർന്നപ്പോൾ എണീറ്റ് പോയ്‌ക്കോളാനും ഓർഡർ കിട്ടി. അതായത് പൾസ്‌ കുറഞ്ഞവന് രണ്ടു ട്രിപ്പ് കൊടുത്തിട്ട് ശരീരത്തിൽ വന്ന മാറ്റങ്ങൾ നോക്കാതെ പൈസ വാങ്ങിച്ചു വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞെന്നു സാരം. രണ്ടാമത്തെ കുപ്പി ഫിനിഷിങ് പോയിന്റിൽ എത്തുന്നതും മനസ്സിൽ കണ്ട് ജോലി തീർത്തപ്പോളേക്കും അവൻ ഫ്ലാറ്റിലെത്തിയിരുന്നു.

സത്യം പറഞ്ഞാൽ ഗഫൂറിന് ബ്ലഡ് റിസൾട്ട് കാണാതെ ഉറക്കം വരുന്നില്ല. മൊബൈലിൽ കയറ്റിയ രണ്ടു ജിബി ഇന്റർനെറ്റും അവൻ ഗൂഗിളിൽ ഡെങ്കിയെ തിരഞ്ഞു കാലിയാക്കി. ഗൂഗിളനുസരിച്ച് എല്ലാ രോഗലക്ഷണങ്ങളും മൂപ്പർക്കുണ്ട്. നാട്ടിൽ പോവാനുള്ള ടിക്കറ്റ് റേറ്റും തിരഞ്ഞു വച്ചിട്ടുണ്ട്. ക്ലിനിക്കുകാർ എന്നെയാണ് വിളിക്കുക. കാൾ സ്റ്റാറ്റസ് നോക്കി എനിക്കും ഭ്രാന്തായി. അരമണിക്കൂർ ഇടവിട്ട് വിവരമറിയാൻ രോഗിയുടെ വോയ്‌സ് മെസ്സേജുകൾ എന്റെ ഫോണിൽ കുമിഞ്ഞുകൂടി കൊണ്ടിരിക്കുന്നു. വൈകുന്നേരം മൂന്നുമണിയായപ്പോഴേക്കും കാൾ വന്നു. ഡെങ്കിയുണ്ടോയെന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ  പറയാൻ പറ്റില്ലെന്നായിരുന്നു മറുപടി. രാത്രി എട്ടുമണിക്ക് ഗഫൂറിനെയും കൂട്ടിവരാനാണ് ഓർഡർ. ഞാൻ രാത്രി കമ്പനിയിൽ നിന്നും നേരെ ക്ലിനിക്കിലെത്തിയെങ്കിലും, അവർക്കു ഗഫൂറിനെ തന്നെ വേണം.

ഇപ്പോൾ ഹാജരാക്കാൻ പറ്റില്ലെന്ന് എന്റെ വാദം.

അവനെ കാണാതെ റിസൾട്ട് തരില്ലെന്ന് മറുവാദം.

പ്രാദേശിക ഭാഷ വീണ്ടും ചാമ്പിയപ്പോൾ എനിക്ക് ഗഫൂർ ഇല്ലാതെ ഡോക്ടറെ കാണാമെന്ന ഇടക്കാല വിധി വന്നു.

ഡ്യൂട്ടിയിൽ വേറെ ഡോക്ടറാണ്.

എന്റെ മുന്നിൽ വച്ചാണ് റിസൾട്ടിന്റെ കവർ ആദ്യമായി അദ്ദേഹം പൊളിക്കുന്നത്. ആകെ അഞ്ചെട്ടു വരിയുള്ള റിസൾട്ടിലേക്ക് ഇടം കണ്ണിട്ട് നോക്കിയപ്പോൾ സംഭവം മനസ്സിലായി.

‘ഗഫൂർ പൂർണ്ണ ആരോഗ്യവാനാണ്’!

മറുതലക്കൽ ഗഫൂർ നാട്ടിൽ പോവാൻ മാറാല പിടിച്ച ബാഗൊക്കെ സർഫ് ഇട്ട് കഴുകാൻ തുടങ്ങിയിട്ടുണ്ട്. ആറിയിട്ട വസ്ത്രത്തിലൊക്കെ അവൻ നോട്ടമിട്ട് കഴിഞ്ഞിരുന്നു. റിസൾട്ട് നോക്കി എന്ത് മറുപടി പറയണമെന്ന് അറിയാതെ പേന കൊണ്ട് വീണ്ടും റിസൾട്ടിൽ തലോടി കൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചു.

Sir, May I know the result? ആ മഹാനായ ഡോക്ടർ എന്നോട് പറയാണ്, ഗഫൂറിന് രണ്ടു ദിവസം മുൻപ് ഈ ക്ലിനിക്കിലേക്കു വരുമ്പോൾ ഡെങ്കിയായിരുന്നു. ഇപ്പോൾ അത് കൺട്രോൾ ആയിരിക്കുന്നു. അദ്ദേഹത്തിന്റെ കമന്റ് കേട്ട് കോരിത്തരിച്ചുപോയ ഞാൻ ബോധം വീണ്ടെടുത്ത് ചോദിച്ചു, അതിനു ഒരു തവണയല്ലേ രക്തം ടെസ്റ്റു ചെയ്തുള്ളു? ആ ചോദ്യം കേട്ടപ്പോൾ വേറെ രോഗികൾ പുറത്തു വെയിറ്റ് ചെയ്യുന്നു എന്നാണ് മറുപടി. അതായത് പെട്ടെന്ന് അവിടെ നിന്നും സ്ഥലം വിട്ടോളാൻ.

ഡോക്ടറുടെ റൂമിൽ നിന്നും പുറത്തിറങ്ങിയ എന്നോട് പാതി തുറന്ന വാതിലിലൂടെ ചാർളി ചാപ്ലിനെ പോലെ തല പുറത്തേക്കിട്ട് ആ ഡോക്ടറുടെ പ്രാദേശിക ഭാഷയിലുള്ള കമന്റ്. ‘അബാങ്, സിലാ ഇൻഫോം ദിയ മിനോം ബന്യാക് അയിർ’ (ചേട്ടാ അവനോട് ഒരുപാട് വെള്ളം കുടിക്കാൻ പറയണം). വളരെ ആത്മാർഥതയുള്ള ആ മഹാനായ ഡോക്ടറുടെ പുറത്തേക്ക് നീണ്ട ഉത്തരവാദിത്തമുള്ള ശിരസ്സ് കണ്ട് എന്റെ കണ്ണ് മഞ്ഞളിച്ചുപോയി. അടുത്ത പരീക്ഷണങ്ങൾക്കു വിധേയരാവാൻ പൈസയടച്ച് ടോക്കണുമെടുത്ത് കാത്തിരിക്കുന്ന രോഗികളെ കണ്ടപ്പോൾ ഞാനെന്റെ നിസ്സഹായതയെ ഉള്ളിലൊതുക്കി. ഞാനെങ്ങാനും അവിടെ അറിയാതെ നിന്നുപോയാൽ അവർ എനിക്കും കയറ്റും രണ്ടു ഗ്ലൂക്കോസ്. ഉടനെ ഞാൻ ജീവനും കൊണ്ടോടി. ക്ലിനിക്കിന് പുറത്തു കടന്നു പിറകോട്ടു തിരിഞ്ഞു നോക്കിയപ്പോൾ കളർഫുൾ ആയി ഓടിക്കൊണ്ടിരുന്ന എൽഇഡി എഴുത്തുകൾ എന്നെ  നോക്കി കൊഞ്ഞനം കുത്തുന്നത് മങ്ങിയ കണ്ണുകളിൽ ഞാൻ തിരിച്ചറിഞ്ഞു. അപ്പോളേക്കും ഞാൻ നാട്ടിലെ എന്റെ ടീച്ചറുടെ മകൻ ഡോക്ടർ സുഹൈലിന് റിസൾട്ട് അയച്ചു കൊടുത്തു. അവൻ തന്ന മറുപടിയിൽ എല്ലാ പേടിയും ആവിയായി.

റിസൾട്ട് കയ്യിൽ കൊടുത്തപ്പോൾ സർഫ് ഇട്ടു വെളുപ്പിച്ച ബാഗും വേഗത്തിൽ ഉണങ്ങാൻ ഫാനിനടിയിൽ വിരിച്ച ഉടുപ്പുകളും ഗഫൂറിനെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു. അവൻ കഴുകി നന്നാക്കി കയ്യിൽ കൂട്ടിപ്പിടിച്ച ആ ബാഗ് ഞാൻ കൈക്കലാക്കി, കൊച്ചിയിൽ ഇറങ്ങാൻ ലക്ഷ്യമിട്ടു ദിവസങ്ങളായി ഫ്ലാറ്റിൽ ചിന്നിചിതറിക്കിടക്കുന്ന എന്റെ സാധനങ്ങളൊക്കെ ഓരോന്നായി അതിലടുക്കാൻ തുടങ്ങിയപ്പോൾ ഡെങ്കിയെ ഡോങ്കിയാക്കിയ അവന്റെ കമന്റിനെ അവൻ തന്നെ തെറിവിളിക്കുന്നത് ചെറുതായി ഞാനും കേട്ടു. ചിലവൊന്നുമില്ലാതെ വൃത്തിയായ ബാഗിനെ എനിക്കും, ആവശ്യമില്ലാതെ പണം കൊടുത്ത്  അട്ടിക്കിട്ട മരുന്നുകളെ അവനും വീതം വച്ചു. അപ്പോഴും ലാഭം എനിക്കാണെന്നു പറഞ്ഞു പിറുപിറുക്കുന്ന ഗഫൂറിനെ നോക്കി എനിക്കും മന്ദഹസിക്കാനേ കഴിഞ്ഞുള്ളൂ.

കഴിഞ്ഞയാഴ്ചയും ആ വഴി പോയപ്പോൾ ക്ലിനിക്കിനടുത്തൊരു ആൾക്കൂട്ടമുണ്ട്. ഒന്നുകിൽ ഭാഗ്യ പരീക്ഷണത്തിനെത്തിയവരുടെ തിരക്കാവും അല്ലെങ്കിൽ നിർഭാഗ്യം തിരിച്ചറിഞ്ഞവരുടെ പ്രതീകരിക്കലായിരിക്കാം. ഒരു പരീക്ഷണത്തിൽക്കൂടി തന്നെ അനുഭവിച്ചറിഞ്ഞ എനിക്ക് ആ ആൾക്കൂട്ടത്തിൽ ഒരത്ഭുതം തോന്നിയില്ല. ഈ അനുഭവങ്ങളൊക്കെയാണ്  മലയാള നാടിനെ വിറപ്പിച്ച ‘നിപ’എന്ന മഹാമാരിയെ അതിവിദഗ്ദ്ധമായി പിടിച്ചു കെട്ടി. കൃത്യം ഒരു വർഷം തികയുമ്പോൾ വീണ്ടുമെത്തിയിട്ടും ജീവൻ വിട്ടുകൊടുക്കാതെ വിരട്ടിയോടിച്ച, നമ്മുടെ സ്വന്തം ചങ്കു ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും വാരിപുണരാൻ തോന്നുന്നത്. ഈ ഫോറിൻ ഡെങ്കിയുടെ വെളിച്ചത്തിലും മലയാളി വൈദികർക്കൊരു ബിഗ് സല്യൂട്ട്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA