sections
MORE

പ്രണയയാത്ര

Love
SHARE

"അമ്മേ, ഞാൻ ഇറങ്ങുവാട്ടോ.  ഇനിയും താമസിച്ചാൽ കണ്ണേട്ടൻ മുഷിയും. നാളത്തേക്കുള്ളതൊക്കെ ഒരുക്കി വെക്കാനുണ്ട്. നാളെ വൈകീട്ട് ഏഴു മണിക്കാണ് ഫ്ലൈറ്റ്. രണ്ടാളും രാവിലെ തന്നെ അങ്ങ് വരണം. അച്ഛന്റെ ഫോണിൽ വീഡിയോകാൾ ചെയ്യാൻ സ്കൈപ്പ് ഇൻസ്റ്റാൾ ആക്കിയിട്ടുണ്ട്, അതിൽ കൂടെ മാളൂട്ടിയെ കണ്ട് സംസാരിക്കാൻ പറ്റും. വിഷമിക്കണ്ട, പിന്നെ ബാംഗ്ലൂരിലുള്ള നിങ്ങളുടെ മരമാക്രിമോനെയും വിളിക്കാട്ടോ"

"ഡി, അസത്തെ പോത്തുപോലെ വളർന്നിട്ടും ആ ചെക്കനെ വിളിക്കണ കേട്ടില്ലേ. ഒരു കൊച്ചിന്റെ തള്ള ആയിട്ടും കുട്ടിക്കളി മാറീട്ടില്ല" 

"അച്ചോടാ, സീമന്തപുത്രനെ പറഞ്ഞപ്പോൾ കുശുമ്പിപാറുവിന്റെ മുഖം പോയത് കണ്ടോ? എത്ര വളർന്നാലും ഞാൻ നിങ്ങളുടെ കുഞ്ഞല്ലേ? പിന്നെ അവനെയല്ലേ സ്വതന്ത്രമായി ഇതൊക്കെ പറയാൻ പറ്റു, ഇനി നിങ്ങൾ ഇണക്കുരുവികൾ മാത്രമല്ലേ ഉള്ളു ഇവിടെ? രണ്ടാൾക്കും ഇനി പ്രണയ ജോഡികളായി കഴിയാല്ലോ"

ഇതുംപറഞ്ഞു കണ്ണിറുക്കിയിട്ട് അമ്മൂട്ടീ വണ്ടിയിലേക്കു കയറാനോടി. കണ്ണൻ അപ്പോളേക്കും അവിടെ ഹോൺഅടി തുടങ്ങിയിട്ടുണ്ടായിരുന്നു..

"ഈ പെണ്ണിന്റെ നാക്കിനൊരു ലൈസൻസുമില്ല, എന്തെങ്കിലുമോക്കെ കിലുക്കികൊണ്ടിരിക്കും. ദേ ഞാൻ ഒന്ന് മേല് കഴുകിയിട്ടു വരാട്ടോ"

എന്നും പറഞ്ഞു വേണി പോയി.

ഞാൻ ആ ഉമ്മറത്തിണ്ണയിലിങ്ങനെ ഇരുന്നു. അമൂട്ടി പറഞ്ഞതോർത്തു. അല്ലേലും ഇടക്കൊക്കെ പഴയ ഓർമ്മകൾ പൊടിതട്ടി എടുക്കുമ്പോൾ വല്ലാത്തൊരു സുഖമാണ്. ആ ഓർമകളിലേക്ക് മനസ് വീണ്ടും ഊളിയിട്ടു. 

ഒരിക്കൽ താനുമൊരു പ്രവാസിയായിരുന്നു. ആദ്യമായി ഗൾഫിൽ പോയി രണ്ടുവർഷം കഴിഞ്ഞു അവധിക്കു വന്ന സമയം. ഒരു കൂട്ടുകാരന്റെ കല്യാണം കൂടാൻ വന്നതായിരുന്നു. വീട്ടുകാർക്കും അറിയാവുന്ന സുഹൃത്തായതിനാൽ അമ്മയെയും ചേച്ചിയെയും കൂടെ കൂട്ടി. അവിടെ വച്ചാണ് വേണിയെ ആദ്യം കണ്ടത്. കല്യാണപ്പെണ്ണിന്റെ കൂടെ തന്നെ ഉണ്ടായിരുന്നവൾ. ഒറ്റനോട്ടത്തിൽ തന്നെ വല്ലാത്തൊരാകർഷണം. ഒരു ശാലീന സുന്ദരി. ആ നേട്ടത്തിൽ മനസ്സിൽ പ്രണയം പൂത്തുലഞ്ഞപോലെ. ഞാൻ അവളെ തന്നെ നോക്കുന്നത് ശ്രദ്ധയിൽ പെട്ട ചേച്ചിക്കു സംഗതി പിടികിട്ടി. 

"അവളുടെ പേര് കൃഷണവേണി. കല്യാണപ്പെണ്ണിന്റെ അമ്മാവന്റെ മോൾ. ചേച്ചിയെ കല്യാണം കഴിച്ചയച്ച വീട്ടിന്റെ  അടുത്ത്  തന്നെയായിരുന്നു അവളുടെ വീട്. ഇപ്പോൾ ഡിഗ്രി കംപ്ലീറ്റ് ചെയ്തു ഒരു സർക്കാർ ജോലിക്കു ശ്രമിക്കുന്നു"

എന്റെ മനസ് മനസിലാക്കിയ ചേച്ചി വേണിയുടെ വീട്ടിലേക്കു ആലോചനയുമായി പോകാൻ അച്ഛനോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ വേണിയെ പെണ്ണ് കാണാൻ പോയി. നീല പട്ടുസാരിയുടുത്ത് നെറ്റിയിൽ ചന്ദനക്കുറിയും ചാർത്തി വേണി മുന്നിൽ. 

പരസ്പരം സംസാരിക്കാൻ കിട്ടിയ അവസരത്തിൽ 'നാട്ടിൽ ഏതെങ്കിലും ജോലിക്കു ശ്രമിച്ചൂടെ?'  എന്നവൾ ചോദിച്ചു. സ്വന്തമായിട്ടൊരു ജോലി ആയതിന് ശേഷം മതി വിവാഹമെന്നും ഏകദേശം  ഒരു വർഷത്തെ സമയം വേണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു.  തനിക്കും ഒരു സർക്കാർ ജോലിയോടുള്ള ആഗ്രഹം ഉണ്ടായിരുന്നതിനാൽ അതിനുവേണ്ടിയുള്ള ശ്രമമായിരുന്നു പിന്നീട്.  

പ്രവാസത്തിലേക്കു ചേക്കേറുന്നതിനു മുന്നേ പലആവർത്തി ശ്രമിച്ചിരുന്ന മത്സരപരീക്ഷകൾ  ഒന്നുകൂടെ ആഞ്ഞുശ്രമിച്ചു നോക്കി. പെണ്ണുകാണൽ ചടങ്ങിന് ശേഷം രണ്ടാഴ്ച്ച കഴിഞ്ഞ് വിവാഹനിശ്ചയം. ഒരു വർഷം കഴിഞ്ഞ് വിവാഹമെന്ന തീരുമാനത്തിലുമെത്തി. വിവാഹ നിശ്ചയത്തിന് ശേഷം വേണിയോട് അൽപ്പം സ്വാതന്ത്ര്യത്തോടെ പെരുമാറാൻ ശ്രമിച്ചിരുന്നെങ്കിലും, നേരിൽ കാണുമ്പോൾ സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും  ഒരു പുഞ്ചിരിയും പാസ്സാക്കി അവൾ കടന്നു കളയുമായിരുന്നു. 'വിവാഹശേഷം കൂടുതൽ അടുക്കാനാണ് താല്പര്യം', അവൾ പറഞ്ഞു.

താമസിയാതെ എനിക്കും വേണിക്കും ജോലിയായി. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിവാഹവും നടന്നു. താലികെട്ടുമ്പോൾ അവളിൽ പ്രണയം പൂത്തുലയുന്നത് ഞാൻ കണ്ടു. പലപ്പോഴും എന്നോട് കാണിച്ച അവഗണകൾക് ക്ഷമ ചോദിച്ചിട്ട് അന്നവൾ പറഞ്ഞത് മനസ്സിൽ പതിഞ്ഞുകിടക്കുന്നു. 

"വിവാഹശേഷമുള്ള പ്രണയത്തിനു മധുരവും ആയുസ്സും കൂടുതലാണ്. നമ്മൾ രണ്ടുപേരുടെയും കുടുംബത്തിന്റെ  പ്രാർഥനയും ദൈവത്തിന്റെ അനുഗ്രഹവുമുണ്ടാകും"

പിന്നീടങ്ങോട് കാമുകീകാമുകന്മാരെപോലെയുള്ള ദിനങ്ങൾ. ഒരുപാട് സ്വപ്‌നങ്ങൾ പങ്കുവെച്ചു. ഒത്തിരി യാത്രചെയ്യാൻ ഇഷ്ട്ടപെടുന്നവളായിരുന്നു അവൾ. ഒഴിവുദിവസങ്ങളിലൊക്കെ ഇഷ്ടപെട്ട സ്ഥലങ്ങളിലൊക്കെ പോകുമായിരുന്നു. ഒറ്റക്കുള്ള ദൂരെ യാത്രകൾ വീട്ടുകാർ അനുവദിക്കാതിരുന്നതിനാൽ ഒരിക്കൽ അമ്മാവന്റെ വീട്ടിലേക്കാണെന്നും പറഞ്ഞു മൂന്നാറിലേക്ക് പോയി. വിവാഹത്തിന് ശേഷമുള്ള ഒരു ഒളിച്ചോട്ടം! അവരുടെ കണ്ണിൽ കുട്ടികളായതുകൊണ്ട് പൂർണ സമ്മതത്തോടെ ഒറ്റക് വിടാൻ പേടി. അന്ന് ആസ്വദിച്ചു പ്രണയിച്ചു. 'ലൈസെൻസ്‌ഡ്  ലൗവേഴ്സ്' അവൾ പറഞ്ഞുചിരിച്ചു.

കൃത്യം ആറുമാസങ്ങൾക്കു ശേഷം നമ്മുക്കിടയിലേക്കു ഒരു കുഞ്ഞതിഥി കൂടെ വരുന്നുണ്ടെന്നവൾ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. നീണ്ട എട്ടു മാസങ്ങൾ. ലേബറൂമിനു പുറത്തു കാത്തുനിന്ന എനിക്ക് നഴ്സ് വെളുത്ത തുണികെട്ടിൽ പൊതിഞ്ഞ എന്റെ അമ്മൂട്ടിയെ കൊണ്ട് വന്നു. അവളെ ഏറ്റുവാങ്ങുമ്പോൾ ഒരച്ഛനായതിൽ ഒത്തിരി സന്തോഷവും അഭിമാനവും തോന്നി. തൊട്ടുപുറകെ തന്നെ വേറൊരു തുണിക്കെട്ടിൽ എന്റെ അപ്പു മോനെയും കൊണ്ട് വന്നപ്പോളാണ് ഇരട്ട കുട്ടികളാണെന്ന സത്യം ഞാനറിഞ്ഞത്. ജോലിത്തിരക്ക് കാരണം  ചെക്കപ്പിന് കൂടുതലും അവളും അമ്മയുമാണ് ഒരുമിച്ചു പോയത്. സ്കാനിങ്ങിൽ അതറിഞ്ഞ അവൾ എന്തോ എന്നെയത് അറിയിച്ചില്ല. 

ഉത്സവദിനങ്ങൾ  ആഗതമായി. അപ്പുവെന്ന അദ്വൈതും അമ്മു എന്ന അനാമികയും. ഇരട്ടകളായതിനാൽ വേണിയും അമ്മയും അവരെ രണ്ടു പേരെയും നോക്കാൻ ഒത്തിരി ബുദ്ധിമുട്ടി. പ്രായംകൂടുംതോറും കുസൃതികളും കൂടി വന്നു. കണ്ടാൽ കീരിയുംപാമ്പുമാണെങ്കിലും ഇണപിരിയാത്ത  കൂട്ടുകാർ. ഭാര്യയും കാമുകിയും എന്നതിലുപരി ഒരമ്മയുടെ ഉത്തരവാദത്വവും വേണിക്കു അപ്പോളേക്കും കിട്ടിയിരുന്നു. മുമ്പ് പങ്കുവെച്ചിട്ടുള്ള പലആഗ്രഹങ്ങളും അവൾ ഞങ്ങൾക്ക് വേണ്ടി മാറ്റി വെച്ചു.   അമ്മുവിന്റെ കൂടുതൽ അടുപ്പം എന്റെകൂടെ ആയിരുന്നു. അവളുടെ ബെസ്ററ് ഫ്രണ്ട്.  എന്റെയും അമ്മൂസിന്റെയും അടുപ്പം കാണുമ്പോൾ വേണിക്കു കുശുമ്പിളകും 

"അവളെ പത്തിരുപതു വയസ്സാകുമ്പോൾ കെട്ടിച്ചു വിടാനുള്ളതാണ്. പിന്നെ വേണി, വേണി എന്ന് വിളിക്കുമ്പോൾ ഞാനേ കാണുള്ളൂട്ടോ" എന്നു എന്നെ ചൊടിപ്പിക്കാനായി പറയും. അത് കേൾക്കുമ്പോൾ അമ്മൂസവളെ കുശുമ്പിപ്പാറു എന്ന് വിളിച്ചു കളിയാക്കല് തുടങ്ങും.

വർഷങ്ങൾ കൊഴിഞ്ഞു. പ്ലസ്ടുവരെ അമ്മുവും, അപ്പുവും ഒരേ സ്കൂളിലായിരുന്നു. അതിനു ശേഷം അമ്മു ബി.എ-ക്കും, അപ്പു ബിടെക്കിനും ചേർന്നു. അമ്മുവിനെ കോഴ്സ് കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ വിവാഹവും കഴിപ്പിച്ചു. അപ്പു ബാംഗ്ലൂർ ക്യാമ്പസ് സെലെക്ഷൻ കിട്ടിയപ്പോൾ അവിടേക്ക് പോയി. അമ്മുവിനിപ്പോൾ ഒരു വയസുള്ള കുഞ്ഞു മോളുണ്ട് മാളൂട്ടി. നാളെ അവളും കുഞ്ഞും ദുബായിൽ അവളുടെ ഭർത്താവിന്റെ കൂടെ പോകുകയാണ്. ഞാൻ റിട്ടയർ ആയിട്ടിപ്പോൾ ഒരു വർഷമായി. വേണിക്കിനി മൂന്ന് മാസം കൂടെ ഉണ്ട് 

"എന്താ മാഷേ ആലോചിച്ചിരിക്കുന്നെ"

"ഒന്നുല്ലെടോ. ഞാൻ വെറുതെ പഴയതൊക്കെ..."

"നിങ്ങളിപ്പോളും ആ ദുരന്തങ്ങൾ ഓർത്തോണ്ടിരിക്കുകയാണോ മനുഷ്യ"

"നിനക്ക് ഞാൻ ദുരന്തമാണെന്നു തോന്നുന്നോ?"

"വെറുതെ പറഞ്ഞതല്ലേ. ദൈവം ചേരേണ്ടവരെ ചേരേണ്ട സമയമാകുമ്പോൾ ചേർത്തു വെക്കും. അതിനു ഓരോ നിമിത്തങ്ങൾ. നീ ഇടക്കൊക്കെ പറഞ്ഞതോർത്തു പോയി. മാളൂട്ടി പിരിഞ്ഞപ്പോൾ ശരിക്കും ഒറ്റപ്പെട്ട പോലെ അല്ലേ?"

"അതങ്ങനെ അല്ലെ ഏട്ടാ. മക്കളും മാതാപിതാക്കളും ഒരു സമയമെത്തുമ്പോൾ രണ്ടു ധ്രുവങ്ങളിലാകും. ഒന്നുകിൽ വിവാഹം കഴിഞ്ഞു പോകും. അത് പ്രകൃതി നിയമം. ജീവിതകാലം മുഴുവനും സ്വന്തം ഇണ മാത്രമേ ഒരു തുണയായി കാണു. അല്ല ഇനി എന്താ മാഷിന്റെ പ്ലാൻ?"

"ഇനി എന്താ? നീ പണ്ടു പോകണമെന്നു പറഞ്ഞ സ്ഥലങ്ങളിലൊക്കെ യാത്ര പോകാം. ഇണകിളികളെ പോലെ"

"ഈ വയസ്സാംകാലത്താണോ യാത്ര? പറ്റുമെങ്കിൽ നമുക്കൊന്ന് മൂകാംബിക ക്ഷേത്രത്തിലൊക്കെ പോയി വരാം."

"അവിടെ മാത്രമാകേണ്ട. പണ്ട് നീ പറഞ്ഞ പോലെ താജ്മഹലിലും കാശ്മീരിലും, റെഡ്ഫോർട്ടിലും.. അംങ്ങനെ ഇഷ്ടമുള്ളിടത്തൊക്കെ പോയി വരാമെടോ "

"തമാശ നിർത്ത്. ഒന്നാമത് ഇപ്പോൾ അമ്മൂട്ടിയെ കെട്ടിച്ചു വിട്ടത് കൊണ്ടുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർന്നു വരുന്നല്ലേ ഉള്ളു. പിന്നെ ഈ പെൻഷൻ തുക കൊണ്ട് എല്ലായിടത്തും കറങ്ങാൻ പോകാമെന്നു കരുതുന്നുണ്ടോ. സമയം പോലെ മൂകാംബികയിലും ഗുരുവായൂരും ഒന്ന് പോയാൽ മതി എനിക്ക്"

"നീ ഇവിടിരി ഞാനിപ്പോ വരാം"

ഞാൻ പോയി ഒരു പാസ്ബുക്ക് എടുത്തുകൊണ്ട് വന്നു അവൾക്കു നേരെ നീട്ടി. അത് തുറന്ന് നോക്കി അമ്പരപ്പോടെ അവൾ നിന്നു.  

"ഇതേത് അക്കൗണ്ടാ? ഇതിൽ ഏകദേശം അഞ്ചുലക്ഷത്തിനു മേലെ?!"

"ടീ, സാലറിയിൽ നിന്നും ഞാൻ മാറ്റിവച്ച കരുതൽ.  നിന്നെ അറിയിക്കണ്ടെന്നു തോന്നി. ഭാവിയിൽ ആവശ്യങ്ങൾ വന്നാൽ ആരെയും ആശ്രയിക്കേണ്ടി വരില്ലല്ലോ എന്ന് ചിന്തിച്ചു.  മക്കൾക്കു വേണ്ടി മാത്രം സമ്പാദിച്ചു കൂട്ടുന്നതും മണ്ടത്തരമാണ്, നമുക്ക് വേണ്ടിയും ജീവിക്കണ്ടേ? മക്കൾക്കു ബാധ്യത ഉണ്ടാക്കാതെ സ്വന്തം കാര്യം നോക്കണ്ടേ? "

"അവർക്കു ബാധ്യത ആകുമോ ഏട്ടാ നമ്മൾ"

"ഒന്നും പറയാൻ പറ്റില്ല കുട്ടി. കാലംഅതല്ലേ? കൂടുതൽ പ്രതീക്ഷകൾ അർപ്പിക്കരുത്. ഒരു മോഹമുണ്ടായിരുന്നു, ഒരിക്കൽ നീ ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ യാത്രപോകണമെന്ന്. കുഞ്ഞുങ്ങളായപ്പോൾ നിന്റെ പല ആഗ്രഹങ്ങളും അവർക്കു വേണ്ടി മാറ്റിവെച്ചില്ലേ? ഇനി സമയമുണ്ട്. ബാധ്യതകളൊക്കെ തീർന്നു.  പോകാനുള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കിക്കോളു. ഇനിയുള്ള ദിവസങ്ങളിൽ നമ്മൾ പ്രണയജോഡികൾ. അതിനു പ്രായമൊന്നും നോക്കേണ്ട" 

വേണിയുടെ മുഖം നാണത്താൽ തുടുത്തു. 

സ്വപ്നങ്ങളും ആഗ്രഹങ്ങളും പേറി വീണ്ടും ജീവിതയാത്ര. പ്രണയത്തിന് പ്രായമില്ല.. കാലാന്തരേ മാധുര്യം ഏറും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA