sections
MORE

മലയാളികൾ, രുചിഭേദങ്ങൾ

grapes
SHARE

വാഷിങ്ടൻ റൊണാൾഡ് റീഗൻ ബിൽഡിങ്ങിൽനിന്ന് ഇറങ്ങുംമുമ്പേ ജോബിയുടെ ഫോൺ വന്നു: ‘ഞങ്ങളിവിടെ ഹോട്ടലിനു മുമ്പിലുണ്ട്.’ ജൂൺ 11,12 തീയതികളിൽ നടന്ന ഊബർ എലിവേറ്റ് ഉച്ചകോടിയുടെ സമാപനം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ജോബിയുടെ വിളി. 6.30ന് ഞാൻ താമസിക്കുന്ന വെസ്റ്റിൻ വാഷിങ്ടൻ ഡിസി സിറ്റി സെന്റർ ഹോട്ടലിനു മുമ്പിലെത്തുമെന്നാണ് ജോബി അറിയിച്ചിരുന്നത്. ജോബി സമയം പാലിച്ചു.

ഇന്ത്യയിൽനിന്ന്, മലയാള മനോരമയുടെ പ്രതിനിധിയായ എന്നെക്കൂടാതെ മൂന്നു പത്രപ്രവർത്തകർ കൂടിയുണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ മുംബൈ ലേഖിക ക്ലാര, ഇക്കണോമിക് ടൈംസിലെ അഥിദി, മിന്റിലെ വർഷ. കൂടാതെ, ഞങ്ങൾ നാലുപേരുടെയും ആതിഥേയയായി ഊബർ നി‌യോഗിച്ച അവരുടെ ഡൽഹി ഓഫിസിലെ കരുണ. സമാപനയോഗം കഴിഞ്ഞ് അവരോടു യാത്രപറഞ്ഞിറങ്ങാൻ നിന്നതാണ് വൈകാനിടയാക്കിയത്.

ഹോട്ടലിനു മുമ്പിൽ ടാക്സിയിലിറങ്ങുമ്പോൾ ജോബി കാത്തുനിൽപ്പുണ്ടായിരുന്നു. ജോബിയുമായി വർഷങ്ങളായുള്ള ബന്ധമാണ്. കോട്ടയത്തു വാസം തുടങ്ങിയപ്പോൾ ഈരയിൽക്കടവിൽ ജോബിയുടെ കുടുംബം വാടകയ്ക്കു നൽകിയവീട്ടിലാണ് നാലു വർഷത്തോളം താമസിച്ചത്.

ഐടി എൻജിനീയറായ ജോബിയും ഭാര്യ ശൈനോയും താമസിക്കുന്ന വെർജീനിയയിലെ വീട്ടിൽ 2015 ലും ഞാൻ കുടുംബസമേതം എത്തിയിരുന്നു. ജോബിക്കൊപ്പം കാറിൽ കയറുമ്പോൾ രണ്ടു കഥാപാത്രങ്ങൾ കലപില കൂട്ടി പുറകിലെ സീറ്റിലുണ്ടായിരുന്നു. ജോബിയുടെ മക്കളായ എലയ്നയും ജൊവാനയുമാണ്. നഴ്സറിക്കാരിയായ ഇളയവൾ ജൊവാന പരിചയഭാവത്തിൽ വർത്തമാനം പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ജോബിയുടെ വീടിനു മുന്നിൽ കാറിലിറങ്ങുമ്പോൾ വീടിനുപിന്നിൽ അഴകൊത്ത ഒരു മാൻ. തല്ലിക്കൊല്ലാനോ വേട്ടയാടാനോ ആളുകൾ ചെല്ലാറില്ല എന്ന ധൈര്യം മൂലമാകാം, ഓടിപ്പോകാതെ ഞങ്ങളെ നോക്കിനിൽക്കുകയായിരുന്നു അത്.

ഞങ്ങള‍െത്തി അൽപസമയം കഴിഞ്ഞപ്പോൾ ജോബിയുടെ കുടുംബസുഹൃത്ത് ജസ്റ്റിൻ കുടുംബസമേതം എത്തി. 

തീൻമേശ നിറയെ നാടൻ വിഭവങ്ങളുമായി ശൈനോ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. രുചികരമായ മീൻകറിയും ചിക്കൻകറിയുമെല്ലാം. ഒപ്പം നാവിൽ രുചിയൂറുന്ന കോട്ടയം സ്പെഷൽ ബീഫ് ഉലർത്തിയതും. 

ബീഫ് എടുക്കുമ്പോഴേ ശൈനോ പറഞ്ഞു: ഇതു ജോബിയുടെ പാചകമാണ്. 

പോത്തുലർത്തിയതിന്റെ രുചിയിൽ അഭിരമിച്ചിരുന്ന നാവിൽ അതേരുചിയോടെ ബീഫ്. കോട്ടയംകാരുടെ പോത്തുവരട്ടിയതിന്റെ തനിമ ചോരാതെ ബീഫ് ഉലർത്തിയ ജോബി, എൻജിനീയറുടെ മനസ്സ് പാകപ്പെടുത്തിയെടുത്ത നല്ലൊരു പാചകക്കാരനാണെന്നു തെളിയിച്ചു.

 

മധുരം, മലയാളത്തിനും ഫ്രൂട്ട് കേക്കിനും

ഫാ. ഡോ. അലക്സാണ്ടർ കുര്യൻ ആലപ്പുഴ ജില്ലയിലെ പള്ളിപ്പാടു സ്വദേശിയാണ്. ഇപ്പോൾ താമസം യുഎസിലെ മേരിലാൻഡിൽ. ജോലി വൈറ്റ്ഹൗസിൽ. യുഎസിലെ ഫെഡറൽ പ്രോപ്പർട്ടി കൗൺസലിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ. അമേരിക്കയുടെ, ലോകമെമ്പാടുമുള്ള രണ്ടുലക്ഷം കോടി ഡോളർ വരുന്ന സ്വത്തുക്കളുടെ ചുമതലയാണ് ഫെഡറൽ പ്രോപ്പർട്ടി കൗൺസലിന്.

പക്ഷേ, സംസാരത്തിലും പെരുമാറ്റത്തിലും താനീ ലോകത്തിലെതന്നെ ഏറ്റവും ചെറിയവനാണെന്നുള്ള ഭാവം. മലങ്കര ഓർത്തഡോക്സ് സഭയുടെ വാഷിങ്ടൻ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ മുൻവികാരി കൂടിയാണ് അച്ചൻ. വികാരി സ്ഥാനമില്ലെങ്കിലും എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ട്.

അച്ചന്റെ വാട്സ്ആപ് മെസേജ് തലേദിവസംതന്നെ വന്നു. അച്ചൻ പുലർച്ചെ 5.30ന് വീട്ടിൽനിന്നിറങ്ങും ആറരയോടെ റൂം വെക്കേറ്റ് ചെയ്ത് ഹോട്ടൽ ലോബിയിൽ കാത്തിരിക്കണം. കാത്തിരുന്നു. രാവിലത്തെ വാഹനത്തിരക്കുമൂലം അച്ചൻ എത്താൻ ഏതാനും മിനിറ്റു വൈകി. ഉടൻ പുറപ്പെട്ടു. അമേരിക്കൻ ശൈലിയിലുള്ള പ്രഭാതഭക്ഷണം പോകുംവഴി കഴിച്ചു.

അച്ചൻ എനിക്കു വേണ്ടി വാഷ്ങ്ടൻ സിറ്റി ടൂറിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. നാഷനൽ ആർക്കൈവിന്റെ മുമ്പിൽ ഇറക്കി. എട്ടുമണിക്കൂർ ടൂർ കഴിഞ്ഞുവരുമ്പോഴേക്കും അച്ചൻ അവിടെയത്തിക്കോളാം എന്നു പറഞ്ഞു. കാറിൽനിന്നിറങ്ങുമ്പോൾ പ്രത്യേകം പറഞ്ഞു: റോഡ് കുറുകെ കടക്കുമ്പോൾ സൂക്ഷിക്കണം, കൂട്ടത്തിൽനിന്നു വിട്ടുപോകാതിരിക്കാൻ ഗൈഡിനൊപ്പം തന്നെയുണ്ടാകണം.

വൈകിട്ട് നാലുമണിയോടെ ടൂർ കഴിഞ്ഞ് നാഷനൽ ആർക്കൈവ്സിനു മുന്നിൽ കാത്തുനിൽക്കുമ്പോൾ അച്ചന്റെ ബിഎംഡബ്ല്യു എത്തിക്കഴിഞ്ഞു. കനത്ത വാഹനത്തിരക്കിൽപ്പെട്ട് അലക്സാണ്ടർ അച്ചന്റെ വീട്ടിലെത്തുമ്പോൾ അജിതക്കൊച്ചമ്മയും ഇളയ മകൻ ഏലിയയും ഉണ്ടായിരുന്നു. പിന്നെ വളരെ പ്രത്യേകതകളുള്ള വളർത്തുനായ പപ്പു എന്ന ഓമനപ്പേരിലറിയപ്പെടുന്ന ട്രഫിൾസും. അപരിചിതനായ എന്നെ കാണുമ്പോൾ കുരച്ചു ചാടാനിടയുള്ളതിനാൽ പപ്പുവിനെ വീടിന്റെ മുകൾനിലയിലെ മുറിയിൽ അടച്ചിട്ടു. കുറേദിവസം മുമ്പ് അപരിചിതരെ കണ്ട് കുരച്ചുചാടിയ പപ്പുവിന് വീണു കാലിനു പരുക്കുപറ്റി.

വീട്ടിൽ അച്ചൻ തനി മലയാളി തന്നെ. ലുങ്കിയും ഷർട്ടും വേഷം, പച്ചമലയാളത്തിൽ സംസാരം. വീട്ടിൽ മലയാളമേ സംസാരിക്കാവൂ എന്നാണ് നിയമം. അതുകൊണ്ടുതന്നെ അച്ചന്റെ മക്കളായ അലിസ, നടാഷ, ഏലിയ എന്നിവർ നന്നായി മലയാളം സംസാരിക്കും. മൂന്നു മക്കളും പഠനവും ജോലിയുമായി അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലാണു താമസിക്കുന്നത്. ന്യൂയോർക്കിൽ എൻജിനീയറിങ് വിദ്യാർഥിയായ ഏലിയ വാരാന്ത്യം ചെലവഴിക്കാൻ വീട്ടിലെത്തിയതാണ്. എലൈ എന്ന ഓമനപ്പേരുള്ള ഏലിയയ്ക്കിഷ്ടം ചോറും മീൻകറിയും ബീഫ് ഉലർത്തിയതും പുളിശേരിയും!

മലയാളികൾ വേരുകൾ മറക്കുന്നു എന്നതാണ് അലക്സാണ്ടർ അച്ചന്റെ പരാതി. വീടുകളിൽ മലയാളം പറയുന്നില്ല, പകരം പലരും തെറ്റായ ഇംഗ്ലിഷ് സംസാരിക്കുന്നു. കുട്ടികളെ മലയാളം സംസാരിക്കാനും നമ്മുടെ സംസ്കാരവും മൂല്യങ്ങളും നിലനിർത്താനും പരിശീലിപ്പിക്കണം.

ചോറും മീൻകറിയും കപ്പയും ബീഫ് ഉലർത്തിയതും തോരനും ഉൾപ്പെടയുള്ള നാടൻ ഭക്ഷണം തന്നെയായിരുന്നു അച്ചന്റെ വീട്ടിലും. ഊണിനുശേഷം വിളമ്പിയ കേക്കാണ് അജിത കൊച്ചമ്മയുടെ പാചക നൈപുണ്യത്തിന്റെ മാസ്റ്റർപീസ്. വാഴപ്പഴം, മാമ്പഴം തുടങ്ങിയ ഫ്രഷ് ഫ്രൂട്ട്സ് ചേർത്തുണ്ടാക്കിയ കേക്ക് നാവിൽ പഞ്ഞിക്കഷണംപോലെ അലിഞ്ഞു ചേരുന്നതായിരുന്നു. ആ കേക്കിന്റെ രുചി ഇന്നും നാവിൽനിന്ന് മാറിയിട്ടില്ല.

pappu-dog

 

പപ്പു എന്ന കഥാപാത്രം

പപ്പു വെറും നായയല്ല, ഒരു സംഭവം തന്നെയാണവൾ. പപ്പുവിന്റെ ഏറ്റവും അടുപ്പക്കാരൻ എലൈ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന ഏലിയ തന്നെയാണ്. ഏലൈക്ക് അലർജിയായ ഭക്ഷണം പോലും പപ്പു കഴിക്കില്ല. ഏലിയയ്ക്കാകട്ടെ പപ്പുവിനെ അല്ലാതെ മറ്റെല്ലാ നായകളും അലർജിയാണ്. 

പപ്പുവിനെ അച്ചനും കുടുംബത്തിനും കിട്ടിയതിനു പിന്നിലും ഒരു കഥയുണ്ട്. ഏലൈക്ക് നായകളുടെ സാന്നിധ്യം അലർജിയുണ്ടാക്കുന്നതാണെങ്കിലും ഒരു നായയെ കിട്ടാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. ഒരിക്കൽ അച്ചനും കുടുംബവും അമിഷ് സമൂഹം (ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാതെ പരമ്പരാഗതരീതിയിൽ കാർഷിക വിളകളും കരകൗശല വസ്തുക്കളും വീട്ടുപകരണങ്ങളുമൊക്കെയുണ്ടാക്കി ജീവിക്കുന്ന സമൂഹം) താമസിക്കുന്ന പ്രദേശത്തെത്തി. അവിടെ ഒരു കടയിൽവച്ചാണ്, ജനിച്ചിട്ട് അധികം നാളായിട്ടില്ലാത്ത പട്ടിക്കുട്ടിയെ കാണുന്നത്. അതിന്റെ സാന്നിധ്യം എലൈക്ക് അലർജിയുണ്ടാക്കുന്നില്ലെന്നു മനസ്സിലായതോടെ അതിനെ വാങ്ങാൻ തീരുമാനിച്ചു. പക്ഷേ മറ്റൊരാൾ പറഞ്ഞുവച്ചിരുന്നതായതിനാൽ നൽകാനാവില്ലെന്ന് കടയുടമ.

പട്ടിക്കുട്ടിയെ നേരത്തെ പറഞ്ഞുവച്ചിരുന്ന സ്ത്രീയെ കടയുടമ ഫോണിൽ വിളിച്ചപ്പോൾ ഉടൻ പട്ടിയെ ആവശ്യമില്ലെന്ന് അറിയിച്ചു. അതോടെ പപ്പു എലൈയുടെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. സോഫ്റ്റ്കോട്ടഡ് വീറ്റൺ ടെറിയർ എന്ന ഇനത്തിൽപ്പെട്ടതാണ് പപ്പു. ഡൈനിങ് ടേബിളിൽ ഭക്ഷണം വിളമ്പി കസേരയിട്ടുകൊടുത്താലേ പപ്പു ഭക്ഷണം കഴിക്കൂ. ഇംഗ്ലിഷ്, മലയാളം, ഗ്രീക്ക് ഭാഷകൾ പപ്പുവിനു മനസ്സിലാകും. 

 

കുടംപുളിയിട്ട മീൻകറി

കോട്ടയംകാരനായതിനാലവണം മീൻകറി എന്റെ ദൗർബല്യമാണ്. അതും കുടംപുളിയിട്ടുവച്ച നല്ല നാടൻ മീൻകറി. 

കോട്ടയത്തെ മഹിളകൾക്കാണ് ഈ മീൻകറിയുടെ പേറ്റന്റെന്നാണ് ഞാൻ വർഷങ്ങളായി ധരിച്ചുവച്ചിരുന്നത്. എന്നാൽ ഇത്തവണത്തെ വാഷിങ്ടൻ ഡിസി സന്ദർശനത്തിൽ അതു പൊളിഞ്ഞു.

എന്റെ കുടുംബ സുഹൃത്ത് ജോമോന്റെയും നിഷയുടെയും വിർജീനിയയിലെ വീട്ടിൽ ചെന്നപ്പോഴാണ് മീൻകറിയുടെ ‘പെർഫക്‌ഷൻ’ രുചിച്ചറിഞ്ഞത്. അമേരിക്കയിൽ സുലഭമായ സാൽമൺ മൽസം നാടൻരീതിയിൽ കുടംപുളിയിട്ട് വച്ച കറി, നാവിൽ രുചിയുടെ മേളപ്പെരുക്കം സൃഷ്ടിച്ചു. പണ്ട് ചെറുപ്പത്തിൽ വിവാഹങ്ങൾക്കും മറ്റും വേവിച്ചിരുന്ന മീൻകറിയുടെ അതേ രുചി. ഉപ്പും എരിവും പുളിയും കിറുകൃത്യം.

മീൻകറിയുടെ കാര്യത്തിൽ നിഷയെ അഭിനന്ദിച്ചപ്പോഴാണ് അറിഞ്ഞത്, അവരുടെ മലയാളി കൂട്ടായ്മയിൽ മീൻകറി വച്ചുകൊണ്ടു പോകേണ്ട സ്ഥിരം ചുമതല നിഷയ്ക്കാണെന്ന്. നിഷയുടെ മീൻകറിയുടെ രുചി അമേരിക്കയിലെങ്ങും പാട്ടായെന്നു ചുരുക്കും. ഇതുവരെ കഴിച്ചിട്ടുള്ള മീൻകറിയിൽ എപ്ലസ് തന്നെ ഞാൻ ഈ മീൻ കറിക്കു കൊടുക്കും.

നിഷ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്ത് ഒലിയപ്പുറംകാരിയും ജോമോൻ പാമ്പാക്കുട സ്വദേശിയും. സ്വന്തമായി അക്കൗണ്ടിങ് സ്ഥാപനം നടത്തുകയാണ് ഇരുവരും. സ്കൾ വിദ്യാർഥികളായ അലനും സ്റ്റീവുമാണ് മക്കൾ.

ജോമോന്റെ വീടിനു പിന്നിൽ, കൃഷി ചെയ്തിരിക്കുന്ന കറിവേപ്പിലയ്ക്കും നാടൻ പച്ചക്കറികൾക്കുമിടയിൽ പരിഷ്ക്കാരിയായി പടർന്നുകിടക്കുന്ന മുന്തിരി വള്ളിയിലും ഒരു കഥയുടെ അംശം ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. ഇളംപച്ച മുന്തിരിക്കുലകൾ കായ്ച്ചു തുടങ്ങിയിട്ടുണ്ട്. കീടനാശിനി പ്രയോഗം നടത്താത്തതിനാൽ കുറേക്കഴിയുമ്പോൾ ഈച്ച കുത്തി കേടാകും. അതിനാൽ പഴുത്തു കിട്ടുന്നത് ഒരു കുലയിൽ ഒന്നോ രണ്ടോ മാത്രം. പഴുത്താൽ നല്ല മധുരവും. ഈച്ച കുത്തും മുമ്പേ പുളിയുള്ള പച്ചമുന്തിരി പറിച്ച് അച്ചാറിടും. രുചികരമായ ഈ അച്ചാർ നിഷ ചെറിയ കുപ്പികളിലാക്കി മലയാളി  സുഹൃത്തുക്കൾക്കു സമ്മാനിക്കുകയും ചെയ്യും.

മടക്കയാത്രയ്ക്ക് വാഷിങ്ടനിലെ ഡാലസ് എയർപോർട്ടിൽ എന്നെ കൊണ്ടുവിട്ടത് ജോമോനാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA