ADVERTISEMENT

എട്ടു പത്തു വർഷങ്ങൾക്ക് മുൻപ് മലപ്പുറം ജില്ലയിലെ കൂടുതൽ ചെങ്കൽ ക്വാറികളുള്ള പ്രദേശങ്ങളിലൊന്നായിരുന്നു ഞങ്ങളുടെ പള്ളിക്കൽ ഗ്രാമം. നേരം പുലരുമ്പോളേക്കും ചൂടോടെ ആദ്യ ലോഡ് കൈക്കലാക്കാൻ  ഇടുങ്ങിയ റോഡിലൂടെ ചീറിപ്പാഞ്ഞു വരുന്ന കുട്ടി ലോറികളും, കുടുംബം പുലർത്താൻ കല്ലടർത്താനുള്ള മട്ടാസും തോളിലേന്തി ക്വാറിയെ ലക്ഷ്യമിട്ടു നീങ്ങുന്ന തൊഴിലാളികളും അന്ന് ഞങ്ങളുടെ ഗ്രാമത്തിലെ നിത്യക്കാഴ്ചകളായിരുന്നു. വീട്ടിലെ അടുപ്പു പുകയ്ക്കാൻ വേറെ വഴിയില്ലാതെ വൈകുന്നേരം വരെ പൊരി വെയിലത്ത്‌ ചെമ്മണ്ണിൽ കുതിർന്ന് അധ്വാനിക്കാൻ വരുന്നവരാണവരെല്ലാം. 

 

വൈകുന്നേരമാവുമ്പോളേക്കും വെയിലിൽ പൊരുതിത്തളർന്ന്, ഭാരമുള്ള മട്ടാസ് ഇരു തോളും മാറ്റിപ്പിടിച്ച് കിട്ടിയ കൂലിയുമായി പള്ളിക്കലങ്ങാടിയിലേക്ക് പലചരക്ക് വാങ്ങാൻ പോവുന്ന വിയർപ്പുറ്റുന്ന അച്ഛൻമാരെ കാണുമ്പോൾ പലപ്പോളുമെന്റെ കണ്ണുനിറഞ്ഞു പോയിട്ടുണ്ട്.

 

അന്ന് ക്വാറിപ്പണിക്കാരിൽ ഭൂരിഭാഗം പേരും കാസർകോടുകാരാണ്. കുറച്ച് നാളുകളായി അതിലൊരു തൊഴിലാളിയെ നാട്ടുകാർ നോട്ടമിട്ടിട്ടുണ്ട്. അയാളിൽ എന്തോ ഒരു പന്തികേട് തോന്നിയതാണ് കാരണം. ചില്ലറ സാധനങ്ങൾ വാങ്ങാൻ വീടിനടുത്തുള്ള പെട്ടിക്കടയിൽ പോവുമ്പോളൊക്കെ ഇയാളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പണിയൊന്നുമില്ലാത്തവർക്കായി ആ കടയിൽ പ്രത്യേകം റിസർവ് ചെയ്ത ബെഞ്ചിൽ നിന്നാണ് ചർച്ചകളുയരുന്നത്. ഒരു ദിവസം ഞാനും ആ മനുഷ്യനെ നേരിൽ കണ്ടു. എന്റെ അച്ഛനെക്കാൾ പ്രായമുണ്ടയാൾക്ക്. കഠിനാധ്വാനം കൊണ്ട് ആ മനുഷ്യന്റെ നട്ടെല്ല് സ്ഥിരമായി വളഞ്ഞു പോയിട്ടുണ്ട്!

മട്ടാസുംകൂടി തോളിലേറ്റിയാൽ പ്രയാസപ്പെട്ടു നടന്നു നീങ്ങുന്ന ഒരു കഠിനാധ്വാനിയെക്കുറിച്ചാണ് നാട്ടുകാർ അന്യായം പറയുന്നതെന്ന് എനിക്ക് തോന്നി. വല്ലപ്പോഴും അല്ലറചില്ലറ സാധനങ്ങളൊക്കെ കാണാതെ പോവുന്ന നാട്ടിൻപുറമാണത്. അന്തിക്ക് കൂടണയാൻ വരാത്ത കോഴിയെ കുറുക്കൻ പിടിച്ചതറിയാതെ ആരോ ഫ്രൈയാക്കിയെന്നും, ആർക്കും വേണ്ടാതെ നാളുകളായി പുറംപോക്കിൽ കിടന്ന പ്ലാസ്റ്റിക് ടിന്നുകളും തകരകസേരയും പഴയതു പെറുക്കാൻ വന്നവർ ചാക്കിലാക്കി പോയതറിയാതെ കലിപ്പുള്ള ഏതെങ്കിലും ഒരു നാട്ടുകാരനെ മോഷ്ടാവായി വിധിയെഴുതുകയും ചെയ്യുന്ന ആ പെട്ടിക്കടയിലെ ജുഡീഷ്യൽ ബെഞ്ചാണത്. വെറൈറ്റി തള്ളുകൾക്കായി ലീവാക്കി രാവിലെ തന്നെ ബെഞ്ചിൽ സ്ഥാനം പിടിക്കുന്നവരും ഉണ്ട്. തിരക്ക് കാരണം കാലൊടിഞ്ഞ ബെഞ്ചിനെ പാതി മുറിഞ്ഞ കോൺക്രീറ്റ് പോസ്റ്റിന്റെ രൂപത്തിലേക്ക് മാറ്റിയതല്ലാതെ പറയത്തക്ക വികസനമൊന്നും ആ കടക്കില്ല.

 

സ്വന്തം നാട്ടുകാർ ഇത്തരത്തിലുള്ള ഒരാളെ തെറ്റിദ്ധരിക്കുന്നത് കണ്ടപ്പോൾ സത്യമറിയാൻ ഞാനും ആ മനുഷ്യനെ നിരീക്ഷിക്കാൻ തുടങ്ങി. പണി കഴിഞ്ഞു വരുമ്പോൾ ചെമ്മണ്ണിൽ കുതിർന്ന മുണ്ടും ഷർട്ടുമടങ്ങുന്ന പണി സഞ്ചി തോളിലേറ്റിയാണ് മൂപ്പരുടെ നടത്തം. ആരെങ്കിലും അടുത്തെത്തിയാൽ മൂപ്പർക്കൊരു വെപ്രാളമാണ്. മറ്റുള്ള പണിക്കാരിൽ നിന്നും വ്യത്യസ്തമായി, ഭാരം കുറഞ്ഞ സഞ്ചി കക്ഷത്തിറുക്കുന്നതിന് പകരം തോളിലേറ്റുന്നതും, ആളുകളെ കാണുമ്പോൾ സഞ്ചിയിൽ കയ്യിട്ട് വെപ്രാളം കാട്ടുന്നതുമാണ് നാട്ടുകാർക്ക് പന്തികേട് തോന്നാനുള്ള മുഖ്യകാരണം. കാര്യമറിയാൻ രണ്ടുമൂന്നു ദിവസം ഞാനും മൂപ്പരുടെ പിറകെ കൂടി. ഞാൻ നടന്നടുത്തെത്തുമ്പോളേക്കും അയാൾ കൈ സഞ്ചിയിലേക്കിടുന്നത് എന്റെ മനസ്സിലും സംശയത്തിന്റെ നിഴലുണ്ടാക്കി. എന്തായാലും മറ്റുള്ളവരെ കാണിക്കാൻ പറ്റാത്ത ഒരു സാധനം സഞ്ചിയിലുണ്ടെന്ന് ഉറപ്പായി. ഭാരമേറിയ മട്ടാസും ചുമന്ന് ആ മനുഷ്യൻ കൊല്ലപ്പണിക്കാരന്റെ അടുത്തെത്തി. പിറ്റേന്ന് കല്ലടർത്താനുള്ള മൂർച്ച കൂട്ടാൻ മട്ടാസ് നൽകി അയാൾ നേരെ ഞങ്ങളുടെ നാട്ടിലെ ചേനക്കുളത്തിലേക്കുള്ള ഇടവഴിയിലേക്കിറങ്ങി. വിജനമായ ഇടവഴിയിൽ കൂടി കുളത്തിലേക്ക് നടന്നു നീങ്ങുമ്പോളൊക്കെ മൂപ്പരുടെ ശ്രദ്ധ സഞ്ചിയിൽ തന്നെ. 

 

 

സഞ്ചി തുറക്കുന്നത് കാണാൻ ഞാൻ കുളക്കടവിനടുത്തുള്ള ഈന്ത് മരത്തിന്റെ മറവിൽ നിലയുറപ്പിച്ചു. വൈകുന്നേരം വരെ അദ്ധ്വാനിച്ച് ചെമ്മണ്ണിൽ കുതിർന്ന ഉപ്പുതീണ്ടിയ വിയർപ്പൊക്കെ കുളക്കരയിലെ ചാഞ്ഞു കിടക്കുന്ന വാഴയില ചീന്തി ഉരച്ചു വെളുപ്പിക്കുകയാണയാൾ.

 

സോപ്പുപോലും ഉപയോഗിക്കാത്ത പച്ചയായ മനുഷ്യൻ. കല്ലടർത്തി പുറത്തേക്ക് തള്ളിനിൽക്കുന്ന വണ്ണമേറിയ ഞരമ്പുകളിൽ പറ്റിപ്പിടിച്ച ചെമ്മണ്ണൊക്കെ കഠിനാദ്ധ്വാനത്തിന്റെ രക്തയോട്ടം കൊണ്ട് വിണ്ടുകീറിയത് ആ ഉരുക്കു ശരീരത്തിൽ തെളിഞ്ഞു തന്നെ കാണാം. ശരീരത്തിലൊട്ടിയ ചെമ്മണ്ണ് വെള്ളത്തിലലിയുംതോറും ചേനക്കുളവും ചെങ്കൽ തൊഴിലാളിയുടെ മൊഞ്ചിലേക്ക് മാറി. ചെമ്മണ്ണ് പതയുമായി വെള്ളത്തിലേക്കൊന്ന് ഊളിയിട്ട് കരക്ക്‌ കയറിയ ശേഷം സഞ്ചി വീണ്ടും ദിശ മാറ്റി വയ്ക്കുകയാണയാൾ. സഞ്ചിയിലെന്താണെന്നു മനസ്സിലാവാതെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഞാനും ആ മരത്തിനു പിന്നിൽ നിന്നും എത്തിനോക്കുകയാണ്. കുളിക്കുന്നത് ക്വാറി തൊഴിലാളിയാണെങ്കിലും പിറ്റേന്ന് കാലുമുറിയൻ ബെഞ്ചിൽ എന്റെ പേരിൽ കുളിസീൻ ചർച്ചക്കുള്ള സാധ്യതയോർത്ത്  ഇടക്കൊക്കെ എനിക്കും കാഴ്ച മങ്ങുന്നുണ്ട് . പാത്തും പതുങ്ങിയും തിരിഞ്ഞു കളിച്ചതല്ലാതെ സഞ്ചിയിലെ തൊണ്ടിമുതൽ കാണാനാവാതെ അന്നും ഞാൻ നിരാശനായി തിരിച്ചെത്തി. നാട്ടുകാരുടെ സംശയം തള്ളിക്കളയാനാവില്ല. പണിസഞ്ചിയിൽ എന്തോ ഉണ്ട്. 

 

അടുത്തദിവസം സിഐഡിയായി തോർത്തുമെടുത്ത് ഞാനും കുളക്കടവിലെത്തി. തലേ ദിവസം വച്ച സ്ഥാനത്തുനിന്നും തെല്ലും വ്യത്യാസമില്ലാതെ പണിസഞ്ചി താഴ്ത്തിവച്ച് ആശാൻ കുളി തുടങ്ങി. ഒന്നുമറിയാത്ത മട്ടിൽ ഞാൻ ആ സഞ്ചിയുടെ അടുത്തു പോയിരുന്നു. അപ്പോളേക്കും സഞ്ചിയിൽ നിന്നും പൊടുന്നനെയുള്ള ഇരമ്പൽ ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി. ഇരമ്പൽ കേട്ടതും മൂപ്പരുടെ മുഖം കറുത്തു! ആരെയും ഒരു ശല്യവും ചെയ്യാത്ത ആ മനുഷ്യനെ എന്തിനാ ശല്യപ്പെടുത്തുന്നതെന്നുള്ള നോട്ടം കണ്ടപ്പോൾ ഞാൻ സഞ്ചിയിൽ നിന്നും കുറച്ചകലം പാലിച്ചു. ഉടനെ ആ ഇരമ്പുന്ന ശബ്ദത്തിനു നേരിയ മാറ്റം.   

 

കടലിനക്കരെ പോണോരെ....കാണാ പൊന്നിനു പോണോരെ..

 

അപ്പോളേക്കും ആ മുഖത്തൊരു പുഞ്ചിരിപൊടിഞ്ഞു. ഈറമായ കൈ വീണ്ടും സഞ്ചിയിലേക്കിട്ടമർത്തിയപ്പോൾ പണിസഞ്ചി എന്നെ നോക്കി വീണ്ടും പാടി! 

 

മാനസ മയിനേ വരൂ ...!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com